തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ മഴ രാത്രിയിലും തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ അഞ്ചു മരണം റിപ്പോര്‍ട്ട് ചെയ്തു. വിവിധ ജില്ലകളിലായി 151 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കേരള, എംജി സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
അറബിക്കടലിലെ ചക്രവാതച്ചുഴിയും അനുബന്ധ ന്യൂനമര്‍ദ്ദ പാത്തിയുമാണ് നിലവില്‍ മഴ കിട്ടാന്‍ കാരണം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം വ്യാഴാഴ്ചയോടെ തമിഴ്‌നാട് ആന്ധ്രാ തീരത്ത് പ്രവേശിക്കും. ബുധനാഴ്ചയോടെ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.
ശമിക്കാത്ത മഴയില്‍ കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ കുട്ടനാട്ടില്‍ മാത്രം 5168 ഹെക്ടര്‍ കൃഷി നശിച്ചു എന്നാണ് പ്രാഥമിക കണക്ക്. കേന്ദ്ര സഹായം തേടുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലയില്‍ 34 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
മഴയും ശേഷമുണ്ടാകുന്ന പരിഹാരമില്ലാത്ത വെള്ളക്കെട്ടും വലിയ പ്രതിസന്ധിയാണ് കുട്ടനാട്ടില്‍ ഉണ്ടാക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ മിക്ക വീടുകളും വെള്ളത്തിലാണ്. പലയിടത്തും കൃഷി നശിച്ചു. വീടുകളില്‍ കിടക്കാന്‍ ആവാത്തതിനാല്‍ പലരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോവുകയാണ്. ആകെ 34 ക്യാമ്പുകളിലായി 980 പേരാണ് ഉള്ളത്.
കുട്ടനാട് താലൂക്കിന് പുറമേ മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലും ജാഗ്രതാ മുന്നറിയിപ്പുണ്ട്. ഇവിടെ 26 ക്യാമ്പുകളിലായി 696 പേരാണ് ഉള്ളത്. കല്ലടയാറ്റിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കൊല്ലം മണ്‍റോ തുരുത്ത് ദ്വീപ് വെള്ളത്തിലായി. അഞ്ഞൂറിലേറെ വീടുകളിലാണ് മണ്‍റോതുരുത്തില്‍ വെള്ളം കയറിയത്. കഴിഞ്ഞ രാത്രി ചെയ്ത മഴയ്‌ക്കൊപ്പം പരപ്പാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുക കൂടി ചെയ്തതോടെയാണ് മണ്‍റോതുരുത്തില്‍ വെള്ളം കയറിയത്.
കൊല്ലം നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന സെന്റ് തോമസ് ദ്വീപിലും അറുപതിലേറെ വീടുകളില്‍ വെള്ളം കയറി. മണ്‍റോ തുരുത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും വെള്ളം കയറിയെങ്കിലും ട്രയിന്‍ ഗതാഗതത്തെ ഇതുവരെ ബാധിച്ചിട്ടില്ല. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉള്‍പ്പെടെ മഴയുടെ ശക്തി കുറഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.