പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ നിര്‍ത്തുന്നു; ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി പ്രവർത്തിക്കും: ഗോപിനാഥ് മുതുകാട്

പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ നിര്‍ത്തുന്നു; ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി പ്രവർത്തിക്കും: ഗോപിനാഥ് മുതുകാട്

തിരുവനന്തപുരം: കേരളത്തിലെ മജീഷ്യന്മാരില്‍ തന്നെ ഏറ്റവും പ്രാഗത്ഭ്യം നേടിയ ഗോപിനാഥ് മുതുകാട് പ്രൊഫഷണല്‍ മാജിക്ക് ഷോ നിര്‍ത്തുന്നു. നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണല്‍ മാജിക് ജീവിതത്തിനാണ് അവസാനമാകുന്നത്. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാജിക് ഷോ അതിന്റെ പൂര്‍ണതയിലേക്ക് എത്തിക്കാന്‍ നീണ്ട ഗവേഷണവും പരിശ്രമവുമാണ് ആവശ്യം. എന്നാലിപ്പോള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല. പ്രൊഫഷണല്‍ ഷോകള്‍ ഇനി നടത്തില്ല. ഒരുപാട് കാലം അവിടവിടയായി പോയി പണം വാങ്ങി ഷോ ചെയ്തിരുന്നു. ഇനി അത് പൂര്‍ണമായി നിര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എന്റെ വലിയ സ്വപ്നം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍വകലാശാല സ്ഥാപിക്കണം എന്നാണ്. അവര്‍ക്ക് വേണ്ടി സ്പോര്‍ട്സ് കോംപ്ലക്സ്, സ്കില്‍ സെന്റര്‍ ഒക്കെയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൊഫഷണല്‍ മാജിക് ഷോയേക്കാള്‍ ജീവിതത്തിന് അര്‍ത്ഥം തോന്നുന്നത് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ജീവിക്കുമ്പോഴാണ്. കേരളത്തില്‍ ഭിന്നശേഷിക്കാരായ മൂന്ന് ലക്ഷം കുട്ടികളുണ്ട്. 100 ഓളം പേരാണ് ഇവിടെയുള്ളത്. സ്വപ്നം കാണാന്‍ പറ്റാത്ത അവര്‍ക്ക് വേണ്ടി നമ്മള്‍ സ്വപ്നം കാണണം എന്ന് മുതുകാട് പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി കെ.കെ ശൈലജയുടെ കൂടി സഹകരണത്തോടെയാണ് ഭിന്നശേഷിക്കാരായ കുട്ടികളെ മാജിക് പഠിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യം ഗോപിനാഥ് മുതുകാട് ഏറ്റെടുത്തത്. പിന്നീടിത് വലിയ തോതില്‍ ജനങ്ങളുടെ പ്രശംസ നേടുകയും വന്‍ വിജയമാവുകയും ചെയ്തു. കോവിഡ് വ്യാപനം കൂടി വന്നതോടെ മാജിക് ഷോകള്‍ക്ക് താത്കാലിക ഇടവേളയുണ്ടായി. നാല് വര്‍ഷമായി ഈ രംഗത്ത് നിന്ന് മാറിനില്‍ക്കുകയായിരുന്നു അദ്ദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.