മഴ ; ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം; തൃശൂരില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വിലക്ക്

മഴ ; ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം; തൃശൂരില്‍ ടൂറിസ്റ്റ്  കേന്ദ്രങ്ങളില്‍ വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനമേര്‍പ്പെടുത്തി. ജില്ലയില്‍ തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാരം, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം തുടരും.

എറണാകുളത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ച് ഉത്തരവിറക്കി. മണ്ണെടുക്കല്‍ ഉള്‍പ്പെടെയുള്ള മറ്റ് ഖനന പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കും. മഴ ശക്തമായതിനാലാണ് നടപടി.

തൃശൂര്‍ ജില്ലയിലെ തീരദേശ മേഖലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ജില്ലയിലെ അതിരപ്പിള്ളി ഉൾപ്പെടെ ടൂറിസം കേന്ദ്രങ്ങളിൽ രണ്ട് ദിവസത്തേക്ക് സന്ദർശന വിലക്കേർപ്പെടുത്തി. ബീച്ചുകളിലും പുഴയോരങ്ങളിലും സന്ദര്‍ശകരെ അനുവദിക്കില്ല. മലയോര പ്രദേശങ്ങളിലൂടെ ഇന്നും നാളെയും രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴു മണി വരെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. ക്വാറി പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കണ്ണൂർ ഇരിക്കൂറിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. അതേസമയം നാളെ ആലപ്പുഴ ജില്ലയിൽ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കം മൂലം ദുരിതത്തിലാണെന്നും വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ പറഞ്ഞു.

സംസ്ഥാനത്ത് 589 ദുരിതാശ്വാസ ക്യാമ്പുകളിലായി 1947 പേരാണ് കഴിയുന്നത്. വെള്ളക്കെട്ട് രൂക്ഷമായ കുട്ടനാട് താലൂക്കില്‍ 50 ഗ്രുവല്‍ സെന്ററുകള്‍ സ്ഥാപിച്ചു. കൈനകരി വടക്ക്, തെക്ക് വില്ലേജുകളിലാണ് ഗ്രുവല്‍ സെന്ററുകള്‍ സ്ഥാപിച്ചത്. 1131 കുടുംബങ്ങളിലെ 4564 പേരാണ് ഗ്രുവല്‍ സെന്ററുകളില്‍ കഴിയുന്നത്. എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.