ലുധിയാന: വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച കരിയര്‍ തെരഞ്ഞെടുക്കാൻ കരിയര്‍ ഗൈഡന്‍സ് പോര്‍ട്ടൽ ആരംഭിച്ച് പഞ്ചാബ് സര്‍ക്കാര്‍. സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍പരമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് കരിയര്‍ പോര്‍ട്ടല്‍ പുറത്തിറക്കിയതെന്ന് പഞ്ചാബിലെ സ്കൂള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പര്‍ഗത് സിംഗ് പറഞ്ഞു.
തിങ്കളാഴ്ചയാണ് പോര്‍ട്ടല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആസ്മാന്‍ ഫൗണ്ടേഷന്റെയും യൂണിസെഫിന്റെ സഹകരണത്തോടെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്. കൃത്യമായ കരിയര്‍ തെരഞ്ഞെടുക്കാനുള്ള കഴിവില്ലായ്മയാണ് തൊഴിലില്ലായ്മയുടെ പിന്നിലെ യഥാര്‍ത്ഥ കാരണം എന്ന് മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്ക് ഉചിതമായ സമയത്ത് മതിയായ കരിയര്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അവരുടെ കഴിവിന് അനുസരിച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹോക്കിക്ക് പകരം മറ്റെന്തെങ്കിലും കായികരംഗം തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഇത്രയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തനിക്ക് സാധിക്കുമായിരുന്നില്ലെന്നും വ്യക്തിപരമായ അനുഭവം പങ്കുവെച്ചുകാണ്ട് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമായി വിവിധ ഓണ്‍ലൈന്‍ ക്ലാസുകള്‍, സ്കോളര്‍ഷിപ്പുകള്‍, തൊഴിലവസരങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് http://www.punjabcareerportal.com എന്ന പോര്‍ട്ടലിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ കൗണ്‍സലിംഗ്, കോഴ്സുകള്‍, സ്കോളര്‍ഷിപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട അറിവുകള്‍ ഈ പോര്‍ട്ടലിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആധുനിക യുഗത്തിലെ പുതിയ ട്രേഡുകളെക്കുറിച്ച് അറിയാന്‍ വിദ്യാര്‍ത്ഥികള്‍ സജ്ജരാകുമെന്ന് യൂണിസെഫ് അംഗം ലളിത സച്ച്‌ദേവ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.