വിവാദ പരാമര്‍ശം: നടി കങ്കണയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; പത്മശ്രീ തിരിച്ചുവാങ്ങണമെന്ന് നേതാക്കള്‍

വിവാദ പരാമര്‍ശം: നടി കങ്കണയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; പത്മശ്രീ തിരിച്ചുവാങ്ങണമെന്ന് നേതാക്കള്‍

ന്യൂഡല്‍ഹി: നടി കങ്കണയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. കങ്കണയെ അറസ്റ്റ് ചെയ്യണമെന്നും പത്മശ്രീ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 2014ല്‍ നരേന്ദ്രമോഡി പ്രധാനമന്ത്രി ആയപ്പോഴാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും 1947ല്‍ കിട്ടിയ സ്വാതന്ത്ര്യം ഭിക്ഷയായിരുന്നു എന്നാണ് കങ്കണ ഒരു സ്വകാര്യ ചാനലിലൂടെ പറഞ്ഞത്. തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ, ബിജെപി നേതാവ് വരുണ്‍ ഗാന്ധി, ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ എന്നിവര്‍ കങ്കണയ്ക്കെതിരെ രംഗത്തെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ടാഗ് ചെയ്തായിരുന്നു നേതാക്കളുടെ ട്വീറ്റ്.

രാജ്യദ്രോഹമെന്നാണ് കങ്കണയുടെ പ്രസ്താവനയെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. പത്മ പുരസ്‌കാരം തിരികെ വാങ്ങണമെന്നും സിവിലിയന്‍ പുരസ്‌കാരം നല്‍കുന്നതിന് മുന്‍പ് കങ്കണയുടെ മാനസികനില പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു. രാജ്യത്തെയും മഹാന്‍മാരെയും അവമതിക്കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കുന്നത് തടയണമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയ രക്തസാക്ഷികളെ അപമാനിക്കുന്നതാണ് നടിയുടെ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മയക്കു മരുന്ന് ഉപയോഗിച്ച ശേഷമാണ് കങ്കണ പ്രസ്താവന നടത്തിയതെന്നായിരുന്നു മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ ആരോപണം. കങ്കണയുടെ പ്രസ്താവനയെ അപലപിക്കുന്നു. സ്വാതന്ത്ര്യ സമര പോരാളികളെ അവര്‍ അപമാനിച്ചു. അവരില്‍ നിന്ന് പത്മ പുരസ്‌കാരം തിരിച്ചുവാങ്ങി അറസ്റ്റ് ചെയ്യണമെന്നും നവാബ് മാലിക് ആവശ്യപ്പെട്ടു. കങ്കണയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടു.

കങ്കണയ്‌ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂറിന്റെ ട്വീറ്റ്. ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകന്‍ എന്ന നിലയില്‍ കങ്കണയുടെ വാക്കുകള്‍ അവര്‍ക്ക് നേരെയുള്ള അപമാനമായിട്ട് താന്‍ കരുതുന്നത്. കങ്കണയുടെ പരാമര്‍ശം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയിലൂടെ പ്രവീണയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.