ചൈനയോടു പ്രതിഷേധിക്കാന്‍ ശൈത്യകാല ഒളിമ്പിക്സില്‍ 'നയതന്ത്ര ബഹിഷ്‌ക്കരണം': നിര്‍ദ്ദേശം പരിഗണിച്ച് യു. എസ്

 ചൈനയോടു പ്രതിഷേധിക്കാന്‍ ശൈത്യകാല ഒളിമ്പിക്സില്‍ 'നയതന്ത്ര ബഹിഷ്‌ക്കരണം': നിര്‍ദ്ദേശം പരിഗണിച്ച് യു. എസ്

വാഷിംഗ്ടണ്‍: ചൈനയുടെ ആതിഥ്യത്തില്‍ ബീജിംഗില്‍ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്സുമായി ബന്ധപ്പെട്ട് 'നയതന്ത്ര ബഹിഷ്‌ക്കരണ' നീക്കവുമായി അമേരിക്ക. മനുഷ്യാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന ചൈനയുടെ കായികരംഗത്തെ ഇടപെടലുമായി സഹകരിക്കുന്നത് ലോകത്തോട് ചെയ്യുന്ന അനീതിയാണെന്ന വിലയിരുത്തലോടെയാണിത്.

ബഹിഷ്‌ക്കരണം നയതന്ത്രതലത്തില്‍ മാത്രമാണുദ്ദേശിക്കുന്നത്. തീരുമാനമായാല്‍ ഉദ്യോഗസ്ഥര്‍ കായികതാരങ്ങള്‍ക്കൊപ്പം ബീജിംഗിലേക്ക് യാത്രചെയ്യില്ലെന്നു വാഷിംഗ്ടണ്‍ അറിയിച്ചു. സാധാരണനിലയില്‍ എല്ലാ ഔദ്യോഗിക കായിക പരിപാടികളുടെ ഉദ്ഘാടനത്തിനും സമാപനത്തിനും വിദേശകാര്യ-കായിക മന്ത്രാലയ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാറുണ്ട്.

ബൈഡന്‍-ഷീ ജിന്‍ പിംഗ് ചര്‍ച്ചയ്ക്കു ശേഷവും അമേരിക്ക ഒളിമ്പിക്സിനെ പിന്തുണയ്ക്കാത്തതാണ് ബഹിഷ്‌ക്കരണ സൂചന ബലപ്പെടുത്തുന്നത്. ഇരു നേതാക്കളുടേയും ചര്‍ച്ചയില്‍ ഒളിമ്പിക്സ് വിഷയമായില്ല. 2022 ഫെബ്രുവരി 4 മുതല്‍ 20 വരെയാണ് ശൈത്യകാല ഒളിമ്പിക്സ് നടക്കുന്നത്.

'ശൈത്യകാല ഒളിമ്പിക്സുമായി ബന്ധപ്പെട്ട അവ്യക്തത തുടരുകയാണ്. നിലവില്‍ ഒരു തീരുമാനം പറയാറായിട്ടില്ല. അമേരിക്കയിലെ ജനപ്രതിനിധികളാരും ചൈനയെ പിന്തുണയ്ക്കുന്നില്ല. തങ്ങള്‍ ചെയ്യുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ മൂടിവെയ്ക്കാനുള്ള ശ്രമമാണ് ചൈന ഒളിമ്പിക്സ് നടത്തിപ്പിലൂടെ നടത്തുന്നത് ' - വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി ആന്‍ഡ്ര്യൂ ബേറ്റ്സ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.