അകലം കുറയുന്നു; ക്രൈസ്തവ സഭകള്‍ ഒരുമിച്ചു ചിന്തിക്കുന്നു

അകലം കുറയുന്നു; ക്രൈസ്തവ സഭകള്‍ ഒരുമിച്ചു ചിന്തിക്കുന്നു

കേരളത്തിലെ ക്രൈസ്തവ സമൂഹം സമാനതകളില്ലാത്ത ചില പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണെന്നും രാഷ്ട്രീയമായും സാമൂഹികമായും തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നുമുള്ള ചിന്ത ഇവിടെ ക്രൈസ്തവര്‍ക്കിടയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കുറഞ്ഞത് രണ്ട് പതിറ്റാണ്ടുകള്‍ വൈകിപ്പോയി എന്ന കുറ്റബോധമാണ് ഇന്ന് അനേകരെ ഭരിക്കുന്നത്.

ക്രൈസ്തവ സമൂഹത്തിന്റെ പ്രതിനിധികളായ രാഷ്ട്രീയ നേതാക്കന്മാരുടെയും സാംസ്‌കാരിക നായകന്മാരുടെയും കഴിവില്ലായ്മയ്ക്ക് ഒരു സമൂഹം ഭാരിച്ച വില നല്‍കേണ്ടി വരുന്നതിലെ പ്രതിഷേധം പല നിലകളിലാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന ഇതര മതസ്ഥരെ നേരിടാന്‍ അവരുടെ ദൈവശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്തി പ്രതികരിക്കുന്നവരും സര്‍ക്കാരിന്റെ മതപ്രീണന നയങ്ങള്‍ക്കെതിരെ നിയമ യുദ്ധം നയിക്കുന്നവരും അക്കൂട്ടത്തിലുണ്ട്.

രാഷ്ട്രീയ മേഖലയില്‍ ക്രൈസ്തവര്‍ തഴയപ്പെടുന്നു എന്ന ബോധം ഉള്‍ക്കൊണ്ട് രാഷ്ട്രീയമായി സംഘടിക്കുന്നവരും മാധ്യമങ്ങള്‍ ക്രൈസ്തവ സമൂഹത്തെ അപഹസിക്കുന്നു എന്നതിന്റെ പേരില്‍ ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിവിധ മാധ്യമങ്ങള്‍ ആരംഭിച്ചവരും അതില്‍ ഉള്‍പ്പെടും. തങ്ങളുടെ നിലനില്‍പ്പിനും അതി ജീവനത്തിനും വേണ്ടി കാലികമായുള്ള വെല്ലുവിളികളെ നേരിടാന്‍ ഇപ്രകാരം കച്ചകെട്ടി രംഗത്തിറങ്ങിയവര്‍ നിരവധിയാണ്.

ക്രൈസ്തവരുടെ ജനസംഖ്യ വലിയ തോതില്‍ കുറയുന്നുവെന്നതും പ്രണയത്തിന്റെയും ലഹരിയുടെയും മറവില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ നഷ്ടപ്പെടുന്നു എന്നതും ഒരു ദശകത്തിനിടയില്‍ ക്രൈസ്തവ സമൂഹത്തിന്റെ മാനസിക പിരിമുറുക്കം വര്‍ധിപ്പിച്ച ചില സംഭവങ്ങളാണ്. ഇതിന്റെ കൂടെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള ക്രൈസ്തവ കുടിയേറ്റങ്ങളും മുപ്പത്തഞ്ച് വയസു കഴിഞ്ഞിട്ടും അവിവാഹിതരായി നില്‍ക്കുന്ന ആയിരക്കണക്കിന് യുവാക്കളെക്കുറിച്ചുള്ള ആകുലതകളുമെല്ലാം സംഘടിതമായി നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത എല്ലാ ക്രൈസ്തവരെയും ബോധ്യപ്പെടുത്തിയ ചില സംഗതികളാണ്.

