അന്താരാഷ്ട്ര വ്യാപാരമേള: മറുനാടന്‍ മലയാളികള്‍ക്ക് അനുഗ്രഹമായി നോര്‍ക്ക റൂട്ട്‌സിന്റെ സ്റ്റാള്‍

അന്താരാഷ്ട്ര വ്യാപാരമേള: മറുനാടന്‍ മലയാളികള്‍ക്ക് അനുഗ്രഹമായി നോര്‍ക്ക റൂട്ട്‌സിന്റെ സ്റ്റാള്‍

ന്യൂഡല്‍ഹി: ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയില്‍ മറുനാടന്‍ മലയാളികള്‍ക്ക് അനുഗ്രഹമായി നോര്‍ക്ക റൂട്ട്‌സിന്റെ സ്റ്റാളും. നോര്‍ക്ക വകുപ്പ് രൂപീകൃതമായതിന്റെ 25 -ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇക്കുറി നോര്‍ക്ക റൂട്ട്‌സും മേളയില്‍ അണിനിരക്കുന്നത്. 1996ലാണ് ഇന്ത്യയില്‍ ആദ്യമായി പ്രവാസി സമൂഹത്തിന് വേണ്ടി പ്രത്യേകം വകുപ്പായി നോര്‍ക്ക , കേരളത്തില്‍ രൂപീകൃതമാകുന്നത്.
രാജ്യത്തിന് പുറത്തും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികള്‍ക്കായി നോര്‍ക്കറൂട്ട്‌സ് ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതികളും സേവനങ്ങളും അടുത്തറിയാന്‍ സ്റ്റാളില്‍ അവസരമൊരുക്കിയിട്ടുണ്ട്.

'പ്രവാസി ശാക്തീകരണത്തിലൂടെ സ്വയം പര്യാപ്തത' എന്ന തലക്കെട്ടിലാണ് സ്റ്റാള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രവാസി ശാക്തീകരണത്തിനുവേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന സംരംഭകത്വ സഹായ പദ്ധതികളുടെ വിശദാംശങ്ങള്‍ ഇവിടെ ലഭ്യമാണ്. കോവിഡാനന്തരം പ്രവാസികള്‍ നേരിടേണ്ടിവന്ന തൊഴില്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച നോര്‍ക്ക പ്രവാസി ഭദ്രത പദ്ധതികളെ അടുത്തറിയാന്‍ അപൂര്‍വ്വാവസരമാണ് ഇവിടെ ലഭിക്കുന്നത്.

രണ്ടു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭിക്കുന്ന പ്രവാസി ഭദ്രത - പേള്‍, അഞ്ചുലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പ്രവാസി ഭദ്രത മൈക്രോ തുടങ്ങിയ പുതിയ പദ്ധതികള്‍ പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാണ്. പ്രവാസി ഭദ്രത പേള്‍ പദ്ധതി കുടുംബശ്രീ വഴിയും മൈക്രോ കെ.എസ്.എഫ്.ഇ വഴിയുമാണ് നടപ്പാക്കുന്നത്. 25 ശതമാനം വരെ മൂലധന സബ്‌സിഡിയും മൂന്നു ശതമാനം പലിശ സബ്‌സിഡിയും നല്‍കുന്ന പ്രവാസി ഭദ്രത മൈക്രോ പദ്ധതിയില്‍ സംരംഭകര്‍ക്ക് പ്രോജക്ടുകൾ തയ്യാറാക്കുന്നതിനുള്ള പിന്തുണയും നല്‍കുന്നു. നിലവിലുള്ള പ്രവാസി ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ്  പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍, മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷാ പദ്ധതികൾ എന്നിവയില്‍ അംഗമാകുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സ്റ്റാളില്‍ ലഭിക്കും.

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം കേരള പവലിയന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ രാജ്യസഭാ എം.പി. ജോണ്‍ ബ്രിട്ടാസ്, കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ് എന്നിവര്‍ സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.