സംസ്ഥാനത്ത് പെരുമഴ: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, എട്ട് ജില്ലകളില്‍ ഓറഞ്ച്; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് പെരുമഴ:  മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, എട്ട് ജില്ലകളില്‍ ഓറഞ്ച്; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്താകെ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തുടരുന്നു.

എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ എട്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പാലക്കാട്, മലപ്പറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്ര മഴയുടെ പശ്ചാതലത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും കളക്ടര്‍മാരും പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. തമിഴ്‌നാടിന് മുകളിലും അറബിക്കടലിലുമായുള്ള ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ പടിഞ്ഞാറന്‍ കാറ്റ് സജീവമാകുന്നതാണ് നിലവില്‍ മഴ ശക്തമാകുന്നതിന് കാരണം.

അടുത്ത മണിക്കൂറുകളില്‍ വടക്കന്‍ മേഖലകളിലേക്ക് കാറ്റ് വ്യാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ കനത്ത മഴ ലഭിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രത തുടരണം. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.

മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരാനാണ് സാധ്യത. നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി പലയിടത്തും ഒറ്റപ്പെട്ട അതിശക്തമായ മഴയും കാറ്റും ഉണ്ടായേക്കും. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്തമാന്‍ കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം നാളെയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. തുടര്‍ന്ന് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയും വീണ്ടും ശക്തി പ്രാപിച്ച് വ്യാഴാഴ്ചയോടെ ആന്ധ്രാപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാനുമാണ് സാധ്യതയെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

അതേസമയം മഴക്കെടുതി നേരിടാന്‍ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നഗരത്തിലെ മഴക്കെടുതികള്‍ ഫലപ്രദമായി നേരിടുന്നതിനും പൊതുജനങ്ങളെ സഹായിക്കുന്നതിനുമായി തിരുവനന്തപുരം ജില്ല അഗ്‌നിരക്ഷാ നിലയത്തിലാണ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുള്ളത്.

അടിയന്തര സാഹചര്യങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂമിന്റെ സേവനം ആവശ്യമുള്ളവര്‍ 101, 0471 2333101 എന്നി നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.