വിദ്യാഭ്യാസ സംവരണത്തിലെ 80:20 എന്ന അനുപാതം കടുത്ത അനീതിയാണെന്ന ബോധ്യം ക്രൈസ്തവര്‍ തിരിച്ചറിഞ്ഞിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ഈ വിഷയത്തില്‍ ഇടതു-വലത് സര്‍ക്കാരുകള്‍ വച്ചു പുലര്‍ത്തിയ ചിറ്റമ്മ നയം ക്രൈസ്തവരെ ഏറെ ചൊടിപ്പിച്ചു. ഇതിനെതിരെ അഡ്വ. ജസ്റ്റിന്‍ പളളിവാതുക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നിയമ നടപടികള്‍ വിജയം കണ്ടത് എല്ലാ ക്രൈസ്തവ സഭകള്‍ക്കും പ്രതീക്ഷയും ആത്മ വിശ്വാസവും നല്‍കി.

ക്രൈസ്തവര്‍ വെറും വോട്ടു ബാങ്കുകളാണെന്ന ചിന്തയാണ് പല രാഷ്ട്രീയ പാര്‍ട്ടികളെയും നയിച്ചത്. അതിനാല്‍ ഇലക്ഷന്‍ കാലത്ത് മെത്രാസന മന്ദിരങ്ങള്‍ കയറിയിറങ്ങി അവരോടൊപ്പം നിന്നു ഫോട്ടോയെടുത്തു പ്രചരിപ്പിച്ചാല്‍ മാത്രം മതി ക്രിസ്ത്യാനികളുടെ പിന്തുണ ഉറപ്പാകുമെന്ന രാഷ്ട്രീയ ശൈലിക്കു ഇന്ന് മാറ്റം വന്നിരിക്കുന്നു.

കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സംഭവിച്ചത് ക്രൈസ്തവ സമൂഹത്തില്‍ രൂപപ്പെട്ട പുത്തന്‍ രാഷ്ട്രീയ പ്രവണതയുടെ പ്രതിഫലനമായിരുന്നു. രാഷ്ട്രീയമായി ഒരുമിച്ചു നീങ്ങിയാല്‍ ഉണ്ടാകുന്ന ഗുണം എത്രത്തോളം വലുതായിരിക്കും എന്നു തിരിച്ചറിയാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ സാധിച്ചു.

ക്രൈസ്തവ വിശ്വാസ ആചാരങ്ങളെ അപഹസിച്ചു കൊണ്ടും ക്രൈസ്തവ ആത്മീയ പ്രതീകങ്ങളെ ആക്ഷേപിച്ചു കൊണ്ടുമുള്ള സിനിമകള്‍ കുറെ നാളുകളായി ക്രൈസ്തവരില്‍ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടിരുന്നു. ഇതിനോടു പ്രതികരിക്കുന്നത് ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള കടന്നു കയറ്റമായും സാംസ്‌കാരിക അവബോധമില്ലായ്മയായും മതപരമായ അസഹിഷ്ണുതയായും ചിത്രീകരിച്ചത് കുറെക്കാലത്തേക്കെങ്കിലും ക്രൈസ്തവരുടെ പൊതുവായ പ്രതിഷേധങ്ങളെ തടഞ്ഞു നിര്‍ത്താന്‍ സഹായിച്ചു.

എന്നാല്‍ ഒന്നിനു പുറകെ ഒന്നായി സിനിമകളുടെ പ്രമേയവും കഥാപാത്രങ്ങളും പേരുകളുമെല്ലാം ക്രൈസ്തവരെ ആക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആവിഷ്‌ക്കരിക്കുന്നതെന്നും ഇതിനു പിന്നില്‍ സംഘടിതമായ നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും തിരിച്ചറിഞ്ഞതോടെ ക്രൈസ്തവ സമൂഹം ഒന്നടങ്കം രംഗത്തു വന്നു. 'ഈശോ', 'കേശു ഈ വീടിന്റെ നാഥന്‍' എന്നിങ്ങനെയുള്ള പേരുകളില്‍ നാദിര്‍ഷാ എന്ന സംവിധായകന്‍ പുതിയ സിനിമകള്‍ ഒരുക്കുന്നതായി അറിഞ്ഞതോടെ എല്ലാ വിഭാഗീയതകളും മറന്നാണ് ക്രൈസ്തവ സമൂഹം പ്രതികരിച്ചത്.

