ബോസ്റ്റണ്‍: എച്ച്‌ഐവി പോസിറ്റീവ് ആയ സ്ത്രീ ചികിത്സ കൂടാതെ രോഗമുക്തി നേടി. അര്‍ജന്റീനയിലെ എസ്‌പെരാന്‍സ സ്വദേശിയായ 30 വയസുകാരിയാണ് വൈറസ് മുക്തയായത്. ആന്റി റെട്രോവൈറല്‍ മരുന്നുകള്‍ ഒന്നും ഇവര്‍ ഉപയോഗിച്ചിട്ടില്ല. മരുന്നുകള്‍ ഉപയോഗിക്കാതെ സ്വന്തം പ്രതിരോധ സംവിധാനത്തിലൂടെ രോഗമുക്തി നേടിയ ലോകത്തെ രണ്ടാമത്തെ രോഗിയാണിവര്‍. ഇതുസംബന്ധിച്ച പഠനം 'അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍' എന്ന ശാസ്ത്രജേണലിലാണു പ്രസിദ്ധീകരിച്ചത്.
സാധാരണഗതിയില്‍ എച്ച്ഐവി ബാധ ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ സാധ്യമല്ല. മരുന്നുകള്‍ ഉപയോഗിച്ച് രോഗത്തിന്റെ വളര്‍ച്ചയെ തടയാന്‍ മാത്രമേ സാധിക്കൂ. എന്നാല്‍ മരുന്നുകളുടെയും ചികിത്സയുടെയും അഭാവം തീര്‍ച്ചയായും രോഗം എളുപ്പത്തില്‍ വളരുന്നതിന് ഇടയാക്കും. എന്നാല്‍ അപൂര്‍വ്വം ചിലരുടെ ശരീരം എച്ച്ഐവിക്കെതിരായി ജൈവികമായിത്തന്നെ പ്രവര്‍ത്തിക്കുമെന്ന കണ്ടെത്തലാണ് ഗവേഷകര്‍ നടത്തിയത്. വൈറസ് പെരുകുന്നത് തടയാനും അങ്ങനെ രോഗത്തെ പ്രകൃത്യാ തന്നെ പിടിച്ചുകെട്ടാനും ഇവര്‍ക്ക് സാധ്യമായി.
കഴിഞ്ഞ വര്‍ഷമാണ് ആദ്യത്തെ കേസ് ഗവേഷകര്‍ കണ്ടെത്തുന്നത്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള 67 വയസുകാരിയായ സ്ത്രീയായിരുന്നു ഇത്തരത്തില്‍ ചരിത്രം സൃഷ്ടിച്ചത്.
ഇത്തരം സംഭവങ്ങളില്‍ രോഗിയുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പഠിക്കാനായാല്‍ അത് ഭാവിയില്‍ എച്ച്ഐവി ചികിത്സയ്ക്ക് സഹായകമായ വിവരങ്ങള്‍ ലഭിക്കാന്‍ സഹായകമാണെന്നും ഗവേഷകര്‍ പറയുന്നു. യുവതിയുടെ രക്തത്തിലും ശരീരകലകളിലുമുള്ള 150 കോടിയിലധികം കോശങ്ങളില്‍ പരിശോധനയും പഠനവും നടത്തിയെന്നും വൈറസ് പൂര്‍ണമായി ഒഴിവായെന്നും ഗവേഷകര്‍ അറിയിച്ചു. 2013-ലാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്.
എച്ച്ഐവി വൈറസിനെതിരേ പോരാടാന്‍ രോഗിക്കു തന്നെ കഴിയുന്ന സാഹചര്യം ഉണ്ടെങ്കില്‍ അത് എത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പഠിക്കേണ്ടതുണ്ട്. ഈ പഠനം പിന്നീട് മറ്റ് രോഗികളിലെ പ്രതിരോധസംവിധാനത്തെ എച്ച്ഐവിക്കെതിരേ സ്വയം പോരാടാനാകുന്ന വിധം മാറ്റിയെടുക്കാന്‍ സാധിച്ചേക്കാമെന്നു യുഎസില്‍നിന്നുള്ള ഗവേഷകയായ സു യൂ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.