ന്യൂഡല്‍ഹി: വസ്ത്രത്തിന് മുകളില്‍ക്കൂടി മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ അത് ലൈംഗിക അതിക്രമം തന്നെയെന്ന് സുപ്രീം കോടതി. വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസുകാരിയുടെ മാറിടത്തില്‍ തൊട്ടത് പോക്‌സോ നിയമ പ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന ബോംബേ ഹൈക്കോടതി നാഗ്പ്പൂര്‍ ബെഞ്ചിന്റെ വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
ശരീരങ്ങള്‍ തമ്മില്‍ നേരിട്ട് സ്പര്‍ശനമുണ്ടായാല്‍ മാത്രമേ പോക്സോ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയുള്ളു എന്നായിരുന്നു ബോംബെ ഹൈക്കോടതി ബെഞ്ചിന്റെ വിധി. അല്ലാത്ത പക്ഷം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പിലെ കുറ്റം മാത്രമേ ചുമത്താനാവൂ എന്നും ബോംബെ ഹൈക്കോടതി പറഞ്ഞിരുന്നു. ഈ ഉത്തരവിന് പിന്നാലെ വലിയ വിമര്‍ശമുയര്‍ന്നിരുന്നു.
ഇത്തരത്തിലുള്ള സ്പര്‍ശവും പോക്സോ സെക്ഷന്‍ ഏഴ് പ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോക്‌സോ നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളണമെങ്കില്‍ ഹൈക്കോടതി നടത്തിയതുപോലെ ഒരു നേരിയ വ്യാഖ്യാനം നടത്തിയാല്‍ മതിയാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, ദേശീയ വനിതാ കമ്മീഷന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണയക വിധി. ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചാല്‍, സര്‍ജിക്കല്‍ ഗ്ലൗസ് ഇട്ട ഒരു വ്യക്തി കുട്ടിയെ പീഡിപ്പിച്ചാല്‍ പോക്സോ നിയമ പ്രകാരം അദ്ദേഹത്തെ ശിക്ഷിക്കാന്‍ കഴിയില്ല എന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം.
പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചു എന്നുമുള്ള കേസിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. കേസിലെ പ്രതിയായ സതീഷിന് നേരത്തെ പോക്സോ നിയമ പ്രകാരം വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ വിചാരണ കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ പ്രതിക്ക് മൂന്ന് വര്‍ഷത്തെ ശിക്ഷ അനുഭവിക്കണം. ഒപ്പം വിചാരണ കോടതി വിധിച്ച പിഴയും ഒടുക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.