2021 റെക്കോര്‍ഡ് മഴ വര്‍ഷം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നു മുതല്‍ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റര്‍ മഴ

2021 റെക്കോര്‍ഡ് മഴ വര്‍ഷം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നു മുതല്‍ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റര്‍ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴ സര്‍വകാല റെക്കോര്‍ഡ് മറി കടന്നുവെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 15വരെ കേരളത്തില്‍ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റര്‍ മഴ. 2010ല്‍ ലഭിച്ച 822.9 മില്ലി മീറ്റര്‍ മഴയാണ് ഇതുവരെയുള്ള സര്‍വകാല റെക്കോര്‍ഡ്.
92 ദിവസം നീണ്ടു നില്‍ക്കുന്ന തുലാവര്‍ഷത്തില്‍ 45 ദിവസം കൊണ്ടു തന്നെ ഇത്തവണ സര്‍വകാല റെക്കോര്‍ഡ് മറി കടന്നു. ഇതോടെ 2021 റെക്കോര്‍ഡ് മഴ വര്‍ഷമായി. തുലാ വര്‍ഷ സീസണില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 492 മില്ലി മീറ്റര്‍ മഴയാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ റെക്കോര്‍ഡ് പ്രകാരം തുലാ വര്‍ഷ മഴ 800 മില്ലി മീറ്റര്‍ കൂടുതല്‍ ലഭിച്ചത് ഇതിന് മുന്‍പ് രണ്ട് തവണ മാത്രമാണ്. 2010ല്‍ 822.9 മില്ലി മീറ്റര്‍ മഴയും 1977ല്‍ 809.1 മില്ലി മീറ്റര്‍ മഴയും ലഭിച്ചിരുന്നു. സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദ്ദേശവും ഉണ്ട്. എറണാകുളം ഇടുക്കി തൃശൂര്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.ഇടി മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് തുടരുന്ന മൂന്ന് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്ക് പുറമെ ഇന്ന് നാല് ടീമുകള്‍ കൂടിയെത്തും.കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ബുധനാഴ്ച്ചയോടെ മധ്യ കിഴക്കന്‍ അറബികടലില്‍ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നുമാണ് കേന്ദ്ര കാലാവസ്ഥ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.