പരോപകാര പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥയായ ഹംഗറിയിലെ വിശുദ്ധ എലിസബത്ത്

പരോപകാര പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥയായ ഹംഗറിയിലെ വിശുദ്ധ എലിസബത്ത്

അനുദിന വിശുദ്ധര്‍ - നവംബര്‍ 17

ഹംഗറിയിലെ രാജാവായിരുന്ന അലക്സാണ്ടര്‍ ദ്വിതീയന്റെ മകളായിരുന്നു എലിസബത്ത്. പരോപകാര പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥ എന്നറിയപ്പടുന്ന വിശുദ്ധ എലിസബത്ത് 1207 ല്‍ ജനിച്ചു. പതിനാലാമത്തെ വയസില്‍ കുറിഞ്ചിയായിലെ രാജാവായ ലൂയിസിന് അവളെ വിവാഹം കഴിച്ചു കെടുത്തു.

എളിമ പ്രവൃത്തികളിലും ആത്മ പരിത്യാഗത്തിലും വളര്‍ന്നു വന്ന പുണ്യവതിയായ എലിസബത്തിന് തികച്ചും അനുരൂപനായ ഭര്‍ത്താവായിരുന്നു ലൂയിസ്. എല്ലാവരെയും ഒരേപോലെ കണ്ടതിനാല്‍ അവരുടെ ഭരണ കാലത്ത് രാജ്യത്തെങ്ങും സംതൃപ്തിയും സമാധാനവും കളിയാടി.

സമ്പത്ത് ദരിദ്രര്‍ക്കു കൊടുക്കുവാനുള്ള ഒരു വസ്തുവായി കണ്ടിരുന്ന എലിസബത്ത് താന്‍ കണ്ടുമുട്ടുന്ന ദരിദ്രരെയെല്ലാം സഹായിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പകല്‍ സമയം ഭൂരിഭാഗവും സാധുക്കള്‍ക്ക് വസ്ത്രം നിര്‍മ്മിക്കുന്നതിനായിട്ടാണ് അവള്‍ ചെലവഴിച്ചിരുന്നത്. ദരിദ്ര ലക്ഷങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകളുടെ കാഠിന്യം സ്വയം അനുഭവിക്കുന്നതിനായി പലപ്പോഴും അവള്‍ തന്റെ ഭക്ഷണം പോലും ഉപേക്ഷിച്ചിരുന്നു.

സാധുജന സംരക്ഷണത്തിനും ആതുര പരിചരണത്തിനുമായി ആത്മാര്‍പ്പണം ചെയ്തിരുന്ന എലിസബത്തിന്റെ കാരുണ്യത്തിന് എല്ലാവരാലും പരിത്യക്തരായ കുഷ്ഠരോഗികളും പാത്രീഭൂതരായിട്ടുണ്ട്. രോഗികളെ ശുശ്രൂഷിക്കുന്നതിനായി നിരവധി ആശുപത്രികള്‍ സ്ഥാപിച്ചു. രാജ്ഞിയുടെ കാരുണ്യ പ്രവൃത്തികളില്‍ സംപ്രീതനായ ദൈവം അനവധി അത്ഭുതങ്ങള്‍കൊണ്ട് ആ പ്രവൃത്തികളെ അനുഗ്രഹിച്ചിരുന്നു.

ഈ അവസരത്തിലാണ് പരിശുദ്ധ പിതാവിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് 1227 ല്‍ ലൂയിസ് രാജാവ് കുരിശുയുദ്ധത്തിനായി പുറപ്പെട്ടത്. രാജ്ഞി തന്റെ നാലാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന അവസരമായിരുന്നു അത്. യുദ്ധത്തിനു പുറപ്പെട്ട ലൂയി വിശുദ്ധ സ്ഥലത്ത് എത്തുന്നതിനു മുമ്പുതന്നെ ജ്വരം ബാധിച്ചു മരിച്ചു.

