പുതിയ കുര്‍ബാനക്രമം 28 ന്‌ തന്നെ: മാര്‍ ജോര്‍ജ് ആലഞ്ചേരി; അപകടകരമായ അച്ചടക്ക ലംഘനത്തിന്റെ ഇരയാണ് സീറോ മലബാര്‍ സഭയെന്ന് മാര്‍ തോമസ് തറയില്‍

പുതിയ കുര്‍ബാനക്രമം 28 ന്‌ തന്നെ: മാര്‍ ജോര്‍ജ് ആലഞ്ചേരി; അപകടകരമായ അച്ചടക്ക ലംഘനത്തിന്റെ ഇരയാണ് സീറോ മലബാര്‍ സഭയെന്ന് മാര്‍ തോമസ് തറയില്‍

കൊച്ചി: സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണത്തില്‍ ഉറച്ച നിലപാടുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുന്‍ നിശ്ചയപ്രകാരം നവംബര്‍ 28 ന് തന്നെ കുര്‍ബാനക്രമം ഏകീകരിക്കുമെന്നും മാര്‍ ആലഞ്ചേരി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.

അനിനിടെ വിശുദ്ധ കുര്‍ബാന ഏകീകരണത്തിനായുള്ള സിനഡ് തീരുമാനത്തെ എതിര്‍ത്തുകൊണ്ട് നടക്കുന്ന പ്രചാരണങ്ങളിലുള്ള വേദന ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. അപകടകരമായ അച്ചടക്ക ലംഘനത്തിന്റെ ഇരയാണ് സീറോ മലബാര്‍ സഭയെന്നും ഭൂരിപക്ഷത്തിന്റെ നിശബ്ദതയില്‍ ന്യൂനപക്ഷത്തിന്റെ ആക്രോശങ്ങള്‍ക്കാണ് മുഴക്കമുള്ളതെന്നും ബിഷപ്പ് കുറിച്ചു.

കൊന്ത നമസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരോധിക്കും എന്നൊക്കെ പറഞ്ഞു തെറ്റുധരിപ്പിച്ചാണ് ജനങ്ങളെ വണ്ടി കയറ്റി സമരത്തിന് വിടുന്നതെന്നും തെറ്റുധാരണ പരത്തി വിശ്വാസികളെ അക്രമാസക്തരാക്കുമ്പോള്‍ മുകളില്‍ ദൈവമുണ്ടെന്നെങ്കിലും ഓര്‍ക്കണമെന്നും മാര്‍ തറയില്‍ ഓര്‍മ്മിപ്പിച്ചു.

ലോകാവസാനത്തോളം നമ്മോടൊപ്പമുള്ള നമ്മുടെ കര്‍ത്താവ് മാനസാന്തരത്തിലൂടെ സഭയില്‍ ഐക്യം സംജാതമാക്കുമെന്നും പ്രത്യാശയോടെ അതിനായി കാത്തിരിക്കാമെന്നുമുള്ള വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

മാര്‍ തോമസ് തറയില്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ലോകമെമ്പാടുമുള്ള സീറോ മലബാര്‍ പള്ളികളില്‍ ഒരേ രീതിയില്‍ കുര്‍ബാനയര്‍പ്പണം സാധ്യമാകുന്നതോടെ ഐക്യത്തിന്റെ പുതുയുഗത്തിലേക്ക് ഈ സഭ പ്രവേശിക്കുമെന്നു പ്രതീക്ഷിച്ചു പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്ന നിശബ്ദ ഭൂരിപക്ഷത്തിനു ഏറ്റവും വേദനാജനകമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മൗണ്ട് സെന്റ് തോമസില്‍ നടന്ന സംഭവങ്ങള്‍.

മെത്രാന്മാരും സിനഡും എന്തോ ക്രൂരത കാട്ടി എന്ന രീതിയില്‍ ഒരു സഹോദരന്‍ വിദ്വേഷ പ്രസംഗം നടത്തുന്നത് വിഡിയോയില്‍ കണ്ടപ്പോള്‍ എന്താണ് സിനഡ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത് എന്ന് ഒരിക്കല്‍ക്കൂടി വിശദീകരിക്കണമെന്ന് തോന്നി.

