അനുദിന വിശുദ്ധര്‍ - നവംബര്‍ 18
സഭയുടെ നവോത്ഥാന നായകന്‍ എന്നാണ് ക്ലൂണിയിലെ വിശുദ്ധ ഓഡോ അറിയപ്പെടുന്നത്. 'അക്വിറ്റെയിലുള്ള ഒരു പ്രഭു 877 ലെ ക്രിസ്മസ് രാവിന്റെ തലേന്ന് തനിക്ക് ഒരാണ്‍കുഞ്ഞിനെ തരണമെന്ന് ദൈവത്തോട് അപേക്ഷിച്ചു. പ്രാര്‍ത്ഥന കേട്ട ദൈവം ഓഡോ എന്ന പുത്രനെ നല്‍കി.
കൃതജ്ഞതാഭരിതനായ പിതാവ് കുഞ്ഞിനെ വിശുദ്ധ മാര്‍ട്ടിന് കാഴ്ച വച്ചു. ഓഡോ വിജ്ഞാനത്തിലും സുകൃതത്തിലും വളര്‍ന്നു വന്നു' - ഇങ്ങനെയൊരു ഐതിഹ്യവും ഓഡോയുടെ ജന്മത്തെക്കുറിച്ചുണ്ട്.
ടൂര്‍സിലെ മാര്‍ട്ടിനെ വളരെയധികം സ്‌നേഹിച്ച ഓഡോ അദ്ദേഹത്തിന്റെ ജീവിത മാതൃകകള്‍ അനുകരിച്ച് ജീവിക്കുവാന്‍ ആഗ്രഹിച്ചു. വിശുദ്ധ മാര്‍ട്ടിന്റെ അനുയായി ആയിട്ടാണ് ഓഡോ തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. അക്വിറ്റെയിലെ പ്രഭു കൊട്ടാരത്തില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം പാരിസിലെ ഒക്‌സേറിലെ റെമീജീയൂസിനു കീഴില്‍ തന്റെ പഠനം പൂര്‍ത്തിയാക്കി.
ഈ സമയത്താണ് ക്ലൂണി ആശ്രമത്തിന്റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ബര്‍ണോയെ പരിചയപ്പെടുകയും ശേഷം ബൗമെയിലെ ഒരു ക്ലൂണി ആശ്രമത്തില്‍ സന്യാസി ആവുകയും ചെയ്തത്. എന്നാല്‍ 927 ല്‍ വിശുദ്ധന്‍ തന്റെ സ്‌നേഹിതന്റെ അസാനിധ്യത്തില്‍ അദ്ദേഹത്തിന് പകരക്കാരനായി ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്തു.
ഈ ചുമതലകളില്‍ നിന്നും മാറി ഇറ്റലിയിലേയും ഫ്രാന്‍സിലേയും മറ്റും ജീര്‍ണ്ണതയുടെ വക്കിലെത്തി നില്‍ക്കുന്ന ആശ്രമങ്ങള്‍ക്ക് നവോത്ഥാനം നല്‍കുക എന്ന മഹനീയ ദൗത്യം ഏറ്റെടുക്കുവാന്‍ ജോണ്‍ പതിനാറാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ നിര്‍ബന്ധിച്ചു.
ഏറ്റെടുത്ത കാര്യങ്ങളില്‍ വളരെ വലിയൊരു വിജയം കൊയ്ത അദ്ദേഹം ' ആശ്രമങ്ങളുടെ പുനസ്ഥാപകന്‍ ' എന്നും അറിയപ്പെടുന്നു. ക്ലൂണിക് ആശ്രമങ്ങള്‍ക്ക് തനതായ ഒരു രീതി ആവിഷ്‌കരിക്കുവാന്‍ വിശുദ്ധനു സാധിച്ചു. യൂറോപ്പിലെ ജനങ്ങളുടെ ആത്മീയതയില്‍ അദ്ദേഹം സൃഷ്ടിച്ച മാറ്റം ചെറുതല്ല.
ഇറ്റലിയിലെ രണ്ടു ഭരണാധികാരികളെ വിദ്വേഷത്തിന്റെയും ശത്രുതയുടെയും പാതയില്‍ നിന്നും പിന്തിരിപ്പിച്ച് അനുനയത്തില്‍ കൊണ്ടുവരുന്നതിനായി മാര്‍പാപ്പ സമാധാന ദൂതനായി ഇദ്ദേഹത്തെ ഇറ്റലിയിലേക്ക് അയച്ചു.
സമാധാന വക്താവായി റോമില്‍ നിന്നും പോകവേ വിശുദ്ധ മാര്‍ട്ടിന്റെ തിരുനാള്‍ ആഘോഷിക്കുന്നതിനായി ടൂര്‍സിലെ വിശുദ്ധ ജൂലിയന്റെ ആശ്രമത്തില്‍ തങ്ങി. തിരുനാള്‍ ആഘോഷങ്ങള്‍ക്കു ശേഷം രോഗ ബാധിതനായ ഓഡോ വിശുദ്ധ മാര്‍ട്ടിന്റെ പാദാന്തികത്തില്‍ കിടന്ന് മരിക്കുകയായിരുന്നു.
നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ അനവധി സാഹിത്യ കൃതികളും ആരാധനാ ഗീതങ്ങളും വിശുദ്ധന്‍ രചിച്ചിട്ടുണ്ട്. ജീവിതത്തില്‍ പാവപ്പെട്ടവരോടും അനാഥരോടും രോഗികളോടും അദ്ദേഹത്തിനുള്ള സമീപനം വ്യത്യസ്തവും ദൈവീകവും ആയിരുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. അമാന്തൂസും ആന്‍സെലിനും
2. അയര്‍ലന്‍ഡിലെ കോണ്‍സ്റ്റാന്റ്
3. കോര്‍ണിഷ് വിശുദ്ധനായ കെവേണ്‍
4. ഐറിഷ് ബിഷപ്പായിരുന്ന ഫെര്‍ഗുസ്
5. റോമന്‍ പടയാളിയായ ആന്റിയക്കിലെ ഹെസിക്കിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.