'സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഫീസ് നിര്‍ണയ സമിതിക്ക് ഇടപെടാം'; സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്

 'സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഫീസ് നിര്‍ണയ സമിതിക്ക് ഇടപെടാം'; സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍ ക്രമക്കേട് കണ്ടാല്‍ ഫീസ് നിര്‍ണയ സമിതിക്ക് സ്വമേധയാ നടപടി എടുക്കാന്‍ അധികാരം ഉണ്ടെന്ന് സുപ്രീം കോടതി ഉത്തരവ്.

ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് കേരള ഹൈക്കോടതി വിധി ശരിവച്ച് ഉത്തരവായത്. ക്രമക്കേട് കണ്ടെത്തിയാല്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് സ്വമേധയ നടപടിയെടുക്കാമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

2006 ലെ നിയമം അനുസരിച്ച് സംസ്ഥാനത്തെ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ 2015-2016 അദ്ധ്യായന വര്‍ഷം നേരിട്ട് നടത്തിയ എം.ബി.ബി.എസ് പ്രവേശനം പ്രവേശന മേല്‍നോട്ട സമിതി തടഞ്ഞിരുന്നു. പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആ തീരുമാനം കേരള ഹൈക്കോടതിയും ശരിവെച്ചിരുന്നു.

അതിനെതിരെ കോളജുകള്‍ നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. കരുണ മെഡിക്കല്‍ കോളജിലെ 85 കുട്ടികള്‍ക്കും കണ്ണൂര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളജിലെ 105 കുട്ടികള്‍ക്കും തുടര്‍ന്ന് പഠിക്കാനും സുപ്രീം കോടതി അനുമതി നല്‍കി.

രണ്ട് കോളജുകളിലുമായി 190 വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുമ്പോഴാണ് 2015 ല്‍ മേല്‍നോട്ട സമിതി എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന സുപ്രീം കോടതിയുടെ കണ്ടെത്തല്‍.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ മേല്‍നോട്ട സമിതിക്ക് സ്വമേധയ ഇടപെടാന്‍ അധികാരമുണ്ടെന്നും കോടതി വിധിച്ചു. അതേസമയം കോടതി വിധി ഇപ്പോള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ ബാധിക്കരുതെന്ന് സുപ്രീം കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ആരോഗ്യ സര്‍വ്വകലാശാല ഉടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി വിധിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.