സിനഡ് പറഞ്ഞത് ഇപ്രകാരം മാത്രം: കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളിലേറെയായി സീറോ മലബാര്‍ സഭയില്‍ വ്യത്യസ്ത രീതിയില്‍ നടക്കുന്ന ബലിയര്‍പ്പണം ഏകീകരിക്കണമെന്നത് ദൈവജനത്തിന്റെ വലിയ ഒരു ആവശ്യമായിരുന്നു. തൊട്ടടുത്ത രൂപതകളില്‍ വ്യത്യസ്തമായി കുര്‍ബാന ചൊല്ലുന്നതുപോലെ ഉതപ്പു കൊടുക്കുന്നത് മറ്റെന്താണ്!

അതിനാല്‍ നവീകരിച്ച കുര്‍ബാനക്രമം നിലവില്‍ വരുന്ന നവംബര്‍ 28 മുതല്‍ കുര്‍ബാനയില്‍ അനാഫൊറ ഭാഗം മാത്രം വൈദികന്‍ അള്‍ത്താരയിലേക്കു തിരിഞ്ഞു പ്രാര്‍ത്ഥിക്കണം. വചന ശുശ്രൂഷയും സമാപന ശുശ്രൂഷയും ജനഭിമുഖമായും ചൊല്ലണം. ചുരുക്കി പറഞ്ഞാല്‍ വെറും 15 മിനിട്ടു അള്‍ത്താരയിലേക്കു നോക്കി പ്രാര്‍ത്ഥിക്കണം. അത്രേയുള്ളു. അത് വലിയ ക്രൂരതയാണത്രെ.

ഇനി ആര്‍ക്കെങ്കിലും അതിനു ബുദ്ധിമുട്ടുണ്ടെങ്കില്‍ ഈസ്റ്റര്‍ വരെ സമയവും നല്‍കിയിട്ടുണ്ട്. സഭയുടെ ചരിത്രത്തില്‍ നിര്‍ണായകമാകുന്ന ഐക്യത്തിന്റെ വാതിലുകള്‍ തുറക്കുവാന്‍ പരസ്പരം ചെറിയൊരു വിട്ടുവീഴ്ച ചെയ്യണം. അത് സാധിക്കില്ലെന്ന് പറയുന്നത് ക്രൈസ്തവമാണോ?

കൊന്ത നമസ്‌കാരം ഉള്‍പ്പെടെയുള്ള ഭക്താഭ്യാസങ്ങള്‍ നിരോധിക്കും എന്നൊക്കെ പറഞ്ഞു തെറ്റുധരിപ്പിച്ചാണ് ജനങ്ങളെ വണ്ടി കയറ്റി സമരത്തിന് വിടുന്നത്. സിനഡല്‍ ഫോര്‍മുലയില്‍ കുര്‍ബാന ചൊല്ലുന്ന അയല്‍ രൂപതകളില്‍ അന്വേഷിച്ചാല്‍ മാത്രം മതി, അവിടെയൊക്കെ ഭക്താഭ്യാസങ്ങള്‍ നിരോധിച്ചോ എന്നറിയാന്‍! തെറ്റുധാരണകള്‍ പരത്തി വിശ്വാസികളെ അക്രമാസക്തരാക്കുമ്പോള്‍ മുകളില്‍ ദൈവമുണ്ടെന്നെങ്കിലും ഓര്‍ക്കണം.

ഒരു കാര്യം വ്യക്തമാണ്. എന്നൊക്കെ സഭയില്‍ ഐക്യശ്രമങ്ങളുണ്ടായിട്ടുണ്ടോ അന്നെല്ലാം അക്രമം അഴിച്ചുവിട്ട് അവയെ പരാജയപ്പെടുത്താന്‍ വലിയ പരിശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ദൈവത്തിന്റെ ആത്മാവ് ഐക്യത്തിലേക്കു വളരാന്‍ ഈ സഭയെ നിര്‍ബന്ധിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പരിശുദ്ധ പിതാവിന്റെ ഐക്യത്തിലേക്കുള്ള ആഹ്വാനം.

അപകടകരമായ അച്ചടക്ക ലംഘനത്തിന്റെ ഇരയാണ് സീറോ മലബാര്‍ സഭ. ഭൂരിപക്ഷത്തിന്റെ നിശബ്ദതയില്‍ ന്യൂനപക്ഷത്തിന്റെ ആക്രോശങ്ങള്‍ക്കാണ് മുഴക്കം. എങ്കിലും ലോകാവസാനത്തോളം നമ്മോടൊപ്പമുള്ള നമ്മുടെ കര്‍ത്താവ് മാനസാന്തരത്തിലൂടെ നമ്മുടെ സഭയില്‍ ഐക്യം സംജാതമാകും. പ്രത്യാശയോടെ കാത്തിരിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.