മോസ്‌കോ:വിശ്വ സാഹിത്യകാരന്‍ ദസ്തയേവ്‌സ്‌കിയുടെ 200-ാം ജന്മദിനം ആഘോഷിച്ച് റഷ്യ. മഹാ രചയിതാവിന്റെ ജീവിതത്തിനും കൃതികള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ദസ്തയേവ്സ്‌കി മോസ്‌കോ ഹൗസ് മ്യൂസിയം സെന്റര്‍ നവീകരിച്ച ശേഷം രാജ്യത്തിനായി തുറന്നുകൊടുത്ത ചടങ്ങില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സംബന്ധിച്ചു.
സാംസ്‌കാരിക മന്ത്രി ഓള്‍ഗ ല്യൂബിമോവയും പ്രസിഡന്റ് പുടിന്റെ മോസ്‌കോ ഹൗസ് മ്യൂസിയം സെന്റര്‍ സന്ദര്‍ശന വേളയില്‍ സന്നിഹിതയായിരുന്നു.സ്മാരകത്തിന്റെ എല്ലാ ഭാഗങ്ങളും രാഷ്ട്രത്തലവന്‍ ചുറ്റി നടന്നു കണ്ടു.മ്യൂസിയത്തിലെ പര്യടനത്തിന് ശേഷം, പുടിന്‍ റഷ്യന്‍ സാഹിത്യകാരന്മാരുമായും ദസ്തയേവ്‌സ്‌കിയുടെ കൃതികളെക്കുറിച്ചു പ്രത്യേക പഠനം നടത്തിയിട്ടുള്ളവരുടെ സംഘവുമായും കൂടിക്കാഴ്ച നടത്തി.
ദസ്തയേവ്‌സ്‌കിയുടെ കുടുംബം 1837 വരെ താമസിച്ച വീടാണ് മോസ്‌കോ ഹൗസ് മ്യൂസിയം സെന്റര്‍. 1928-ല്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഫിയോദോര്‍ ദസ്തയേവ്‌സ്‌കി അപ്പാര്‍ട്ട്‌മെന്റ് മ്യൂസിയം തുറന്നു.രണ്ടാമത്തെ നിലയില്‍ എഴുത്തുകാരന്റെ പ്രധാന നോവലുകളുടെ സചിത്ര വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മൂന്നാം നില ദസ്തയേവ്‌സ്‌കിയുടെ കൃതികളോടുള്ള വായനക്കാരുടെ പ്രതികരണങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു.മനുഷ്യമനസ്സ് എത്രമാത്രം സങ്കീര്‍ണമാണെന്ന് ആഴത്തില്‍ തിരിച്ചറിയുകയും അതേ സങ്കീര്‍ണതയോടെ തന്റെ കഥാപാത്രങ്ങളില്‍ സന്നിവേശിപ്പിക്കുകയും ചെയ്ത എഴുത്തുകാരന്റെ പ്രതിഭയും നൈപുണ്യവും ചിന്താ ശൈലങ്ങളും അനാവരണം ചെയ്യുന്ന അതിവിപുലമായ മള്‍ട്ടിമീഡിയ ഇന്‍സ്റ്റലേഷനുകളും പുതുതായി സൃഷ്ടിച്ചിട്ടുണ്ട്.
എഴുത്തില്‍ ദസ്തയേവ്‌സ്‌കി സഞ്ചരിച്ച ദൂരം അളന്നു തീര്‍ക്കാനാകില്ലെന്നതിനു തെളിവു നല്‍കുന്നു മോസ്‌കോ ഹൗസ് മ്യൂസിയം സെന്റര്‍.ക്രിസ്തുവിന്റെ പീഡകളോടു താദാത്മ്യം പ്രാപിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹമെന്നതും ഇവിടെ വ്യക്തം. ക്രിസ്തുവിനെ മനസിലാക്കാതെ ദസ്തയേവ്‌സ്‌കിയെ മനസിലാക്കാനാകില്ല. ഒരു വളയത്തിലും ഒതുങ്ങാത്ത മനുഷ്യനും എഴുത്തുകാരനുമായിരുന്നു ദസ്തയേവ്‌സ്‌കി. പ്രകൃതി തന്നെ അദ്ദേഹത്തെ അതിസങ്കീര്‍ണമായി സൃഷ്ടിച്ചു. പരുക്കന്‍ ജീവിത സാഹചര്യങ്ങളില്‍ അസാമാന്യ പ്രതിഭയായി പരുവപ്പെടുകയും ചെയ്തു.
1821 നവംബര്‍ 11 നു ജനിച്ച് 1881 ഫെബ്രുവരി 9 നു മരിച്ച ദസ്തയേവ്സ്‌കി എഴുത്തിന്റെ ലോകത്തെ പ്രകാശഗോപുരമാണെന്നു വിശേഷിപ്പിക്കപ്പെടുന്നു. മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേക്ക് ആവാഹിച്ചു അദ്ദേഹം. 19, 20 നൂറ്റാണ്ടുകളിലെ റഷ്യന്‍ സമൂഹത്തിന്റെ സാംസ്‌കാരിക, രാഷ്ട്രീയ സ്വാധീനം ഇദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകതയാണ്. കുറ്റവും ശിക്ഷയും, കരമസോവ് സഹോദരന്മാര്‍, ചൂതാട്ടക്കാരന്‍, ഭൂതാവിഷ്ടര്‍, വിഡ്ഢി, വൈറ്റ് നൈറ്റ്‌സ് തുടങ്ങിയവയാണ് പ്രധാന രചനകള്‍. മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട് ഇവയെല്ലാം.
ദസ്തയേവ്സ്‌കിയുടെ ജീവിതത്തെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരന്‍ രചിച്ച നോവലാണ് 'ഒരു സങ്കീര്‍ത്തനം പോലെ'. അന്നയുമായുള്ള ദസ്തയേവ്സ്‌കിയുടെ പ്രേമജീവിതവും ചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ രചനാവേളയില്‍ അരങ്ങേറുന്ന മറ്റ് സംഭവങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. വയലാര്‍ അവാര്‍ഡ് അടക്കമുള്ള ഒട്ടനേകം പുരസ്‌കാരങ്ങള്‍ നേടിയ ഈ കൃതിയുടെ നിരവധി പതിപ്പുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.