തണുപ്പ് പുതപ്പു പോലെ പൊതിഞ്ഞ വയനാടിന്റെ മണ്ണിലേക്ക് ചുരം താണ്ടിയൊരു യാത്ര

തണുപ്പ് പുതപ്പു പോലെ പൊതിഞ്ഞ വയനാടിന്റെ മണ്ണിലേക്ക് ചുരം താണ്ടിയൊരു യാത്ര

വയനാടിന്റെ മണ്ണിലേക്ക് ചുരം താണ്ടി കാലെടുത്തു വയ്ക്കുന്ന വിനോദസഞ്ചാരികളെ തണുപ്പ് പുതപ്പു പോലെ പൊതിയും. കൂടെ പ്രകൃതിയ്ക്ക് കാപ്പിപൂവിന്റെ വാസനയും. കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന ജില്ലകളിലൊന്നാണ് വയനാട്.

കാഴ്ചകൾ ധാരാളമുള്ളതു കൊണ്ടുതന്നെ മുഷിപ്പിന്റെ ചെറു ലാഞ്ചന പോലും എത്തിനോക്കാതെ സമയം ചെലവഴിക്കാമെന്നതു തന്നെയാണ് സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്നത്. തണുപ്പും കോടമഞ്ഞും കലരുന്ന കാലാവസ്ഥ അനുഭവിച്ചറിയുക എന്നതു തന്നെ സുഖകരമായ ഒരനുഭൂതിയാണ്.


വൈത്തിരിയിൽ നിന്നും അധികം ദൂരെയല്ലാതെ എട്ട് കിലോമീറ്റർ മാത്രം മാറിയാണ് കർലാട് തടാകം സ്ഥിതി ചെയ്യുന്നത്. ഇവിടെത്തുന്ന സന്ദർശകർക്കു തടാകത്തിൽ ബോട്ട് യാത്ര നടത്തുകയും  ചൂണ്ടയിടുകയും ചെയ്യാം. കൂടാതെ, ചെറുമഴ നനഞ്ഞു പ്രകൃതിയോട് ചേർന്ന് ഒരു നടത്തത്തിനു താല്പര്യമുണ്ടെങ്കിൽ അതിനുള്ള സൗകര്യവുമുണ്ട്. 

വൈത്തിരിയിൽ നിന്നും അഞ്ചു കിലോമീറ്റർ  ദൂരം മാത്രമേയുള്ളൂ ലക്കിടിയിലേക്ക്. മിക്കപ്പോഴും നൂൽമഴയിൽ നനഞ്ഞു നിൽക്കുന്ന ലക്കിടി എന്ന സുന്ദരിയെ ഒരിക്കലൊന്നു അടുത്തറിഞ്ഞാൽ ഏത് സഞ്ചാരിയും മനംമറന്ന് പ്രണയിച്ചു പോകും. മലനിരകളും വനവും ചെറു അരുവികളുമൊക്കെയുള്ള ലക്കിടി സന്ദർശകരുടെ മനസുനിറയ്ക്കുന്ന കാഴ്ചകളൊളിപ്പിച്ചിട്ടുള്ള ഒരിടമാണ്. സമുദ്ര നിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ അതീവ സുഖകരമായ കാലാവസ്ഥയും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

വയനാട്ടിലെ വളരെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൂക്കോട് തടാകം വൈത്തിരിയിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. സന്ദർശകർക്കായി കയാക്കിങ്, പെഡൽ ബോട്ടിങ്, ശുദ്ധജല അക്വാറിയം, കുട്ടികൾക്കായി പാർക്ക്, വഞ്ചി തുഴയൽ തുടങ്ങിയ വിനോദങ്ങളെല്ലാം അധികൃതർ ഇവിടെ ഒരുക്കിയിട്ടുണ്ട്.  തടാകത്തിനു ചുറ്റുമുള്ള നടപ്പാതയും ഏറെ ആകർഷകരമാണ്. പതിമൂന്ന് ഏക്കറാണ് പൂക്കോട് തടാകത്തിന്റെ വിസ്തീർണ്ണം, 2100 അടി ഉയരത്തിലായാണ് സ്ഥിതി ചെയ്യുന്നത്. നീല നിറത്തിൽ നിൽക്കുന്ന ആമ്പൽ പൂക്കൾ തടാകത്തിന്റെ ശോഭ കൂട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.