വൈദികരുടെ പരസ്യമായുള്ള അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക് കാരണമാകുന്നു-സീറോ മലബാർ മീഡിയ കമ്മീഷൻ

വൈദികരുടെ പരസ്യമായുള്ള  അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക് കാരണമാകുന്നു-സീറോ മലബാർ മീഡിയ കമ്മീഷൻ

കൊച്ചി :സീറോ മലബാർ  സഭയിലെ വിമത വൈദീകർ  ഏകീകൃത കുർബ്ബാന അർപ്പണത്തിനെതിരെ  നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ അതിരു കടക്കുന്നതായും വിശ്വാസികൾക്ക് ഇടർച്ച ഉളവാക്കുന്നതായും  ചൂണ്ടികാണിച്ചുകൊണ്ട്  സീറോമലബാർ സഭാ മീഡിയ കമ്മീഷൻ പത്രക്കുറിപ്പ് ഇറക്കി. 

കുറിപ്പിന്റെ പൂർണ്ണരൂപം :

സീറോമലബാർ സഭയിലെ വിശുദ്ധ കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച് സഭാ സിനഡിന്റെ തീരുമാനം സഭയിലെ ബഹുഭൂരിപക്ഷം വൈദികരും അല്മായ വിശ്വാസികളും സർവ്വാത്മനാ സ്വാഗതം ചെയ്തത് ഏറെ മാതൃകാപരമാണ്. പതിനായിരത്തോളം വൈദികരും അമ്പതുലക്ഷത്തിൽപരം വിശ്വാസികളുമുള്ള സീറോമലബാർസഭ കത്തോലിക്കാ കൂട്ടായ്മയിലെ ഏറ്റവും ശക്തമായ പൗരസ്ത്യ സഭാസമൂഹമാണ്. എന്നാൽ, സഭയുടെ മഹത്തായ പാരമ്പര്യത്തിനും മാതൃകാപരമായ അച്ചടക്കത്തിനും വിരുദ്ധമായ ചില പ്രവണതകൾ അടുത്തകാലത്ത് ശക്തിപ്പെടുന്നത് അപലപനീയമാണ്. സഭയിലെ പകുതിയിലധികം പ്രദേശങ്ങളിലും ഇതിനോടകം നിലവിൽ വന്നുകഴിഞ്ഞ ബലിയർപ്പണരീതിയെക്കുറിച്ചാണ് പുകമറ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നത്. ഏതാനും വൈദികരും അവരുടെ വക്താക്കളായ ചില അല്മായരും ചേർന്ന് ‌ഈ ദിവസങ്ങളിൽ സഭയുടെ ആസ്ഥാന കാര്യാലയത്തിനുമുന്നിൽ നടത്തിയ സമരപ്രകടനങ്ങൾക്കെതിരെ വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധം രൂപപ്പെട്ടു തുടങ്ങിയ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്.

വി. കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച് സിനഡിന്റെ തീരുമാനത്തോട് വിയോജിപ്പുള്ളവർക്ക് സഭാനിയമം അനുവദിക്കുന്ന മാർഗ്ഗങ്ങളിലൂടെ പൗരസ്ത്യ തിരുസംഘത്തെയും പരിശുദ്ധ പിതാവിനേയും സമീപിക്കാവുന്നതാണ്. ഇപ്രകാരം നൽകപ്പെട്ട നിവേദനങ്ങളിൽ അന്തിമ തീർപ്പുവരുന്നതിനുമുമ്പേ സമരവുമായി ഇറങ്ങിയവർ കത്തോലിക്കാ പൗരോഹിത്യത്തെയും വിശ്വാസത്തെയും പൊതു സമൂഹത്തിൽ അപഹാസ്യരാക്കാൻ ശ്രമിക്കുകയായിരുന്നു.

സിനഡു തീരുമാനത്തിന് നാൾതോറും പിന്തുണ വർദ്ധിച്ചുവരുന്നതിലെ രോഷമായിരിക്കാം ഇത്ര വലിയ അച്ചടക്കലംഘനത്തിനു ചിലരെ പ്രേരിപ്പിച്ചത്. പൂർണ്ണമായും ജനാഭിമുഖ കുർബാനയർപ്പണരീതിയോട് മനസ്സുകൊണ്ട് അടുപ്പം സൂക്ഷിച്ചിരുന്നവരെപ്പോലും മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പ്രകടനങ്ങളാണ് സമീപകാലത്തു നടന്നത്.

വൈദികരുടെ പരസ്യമായുള്ള ഇത്തരം അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക് കാരണമാകുന്നു. ഈ സാഹചര്യത്തിൽ എല്ലാവരും സംയമനത്തോടെ പ്രതികരിക്കാൻ ശ്രദ്ധിക്കണം. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന മാധ്യമങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങളെക്കുറിച്ചും നാം അവബോധമുള്ളവരാകണം. വർഷങ്ങളായി ശീലിച്ച ചില ക്രമങ്ങളിൽ മാറ്റം വരുന്നതിനെ ഉൾക്കൊള്ളാനുള്ള വൈമുഖ്യത്തെ അനുഭാവപൂർണ്ണമായി മനസ്സിലാക്കാനാകും. എന്നാൽ നൂറ്റാണ്ടുകൾകൊണ്ട് കൈവരിച്ച പൗരോഹിത്യമൂല്യങ്ങളെയും സഭാക്കൂട്ടായ്മയെയും വിസ്മരിച്ച് ചില നിക്ഷിപ്ത താല്പര്യക്കാർ നടത്തുന്ന വ്യാജപ്രചാരണങ്ങളിൽ വീഴാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. വിശുദ്ധ കുർബാനയർപ്പണരീതിയിലെ ഏകീകരണത്തെ വിശ്വാസികൾ സ്വാഗതം ചെയ്യുന്നു എന്നു മനസ്സിലാക്കിയതോടെ പ്രകോപനപരമായ വലിയ വ്യാജപ്രചാരണങ്ങൾ ചില കോണുകളിൽ നിന്ന് ഉണ്ടായി. തിരുസ്വരൂപങ്ങൾ മാറ്റുന്നു, ജപമാലയും കുരിശിന്റെ വഴിയും നിർത്തലാക്കുന്നു, അൾത്താരകൾ പൊളിച്ചുപണിയുന്നു, ക്രൂശിതരൂപം ഒഴിവാക്കുന്നു തുടങ്ങിയ അടിസ്ഥാനരഹിതമായ പ്രചാരണങ്ങളും വിലപ്പോകാതെ വന്നതും ഈ പ്രതികരണത്തിന് കാരണമായിട്ടുണ്ടാകാം.
നവംബർ 28 മുതൽ ഏകീകൃതരീതിയിലുള്ള ബലിയർപ്പണത്തിന്റെ സാക്ഷ്യങ്ങളായി നമ്മുടെ ദൈവാലയങ്ങൾ മാറാൻ നമുക്ക് തീക്ഷ്ണമായി പ്രാർത്ഥിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.