ഡല്‍ഹി മലിനീകരണത്തിന്റെ പേരിൽ കര്‍ഷകരെ ബുദ്ധിമുട്ടിക്കരുത്: സര്‍ക്കാരുകൾക്ക് സുപ്രീം കോടതിയുടെ താക്കിത്

ഡല്‍ഹി മലിനീകരണത്തിന്റെ പേരിൽ  കര്‍ഷകരെ ബുദ്ധിമുട്ടിക്കരുത്: സര്‍ക്കാരുകൾക്ക് സുപ്രീം കോടതിയുടെ താക്കിത്

ന്യൂഡല്‍ഹി: ഡല്‍ഹി വായു മലീനികരണ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകരെ ശിക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി തുറന്നടിച്ച്.

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്നാണ് ചിലര്‍ കര്‍ഷകരെ വിമര്‍ശിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. പൂര്‍ണമായി വിലക്കിയിട്ടും ദീപാവലിക്ക് ഡല്‍ഹിയില്‍ എത്ര പടക്കം പൊട്ടിയെന്ന് കോടതി ചോദിച്ചു. മലിനീകരണത്തിന് പ്രധാന കാരണം കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതല്ലെന്ന് താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ച്‌ ചര്‍ച്ച നടക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.

എന്നാല്‍ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതാണ് ഡല്‍ഹിയിലെ മലിനീകരണത്തിന് പ്രധാന കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഡല്‍ഹിയിലെ മലിനീകരണത്തില്‍ 30 മുതല്‍ 40 ശതമാനം വരെ കാരണം അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതാണെന്നും കോടതിയില്‍ വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരി വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

വിഷയത്തില്‍ രാഷ്ട്രീയം വേണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ വര്‍ഷങ്ങളായി വൈക്കോല്‍ കത്തിക്കുന്നുണ്ട്. അത് മലിനീകരണത്തിന് കാരണമാകുന്നുണ്ട്. അത് തടയാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. അതിന് പകരം അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയല്ല വേണ്ടതെന്ന് കോടതി പറഞ്ഞു.

എന്തുകൊണ്ടാണ് കര്‍ഷകര്‍ക്ക് കച്ചി കത്തിക്കേണ്ടി വരുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. വയല്‍ അവശിഷ്ടങ്ങള്‍ നശിപ്പിക്കാന്‍ എന്തുകൊണ്ട് ശാസ്ത്രീയമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് കോടതി ആരാഞ്ഞു. വൈക്കോല്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനത്തിലേക്ക് നീങ്ങുക, വൈക്കോല്‍ നീക്കുന്നതിനുള്ള യന്ത്രസാമഗ്രികള്‍ ഒരുക്കുക എന്നീ നിര്‍ദേശങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ മുന്നോട്ടുവെച്ചു.

വിഷയത്തില്‍ എന്തൊക്കെ നടപടികളാണ് പഞ്ചാബ്, ഹരിയാന, യുപി സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്ന് സുപ്രീം കോടതി ആരാഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായവും കോടതി തേടി. യന്ത്ര സാമഗ്രികള്‍ ഒരുക്കുന്നതിന് കര്‍ഷകര്‍ക്ക് സാമ്പത്തിക ഭദ്രതയുണ്ടാകില്ല. അതുകൂടി ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.