വഴികാട്ടികൾ, വിജയശില്പികൾ

വഴികാട്ടികൾ, വിജയശില്പികൾ

അടുത്തകാലത്ത് ശ്രദ്ധയിൽപ്പെട്ട ഒരു വിചിന്തനത്തിൽ നിന്ന് തുടങ്ങാം. " ഒരു ക്ലോക്കിൽ മൂന്നു സൂചികൾ ഉണ്ട്; അതിലൊന്ന് സെക്കൻ്റ് സൂചി എന്ന പേരിൽ പ്രസിദ്ധം. ഈ സൂചി അതിൻ്റെ അസ്ഥിത്വം നിലനിർത്തുന്നുണ്ടെങ്കിലും ആരും അതിൻ്റെ പേര് പരാമർശിക്കാറില്ല. എല്ലാവരും 10 മണി 15 മിനിട്ട് എന്നേ പറയാറുള്ളൂ. 10 മണി 15 മിനിട്ട് 4 സെക്കൻ്റ് എന്നാരും പറയാറില്ല. പക്ഷേ ഈ സൂചികളേക്കാൾ അദ്ധ്വാനിക്കുന്നതും രണ്ടിനേയും മുന്നോട്ട് നീങ്ങാൻ സഹായിക്കുന്നതും സെക്കൻ്റ് സൂചിയാണ്. നമ്മുടെ ജീവിതത്തിലും സെക്കൻ്റ് സൂചിപോലെ ചിലരുണ്ടാവും. അവർ എവിടെയും പരാമർശിക്കപ്പെടാറില്ല. പക്ഷേ അവരുടെ പരിശ്രമമായിരിക്കും നമ്മെ മുന്നോട്ട് നയിക്കുന്നത് " പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന, കണ്ണുതുറപ്പിക്കേണ്ട ഒരു ചിന്തയാണിത്.

ജീവിതത്തിലെ കയ്പ്പേറിയ പ്രതിസന്ധികളിൽ നമുക്കോരോരുത്തർക്കും കരുത്തു പകർന്നുതന്ന, പ്രചോദനമായ ഒരുപാടു വ്യക്തിത്വങ്ങൾ ഉണ്ട്. അവരുടെ സാമീപ്യവും, തണലുമാണു നമ്മുടെ വളർച്ചയിൽ നിർണ്ണായകമായത് എന്ന സത്യം വിസ്മരിക്കപ്പെടാറുണ്ട്. അവർ നമ്മുടെ മനസ്സിലേക്കു ആവഹിച്ച ആത്മവിശ്വാസത്തിൻ്റെ നെരിപ്പോടിലാണു ഞാനും നിങ്ങളുമെല്ലാം ചിറകു വിരിച്ചത് എന്ന തിരിച്ചറിവ് എന്നുമുണ്ടാവണം. എത്ര വളർന്നാലും, ഉയരങ്ങൾ കീഴടക്കിയാലും അവരുടെ ഹൃദയവിശാലതക്കു മുന്നിൽ നമ്മൾ എന്നും ശൂന്യവത്ക്കരിക്കപ്പെടുന്നു . നമുക്കു സാന്ത്വനമാകുവാൻ, വഴിവിളക്കാകുവാൻ, സങ്കടങ്ങൾ പങ്കുവക്കുവാൻ അവരില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്നു നാം തീർത്തും അപ്രസക്തരായേനെ, കാലം നമ്മെ മായിച്ചുകളഞ്ഞേനെ. അമിതഭ്രമമില്ലാത്ത അവരുടെ മനസ്സിൻ്റെ നന്മയാണു ഇന്നത്തെ ഞാനെന്ന മനോഭാവം നമുക്കു മിഴിവേകണം.

സഹോദരങ്ങളെ ഓർക്കുക, സംയമനത്തോടെ സാഹചര്യങ്ങളെ സമീപിക്കാൻ നമ്മെ പ്രാപ്തരാക്കിയതു അവരുടെ സാമീപ്യവും തണലുമാണ്. അവരുടെ വിലയേറിയ സമയം നമുക്കായി മാറ്റിവയ്ക്കപ്പെട്ടതുകൊണ്ടാണു നമ്മുടെ സ്വപ്നങ്ങൾക്കുചിറകു മുളച്ചത് എന്ന ബോധ്യം മനസ്സിൽ മാറയാതെ നിൽക്കണം. അത്തരം ഹൃദയവിശാലതയുള്ള ഒരു കൂട്ടം നന്മമനസ്സുകളുടെ ഇടപെടലുകളാണു നമ്മെ തളർച്ചയിൽ താങ്ങി നിർത്തിയത് എന്ന ഉൾക്കാഴ്ച ഉണർവേകണം.
ഒരിക്കലും നാം വളർന്ന വഴികളേയും, താണ്ടിയ പടവുകളേയും, വഴികാട്ടിയ വ്യക്തികളേയും മനസ്സിൻ്റെ കോണിൽ നിന്നും പറിച്ചു മാറ്റരുത്, മറിച്ചു അവർ പങ്കുവച്ച പുണ്യങ്ങളുടെ തനിമ സമൂഹത്തിലേക്കു പകരുവാനുള്ള ഭാരിച്ച ഉത്തരവാദിത്വം നമ്മിൽ നിക്ഷിപ്തമാണെന്നുള്ള ഉത്തമബോധ്യം നമ്മെ നയിക്കണം. മറ്റുള്ളവരുടെ മനസ്സിൽ മിന്നാമിനുങ്ങായി പ്രകാശത്തിൻ്റെ സ്ഫുരണം പകരാൻ പരിശ്രമിക്കാം.

സാധ്യമായ നന്മകൾ അതു അർഹിക്കുന്നവനു നിഷേധിക്കരുത് എന്ന വലിയ സന്ദേശമാണ് ഈ നന്മമരങ്ങൾ നമ്മോട് പറയാതെ പറയുന്നത്‌. നിങ്ങളുടെ ഹൃദയവിശാലതക്കു മുന്നിൽ, മനസ്സിൻ്റെ മഹിമക്കു മുന്നിൽ ഞങ്ങൾ ആദരവോടെ കൈകൾ കൂപ്പുന്നു ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.