'നുണയന്‍മാരുടെ ഭരണം': മരം മുറിക്കാന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു; തീരുമാനം സുപ്രീം കോടതിയിലും അറിയിച്ചിരുന്നു

 'നുണയന്‍മാരുടെ ഭരണം': മരം മുറിക്കാന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു; തീരുമാനം സുപ്രീം കോടതിയിലും അറിയിച്ചിരുന്നു

കൊച്ചി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി നല്‍കാന്‍ സെപ്റ്റംബര്‍ 17 ന് ചേര്‍ന്ന സെക്രട്ടറി തല യോഗത്തില്‍ തീരുമാനമായിരുന്നതായി കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഒക്ടോബര്‍ 27 ന് സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് കോടതിക്ക് കൈമാറിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് ചില മരങ്ങള്‍ മുറിക്കാനും നിര്‍മ്മാണ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുമുള്ള അനുമതി നല്‍കാനും സെപ്റ്റംബര്‍ 17 ന് ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ തീരുമാനം ആയിരുന്നതായാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. മരം മുറിക്കുന്നതിന് അനുമതി നല്‍കാന്‍ കൃത്യമായ ഫോര്‍മാറ്റില്‍ അപേക്ഷ നല്‍കാന്‍ തമിഴ്‌നാടിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട് ഇതുവരെയും അപ്രകാരം അപേക്ഷ നല്‍കിയിട്ടില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മരം മുറിയുമായി ബന്ധപ്പെട്ട് അനുമതി നല്‍കിയിട്ടില്ലെന്ന വാദത്തില്‍ സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും ഉറച്ചു നില്‍ക്കുമ്പോഴാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതിന്റെ രേഖകള്‍ പുറത്തു വന്നിരിക്കുന്നത്.

മരങ്ങള്‍ മുറിക്കാന്‍ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. സെപ്റ്റംബര്‍ 17ന് കേരളവും തമിഴ്നാടും തമ്മില്‍ ചേര്‍ന്ന യോഗത്തില്‍ മരം മുറിക്കാന്‍ തീരുമാനിച്ചിട്ടില്ല. വിഷയം പരിഗണനയിലാണെന്നാണ് പറഞ്ഞത്. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്നും മന്ത്രി ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന രേഖകളില്‍ സെപ്റ്റംബര്‍ 17ന് ചേര്‍ന്ന യോഗത്തില്‍ തന്നെ തമിഴ്‌നാടിന് മരം മുറിക്കാനുള്ള അനുമതി നല്‍കിയിരുന്നു എന്നാണ് വ്യക്തമാക്കുന്നത്.

മരംമുറി ഉത്തരവിറങ്ങിയത് കേരളവും തമിഴ്‌നാടും ചേര്‍ന്ന് നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ നേരത്തെ പുറത്തു വന്നിരുന്നു. തമിഴ്‌നാടിന് ടി.കെ.ജോസ് നല്‍കിയ മിനിട്‌സിലായിരുന്നു മരംമുറിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്ന് വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് ഇപ്പോള്‍ ബോധ്യമാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.