ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ നില പരുങ്ങലില്‍

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ നില പരുങ്ങലില്‍

സിഡ്‌നി: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ ഓസ്‌ട്രേലിയയുടെ കാര്യം പരുങ്ങലില്‍. യോഗ്യതാ മത്സരങ്ങളില്‍ ആദ്യ ഘട്ടത്തില്‍ വിജയങ്ങള്‍ നേടിയെങ്കിലും പിന്നീടുള്ള പോക്കില്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെയായില്ല. ഷാര്‍ജയില്‍ നടന്ന അവസാന മത്സരത്തില്‍ ചൈനയോട് സമനില (സ്‌കോര്‍ 1-1) വഴങ്ങിയതാണ് ഓസ്‌ട്രേലിയന്‍ ആരാധകരുടെ ചങ്കിടിപ്പേറ്റുന്നത്.

കഴിഞ്ഞമാസം ദോഹയില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ സോക്കര്‍ ടീം ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഒമാനെ തകര്‍ത്തിരുന്നു. ഈ മത്സരത്തിനു പിന്നാലെ ജപ്പാനോടു തോറ്റതും സൗദി അറേബ്യയോട് സമനില വഴങ്ങിയതുമാണ് ഓസ്‌ട്രേലിയയ്ക്കു തിരിച്ചടിയായത്. ഏറ്റവും ഒടുവില്‍ ചൈനയുമായുള്ള മത്സരവും സമനിലയില്‍ കലാശിച്ചു. ഇതോടെയാണ് ഗ്രൂപ്പ് ബിയില്‍നിന്ന് ലോകകപ്പില്‍ നേരിട്ടു യോഗ്യത നേടുകയെന്ന ഓസ്‌ട്രേലിയയുടെ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റത്. ഗ്രൂപ്പ് ബി യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ ഖത്തര്‍ ലോക കപ്പിലേക്കു നേരിട്ടു യോഗ്യത നേടും.

നിലവില്‍ നാലു മത്സരങ്ങള്‍ ശേഷിക്കുമ്പോള്‍ ഗ്രൂപ്പില്‍ 11 പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാമതാണ്. ആറു മത്സരങ്ങളില്‍ നിന്നായി 16 പോയിന്റ് നേടിയ സൗദി അറേബ്യയാണ് ഒന്നാമത്. അത്രയും തന്നെ മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തുണ്ട്. വിയറ്റനാം, ഒമാന്‍, ജപ്പാന്‍, സൗദി അറേബ്യ എന്നിവരുമായിട്ടാണ് ശേഷിക്കുന്ന നാലു മത്സരങ്ങള്‍.

നിലവിലെ സാഹചര്യത്തില്‍ വിയറ്റ്‌നാമിനെയും ഒമാനെയും കീഴടക്കാനാകുമോ എന്ന് ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച് ചൈനയുമായുള്ള പ്രകടനം വിലയിരുത്തുമ്പോള്‍.

വിയറ്റ്‌നാമിനെയും ഒമാനെയും ജപ്പാനെയും തോല്‍പ്പിക്കുകയും സൗദി അറേബ്യയോട് സമനില വഴങ്ങുകയുയെങ്കിലും ചെയ്താല്‍ സാധ്യതയുണ്ടെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരുടെ അഭിപ്രായം.

32 രാജ്യങ്ങളാണ് അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ മാറ്റുരയ്ക്കുക. ഇവ ഏതൊക്കെയെന്ന് യോഗ്യതാ മത്സരങ്ങള്‍ക്കൊടുവില്‍ അടുത്ത വര്‍ഷം ജൂണില്‍ തീരുമാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.