പാര്‍ട്ടി പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാത്തവര്‍ക്ക് ഇനി മുതല്‍ ചുമതല നല്‍കില്ല

പാര്‍ട്ടി പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാത്തവര്‍ക്ക് ഇനി മുതല്‍ ചുമതല നല്‍കില്ല

ന്യൂഡൽഹി: പാര്‍ട്ടി പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാത്തവര്‍ക്ക് ഇനി മുതല്‍ ചുമതല നല്‍കില്ലെന്ന് കോൺഗ്രസ്. പരിശീലിപ്പിക്കപ്പെട്ട സന്നദ്ധ ഭടന്മാരുടെ സേനയാവാൻ ഒരുങ്ങുകയാണ് കോൺഗ്രസ് പാർട്ടി.

പാർട്ടിയുടെ പരിശീലനപരിപാടികളിൽ പങ്കെടുക്കാത്തവർക്ക് പ്രധാന സംഘടനാച്ചുമതല നൽകേണ്ടെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം പാർട്ടി കർശനമായി നടപ്പാക്കും. ആശയ അടിത്തറയുള്ള പ്രവർത്തകരെ വളർത്തിയെടുക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഡിസംബർമുതൽ പി.സി.സി തലത്തിലും ജനുവരിയിൽ ജില്ലാ കമ്മിറ്റി തലത്തിലും ഫെബ്രുവരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾക്കും തുടർന്ന് താഴെത്തട്ടിലും നിർബന്ധിത പരിശീലനം നൽകും.

ഇതിനായുള്ള പരിശീലകരെ തിരഞ്ഞെടുക്കാൻ മഹാത്മാഗാന്ധിയുടെ ആശ്രമമായ വാർധ സേവാഗ്രാമിൽനടന്ന നാലുദിവസത്തെ പരിശീലനം സമാപിച്ചു. 31 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കുള്ള പരിശീലനത്തിന്റെ സമാപന സമ്മേളനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

പരിശീലിപ്പിക്കപ്പെട്ട സന്നദ്ധ ഭടന്മാരുടെ സേനയായി ഇന്ത്യയിലെ കോൺഗ്രസ് മാറുമെന്നും പരിശീലനം നിർബന്ധിതമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങൾ മുതൽ ബൂത്ത് പ്രസിഡന്റ്‌ വരെയുള്ള മുഴുവൻ ആളുകളും നിർബന്ധിതമായ വാർഷികപരിശീലനത്തിലൂടെ കടന്നുപോകുന്നതരത്തിൽ കോൺഗ്രസ് പ്ലീനറി സെഷനിൽ മാറ്റം കൊണ്ടുവരും. കോൺഗ്രസിന്റെ ചരിത്രവും രാഷ്ട്രീയപ്രാധാന്യവും ഇന്നുകാണുന്ന ഇന്ത്യ ഇത്തരത്തിൽ രൂപപ്പെട്ടതിൽ പാർട്ടിക്കുള്ള പങ്കും അംഗങ്ങളും പ്രവർത്തകരും പുതുതായെത്തുന്നവരും നിർബന്ധമായി പഠിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.