സിസ്റ്റര്‍ ലൂസി വിഷയം, എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട്, ഏകീകരിച്ച കുര്‍ബാനക്രമം എന്നിങ്ങനെയുള്ള ക്രൈസ്തവ സഭയിലെ ആഭ്യന്തര വിഷയങ്ങളില്‍ മലയാള മാധ്യമങ്ങള്‍ വച്ചു പുലര്‍ത്തുന്ന അതിരു കവിഞ്ഞ താല്‍പര്യം ക്രൈസ്തവ സമൂഹത്തില്‍ ഏറെ അസ്വസ്ഥതകളാണ് സൃഷ്ടിച്ചത്. ഇതുകൂടാതെ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും വന്നുവെങ്കിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതെ സംഘടിതമായി ഈ വിഷയത്തെ അവഗണിച്ചതും ക്രൈസ്തവരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.

രാഷ്ട്രീയമായും സാംസ്‌കാരികമായും സാമൂഹികമായും നേരിട്ട വെല്ലുവിളികള്‍ക്കൊപ്പം ഇസ്ലാമിക സമൂഹത്തിലെ ചിലരില്‍ നിന്നും ഉയര്‍ന്ന ചില പ്രതികരണങ്ങള്‍ ക്രൈസ്തവരെ ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. മത സൗഹാര്‍ദ്ദം, മതേതരത്വം എന്നിവ ക്രൈസ്തവരുടെ ഏക പക്ഷീയമായ ബാധ്യതയാണെന്നു തോന്നിക്കുന്ന വിധമുള്ള സംഭവങ്ങള്‍ കഴിഞ്ഞ ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ ഉണ്ടായി.
ചോദ്യ പേപ്പര്‍ വിവാദത്തില്‍ പ്രഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ സംഭവത്തിലൂടെ വാസ്തവത്തില്‍ ഇസ്ലാമിക-ക്രൈസ്തവ മത സാഹോദര്യ ബന്ധമാണ് വെട്ടി മാറ്റപ്പെട്ടത്. കേരളത്തിലെ മത സൗഹാര്‍ദ്ദത്തിനു കോട്ടം തട്ടാതിരിക്കാന്‍ ഈ വിഷയത്തില്‍ ക്രൈസ്തവ സഭകള്‍ വച്ചു പുലര്‍ത്തിയ സംയമനം തങ്ങളുടെ ബലഹീനതയായി ചിത്രീകരിക്കുന്നു എന്ന നിലയിലാണ് പിന്നീട് കാര്യങ്ങള്‍ മുന്നോട്ടു പോയത്.

തുര്‍ക്കി ഭരണകൂടം ഹാഗിയാ സോഫിയാ ദേവാലയത്തെ മോസ്‌കായി പ്രഖ്യാപിച്ച നടപടികളെ സ്വാഗതം ചെയ്ത് 'ചന്ദ്രിക' ദിനപ്പത്രത്തില്‍ പാണക്കാട് സാദിഖലി തങ്ങള്‍ എഴുതിയ ലേഖനം ഇസ്ലാമിക - ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ പ്രകടമായ അകലം സൃഷ്ടിച്ചു.
'തീവ്രചിന്താഗതികളും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ചുരുക്കം ചില മുസ്ലീം ഗ്രൂപ്പുകളും തീവ്ര ജിഹാദി സംഘങ്ങളും ലോകമെമ്പാടും ഉണ്ട്. ഇവര്‍ കേരളത്തിലുമുണ്ട്. ഇവരെ കരുതിയിരിക്കണം' എന്ന് പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തന്റെ വിശ്വാസികളോടു മാത്രമായി പറഞ്ഞതിനെ ഇസ്ലാമിക സമൂഹം ഒന്നടങ്കം ശക്തമായി പ്രതികരിച്ചത് വീണ്ടും ഇസ്ലാമിക -ക്രൈസ്തവ ഐക്യത്തിന് വിള്ളല്‍ വീഴ്ത്തിയ സംഗതിയായിരുന്നു.

ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ബിഷപ്പിനെതിരെ ശക്തമായ നിലപാടുകളുമായി രാഷ്ട്രീയക്കാര്‍ മുന്നോട്ടു വന്നതും ബിഷപ്പിനെക്കൊണ്ട് മാപ്പു പറയിക്കാനും അദ്ദേഹത്തിനെതിരെ ഒപ്പു ശേഖരണം നടത്താനും ഇസ്ലാമിക സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തിയതും സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രസംഗങ്ങളുമെല്ലാം ക്രൈസ്തവ സമൂഹത്തില്‍ ഒരു ഏകതാ ബോധം സൃഷ്ടിച്ച സംഗതികളാണ്. ബിഷപ്പിനെതിരെ ചില ഇസ്ലാമിക സംഘടനകള്‍ ആരംഭിച്ച നിയമ നടപടികളെ ശക്തമായി നേരിടണം എന്നാണ് എല്ലാ ക്രൈസ്തവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്.

പ്രമുഖ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായ സെബാസ്റ്റ്യന്‍ പുന്നയ്ക്കല്‍ ഫിലിപ്പ് ക്രിസ്ത്യാനിയല്ല എന്ന നിലയില്‍ ചില ഛിദ്രശക്തികള്‍ നടത്തുന്ന കുപ്രചാരണങ്ങളെ നിഷേധിച്ചുകൊണ്ട് അഞ്ചോളം കത്തോലിക്കാ പുരോഹിതരാണ് കഴിഞ്ഞ ആഴ്ചയിലെ സെബാസ്റ്റ്യന്‍ പുന്നയ്ക്കലിന്റെ ലൈവ് പ്രോഗ്രാമില്‍ വന്ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. കൂടാതെ അനില്‍ കുമാര്‍ അയ്യപ്പന്‍, പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം എന്നിവര്‍ക്കു പിന്തുണയുമായി ആയിരക്കണക്കിന് ക്രൈസ്തവരാണ് സഭാ വ്യത്യാസം മാറ്റിവച്ച് രംഗത്തുള്ളത്.

കഴിഞ്ഞ ഏതാനും നാളുകളിലായി നേരിട്ട പ്രതിസന്ധികള്‍ കേരള ക്രൈസ്തവ സമൂഹത്തില്‍ എന്തെന്നില്ലാത്ത ഒരു ഐക്യത്തിനും സഹകരണ മനോഭാവത്തിനും വഴി തുറന്നിരിക്കുന്നു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് എല്ലാ വിഭാഗം ക്രൈസ്തവ സഭകളുടെയും പിന്തുണയുള്ള വിവിധ ക്രിസ്ത്യന്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നടക്കാന്‍ പോകുന്ന ലീഡര്‍ഷിപ്പ് ക്യാമ്പ്.

ഈ മാസം 19, 20, 21 തീയ്യതികളില്‍ നടക്കുന്ന ക്യാമ്പില്‍ എല്ലാ വിഭാഗം ക്രൈസ്തവ സഭകളില്‍ നിന്നുമുള്ള വ്യക്തികള്‍ ഒരുമിച്ചു ചേരും. കത്തോലിക്കാ, യാക്കോബായ, ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്റ്, പെന്തക്കോസ്ത്, ബ്രദറണ്‍ എന്നീ സഭകളിലെ പ്രമുഖര്‍ ക്ലാസുകളെടുക്കും.
ദൈവ ശാസ്ത്ര വ്യാഖ്യാനങ്ങളിലും കാഴ്ചപ്പാടുകളിലുമുള്ള വൈവിധ്യങ്ങള്‍ നില നില്‍ക്കുമ്പോള്‍ തന്നെ ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുവാനും എല്ലാം നല്ലതിനാണെന്ന ചിന്തയോടെ ഒരുമിച്ചു നിന്നുകൊണ്ട് മുന്നേറുവാനുമാണ് കേരളത്തില്‍ ക്രൈസ്തവര്‍ ഇപ്പോള്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.