മോഡലുകളുടെ മരണത്തിലെ ദുരൂഹത തുടരുന്നു; ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം

മോഡലുകളുടെ മരണത്തിലെ ദുരൂഹത തുടരുന്നു; ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇതിന്റെ വ്യക്തത തേടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. ഡി.ജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ മോശമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിനാല്‍ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്.

ഡി.ജെ പാര്‍ട്ടിയില്‍ ഏകദേശം 20 പേര്‍ പങ്കെടുത്തതായാണ് വിവരം. ചിലരെ പറ്റിയുള്ള വിവരങ്ങള്‍ ഹോട്ടല്‍ അധികൃതര്‍ മറച്ച് വയ്ക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തിയതികളിലെ ബില്‍ ബുക്ക് പരിശോധിക്കൊനൊരുങ്ങുകയാണ് പൊലീസ്.

ഹോട്ടല്‍ ഉടമ റോയിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഹോട്ടലിലെ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ റോയ് ടെക്നീഷ്യന്റെ സഹായം തേടിയതായി പൊലീസിന് വിവരം ലഭിച്ചു. വാട്സപ്പ് കോളില്‍ ടെക്നീഷ്യനെ വിളിച്ചതിന്റെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഹോട്ടലില്‍ തര്‍ക്കമുണ്ടായപ്പോള്‍ റോയിയും സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

ഡിജെ പാര്‍ട്ടി നടന്ന ഹാളിലും പാര്‍ക്കിങ് ഏരിയയിലും വച്ച് വാക്കുതര്‍ക്കം ഉണ്ടായിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി പൊലീസ് ഇന്നലെ പറഞ്ഞിരുന്നു. മോഡലുകളായ അന്‍സി കബീറും, അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടത് ഇതിനാലാകാമെന്നാണ് പൊലീസ് നിഗമനം.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് അപകടം നടന്ന സ്ഥലം വരെ രണ്ട് കാറുകള്‍ ഇവരെ പിന്തുടര്‍ന്നു. അപകടം നടന്ന സ്ഥലത്തേക്ക് കാറിനെ പിന്തുടര്‍ന്ന് ഹോട്ടലുടമ എത്തിയതായും പൊലീസ് സംശയിക്കുന്നു. സംശയങ്ങളുറപ്പിക്കാന്‍ ഹോട്ടലിലെ ദൃശ്യങ്ങള്‍ കിട്ടിയേ തീരൂവെന്ന നിലപാടിലാണ് പൊലീസ്. ഡിജെ പാര്‍ട്ടി നടന്ന ഹാളിലെയും പാര്‍ക്കിങ് ഏരിയയിലെയും ദൃശ്യങ്ങളാണ് വേണ്ടത്.

അതേസമയം ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്സൈസ് റദ്ദാക്കി. നടപടി നിശ്ചിത സമയം കഴിഞ്ഞും മദ്യം വിളമ്പിയതിനാലാണെന്നാണ് എക്സൈസ് നല്‍കുന്ന വിശദീകരണം. നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.