കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ മുൻ ഡി.ജി.പി സിബി മാത്യൂസിന് ആശ്വാസം. സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച സി.ബി.ഐ കോടതി നടപടി ഹൈകോടതി റദ്ദാക്കി.
സിബി മാത്യൂസിന് 60 ദിവസത്തെ മുൻകൂർ ജാമ്യമായിരുന്നു സി.ബി.ഐ കോടതി അനുവദിച്ചിരുന്നത്. ഈ കോടതി ഉത്തരവ് ചോദ്യം ചെയ്ത് സിബി മാത്യൂസ് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ നടപടി.
ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും ഉൾപ്പടെ 18 പേരെ പ്രതികളാക്കി സി.ബി.ഐ നേരത്തെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാലാം പ്രതിയായ സിബി മാത്യൂസ് അടക്കമുള്ളവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
ചാരക്കേസിൽ ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പിനാരായണനെ പ്രതിയാക്കിയത് ഐ.ബിയും റോയും പറഞ്ഞിട്ടെന്ന വാദമാണ് സിബി മാത്യൂസ് കോടതിയിൽ ഉന്നയിച്ചിരുന്നത്. ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയത് തന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സേനയുടെ താൽപര്യ പ്രകാരമല്ല. ഐബിയും റോയും നൽകിയ നിർദേശത്തിലാണ് പൊലീസ് കേസെടുത്തത്. ചാരക്കേസ് ശരിയായി അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്നും സിബി മാത്യൂസ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.