രാജ്യഭരണം മോഹിച്ചിരുന്ന ലൂയിയുടെ സഹോദരന്മാര്‍ ഇതോടെ എലിസബത്തിനെ മക്കള്‍ക്കൊപ്പം കൊട്ടാരത്തില്‍ നിന്ന് ഇറക്കിവിട്ടു. നഗര വാസികളില്‍ പലരുടെയും അടുത്തുചെന്ന് തനിക്കും കുഞ്ഞുങ്ങള്‍ക്കും താമസിക്കാന്‍ സൗകര്യം നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും ലൂയിയുടെ സഹോദരന്മാരെ ഭയന്ന് ആരും അവളെ സ്വീകരിച്ചില്ല. തന്റെ കരങ്ങളില്‍ നിന്ന് നിരവധി സഹായങ്ങള്‍ സ്വീകരിച്ചവര്‍ തന്നെ ഉപേക്ഷിച്ചപ്പോള്‍ മനസ് വല്ലാതെ മുറിപ്പെട്ടുവെങ്കിലും സമചിത്തതയോടെ അവള്‍ അതെല്ലാം നേരിട്ടു.

കുറേ കാലത്തേക്ക് എലിസബത്ത് കുഞ്ഞുങ്ങളുമായി അങ്ങുമിങ്ങും അലഞ്ഞു നടന്നു. ഒടുവില്‍ വിവരങ്ങളറിഞ്ഞ അവളുടെ അമ്മാവന്‍ ഒരു ഭവനം അവള്‍ക്കായി നല്‍കി. ഈ അവസരത്തിലാണ് ലൂയിയോടൊപ്പം കുരിശുയുദ്ധത്തിനു പോയ പ്രഭുക്കന്മാര്‍ തിരിച്ചെത്തുന്നത്. എലിസബത്തിന്റെ നിസഹായത ബോധ്യപ്പെട്ട അവര്‍ ലൂയിയുടെ സഹോദരനായ ഹെന്റിയെ കൊണ്ട് അതിനുള്ള പരിഹാരം ചെയ്യിക്കാന്‍ നിശ്ചയിച്ചു.

തങ്ങളുടെ പ്രവൃത്തിയില്‍ മനസ്തപിച്ച ആ സഹോദരന്മാര്‍ എലിസബത്തിനെയും കുഞ്ഞുങ്ങളെയും കൊട്ടാരത്തില്‍ വിളിച്ചു വരുത്തി മാപ്പപേക്ഷിച്ചു. അവരില്‍ നിന്നു കവര്‍ന്ന അവകാശങ്ങളെല്ലാം തിരികെ കൊടുക്കുകയും ചെയ്തു. അവരുടെ മനസ്താപം യഥാര്‍ത്ഥമായിരുന്നതിനാല്‍ എലിസബത്ത് തന്റെ മകന് പ്രായപൂര്‍ത്തി ആകുന്നതുവരെ രാജ്യം ഭരിക്കുന്നതിന് ഹെന്റിയെ റീജന്റായി നിയമിച്ചു.

തന്റെ മക്കളുടെ ഭാവി സുരക്ഷിതമായെന്നു കണ്ടപ്പോള്‍ എലിസബത്ത് 1228 ല്‍ ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. അധികം താമസിക്കാതെ രോഗബാധിതയായ രാജ്ഞി 1231 നവംബര്‍ 19 ന് തന്റെ ഇരുപത്തിനാലാമത്തെ വയസില്‍ ഇഹലോകവാസം വെടിഞ്ഞു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ബനഡിക്ടന്‍ ആബട്ടായ യൂജീന്‍

2. ലിങ്കോണിലെ വിശുദ്ധ ഹ്യുഗ് ഹില്‍ഡ

3. അലക്‌സാണ്ട്രിയായിലെ ഡിയണീഷ്യസ്

4. ഓര്‍ലിന്‍സു ബിഷപ്പായിരുന്ന അനിയാനൂസ്

5. പാലസ്തീനായിലെ അല്‍ഫേയൂസും സക്കേയൂസും

6. സ്‌പെയിനിലെ അചിക്ലൂസും സഹോദരി വിക്ടോറിയയും

7. പരാഗ്വായിലെ രക്തസാക്ഷികളായ നമാസിയൂസും ഗ്രിഗറിയും.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26