വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് നികുതി: ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് നികുതി:  ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യുഡല്‍ഹി: സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് സ്രോതസില്‍ നിന്നുള്ള വരുമാന നികുതി (ടി.ഡി.എസ്) പിരിക്കാമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ്മാരായ യു.യു.ലളിത്, രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.

ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടി.ഡി.എസ് പിടിക്കുന്നതില്‍ ഇളവ് അനുവദിക്കാനാകില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ റോമി ചാക്കോ ഹാജരായി.

കന്യാസ്ത്രീകള്‍, പുരോഹിതര്‍, സന്ന്യാസികള്‍ എന്നിവരുടെ ശമ്പളത്തില്‍ നിന്ന് നികുതി പിടിക്കാന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കന്യാസ്ത്രീകളും പുരോഹിതരും അവര്‍ പ്രതിനിധാനം ചെയ്യുന്ന സഭകളുടെ ഭാഗമാണെന്നും അവര്‍ക്ക് കിട്ടുന്ന വേതനം വ്യക്തികള്‍ക്ക് കിട്ടുന്ന വേതനമായി കണക്കാക്കാനാവില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വിധിക്ക് എതിരായ അപ്പീലുകളും സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്. രണ്ട് അപ്പീലുകളും ഒരുമിച്ച് കേള്‍ക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

2014 മുതലാണ് സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകരായ പുരോഹിതന്മാരുടെയും കന്യാസ്ത്രീമാരുടെയും ശമ്പളത്തില്‍നിന്ന് ടി.ഡി.എസ് പിടിച്ചു തുടങ്ങിയത്. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന സന്ന്യാസികളെയും പുരോഹിതരെയും നികുതിയില്‍ നിന്ന് 1944 മുതല്‍ ആദായ നികുതി വകുപ്പ് ഒഴിവാക്കിയിരുന്നു. സര്‍ക്കാര്‍ശമ്പളം പറ്റുന്ന വൈദികരെയും കന്യാസ്ത്രീകളെയും സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കണമെന്നാന്നാണ് സര്‍ക്കാര്‍ നിലപാട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.