മോഡലുകളുടെ അപകട മരണം; നമ്പര്‍ 18 ഹോട്ടല്‍ ഉടമയും അഞ്ച് ജീവനക്കാരും അറസ്റ്റില്‍

മോഡലുകളുടെ അപകട മരണം; നമ്പര്‍ 18 ഹോട്ടല്‍ ഉടമയും അഞ്ച് ജീവനക്കാരും അറസ്റ്റില്‍

കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടും അഞ്ച് ജീവനക്കാരും അറസ്റ്റില്‍. മറ്റുള്ളവര്‍ ഹോട്ടല്‍ ജീവനക്കാരാണ്. ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ നശിപ്പിച്ചതിനാണ് ഇവരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം മോഡലുകളുടെ അപകടമരണത്തില്‍ പരാതിയുമായി അന്‍സി കബീറിന്റെ കുടുംബം രംഗത്തു വന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം പാലാരിവട്ടം പൊലിസില്‍ പരാതി നല്‍കി. ഹോട്ടലുടമയുടെ ഇടപെടലുകളില്‍ സംശയമുണ്ടെന്നും വിപുലമായ അന്വേഷണം വേണമെന്നും ആന്‍സിയുടെ കുടുംബം പരാതിയില്‍ പറയുന്നു.

അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ജാമ്യത്തിലിറങ്ങി. നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും പൊലീസ് പരിശോധന നടത്തി. ഹോട്ടല്‍ ഉടമ റോയി ജെ.വയലാട്ടുമായി ഹോട്ടലിലെത്തിയാണ് പരിശോധന നടന്നത്. രാവിലെ ചോദ്യം ചെയ്യലിനായി പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായി അര മണിക്കൂറിനകം പൊലീസ് ഇദ്ദേഹവുമായി ഹോട്ടലിലേയ്ക്കു പുറപ്പെടുകയായിരുന്നു. അടുത്ത ദിവസം ഹാര്‍ഡ് ഡിസ്‌കുമായി എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇയാളെ പൊലീസ് വിട്ടയച്ചത്.

ഹോട്ടലിനുള്ളില്‍ നടന്ന സംഭവങ്ങള്‍ പുറത്തു വന്നാല്‍ മാത്രമേ മോഡലുകളുടെ മരണത്തിന്റെ യഥാര്‍ഥ കാരണം അറിയാനാകൂ എന്നതിനാലാണ് ഇവ ലഭിക്കണം എന്ന കാര്യത്തില്‍ അന്വേഷണ സംഘം നിര്‍ബന്ധം പിടിക്കുന്നത്. എന്നാല്‍ ലഹരി ഇടപാടുകളും വൈകിയുള്ള മദ്യ വിതരണവും മറയ്ക്കാനാണ് താന്‍ ഹാര്‍ഡ് ഡിസ്‌ക് പൊലീസിനു നല്‍കാതിരുന്നത് എന്നാണ് റോയി പറഞ്ഞിരിക്കുന്നത്. അതിലുപരി എന്തെങ്കിലും ഹോട്ടലില്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും പൊലീസിനു സംശയമുണ്ട്.

പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കഴിഞ്ഞ ദിവസം അന്വഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞെങ്കിലും ഹോട്ടലില്‍ നടന്ന സംഭവങ്ങളിലെ ദുരൂഹതയുടെ കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല. ഇത് വിശദമായി അന്വേഷിച്ച ശേഷം മാത്രം വിവരങ്ങള്‍ കൈമാറാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി മേല്‍ ഉദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ടു നല്‍കുമെന്നും അറിയിച്ചിരുന്നു. ഫോര്‍ട്ടുകൊച്ചി പൊലീസിനെ കേസുമായി ബന്ധപ്പെട്ട ഒരു അന്വേഷണങ്ങളിലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും നിര്‍ണായകമാണ്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.