ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിപോലും കൈയ്യേറാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അരുണാചല്‍ പ്രദേശില്‍ ചൈന രണ്ടാമത്തെ കോളനിയും നിര്‍മ്മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും ഇടയിലുള്ള മേഖലയില്‍ ഇന്ത്യയ്ക്കകത്തായി ഏകദേശം ആറു കിലോമീറ്റര്‍ ദൂരത്താണ്് ചൈനയുടെ രണ്ടാമത്തെ കോളനി നിര്‍മ്മിക്കുന്നത്.
ഇന്ത്യയുടെ സ്ഥലമായി കരുതിയിരുന്നയിടത്തേക്കാണ് ചൈന അധിനിവേശം നടത്തിയിരിക്കുന്നത്. കുറഞ്ഞത് 60 കെട്ടിടങ്ങളെങ്കിലും ഈ എന്‍ക്ലേവില്‍ ഉണ്ടാവുന്നമെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഇതോടെ ഇന്ത്യയുടെ ടിബറ്റന്‍ മേഖലയില്‍ കരുത്ത് ഉറപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ചൈന അതിവേഗം സഞ്ചരിച്ചതായി ഉറപ്പിക്കാം. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മാപ്പ് സേവനമായ ഭാരത് മാപ്പിലും പുതിയ കോളനിയുടെ കൃത്യമായ സ്ഥാനം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.
അരുണാചല്‍ പ്രദേശിലെ ചൈന നിര്‍മ്മിച്ച ആദ്യത്തെ ഗ്രാമത്തില്‍ നിന്ന് 93 കിലോമീറ്റര്‍ കിഴക്കായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2019 ലെ ഉപഗ്രഹ ചിത്രങ്ങളില്‍ ഈ കെട്ടിടങ്ങള്‍ കാണാനില്ല. മേഖലയില്‍ വര്‍ഷങ്ങളായി ചൈനയ്ക്ക് ചെറിയ സൈനിക ഔട്ട്പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തോടെയാണ് ഇവിടേക്ക് കടന്നുകയറ്റം രൂക്ഷമായത്.
അരുണാചല്‍ പ്രദേശില്‍ ചൈന 101 ഓളം വീടുകളടങ്ങിയ പുതിയ ഗ്രാമം നിര്‍മിച്ച വിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കഴിഞ്ഞ ജനുവരിയില്‍ തന്നെ വ്യക്തമായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4.5 കിലോമീറ്റര്‍ ഉള്ളിലായാണ് ചൈനയുടെ നിര്‍മാണമെന്നാണ് അന്നത്തെ റിപ്പോര്‍ട്ട്. അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ സാരി ചു നദീതീരത്തായിരുന്നു ആ ഗ്രാമം.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സേന തന്ത്രപരമായ നീക്കങ്ങളും നിര്‍മ്മാണങ്ങളും തുടരുന്നതായി പെന്റഗണ്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെന്റഗണ്‍ വാര്‍ഷിക റിപ്പോര്‍ട്ടിലായിരുന്നു ചൈനീസ് അധിനിവേശത്തെക്കുറിച്ചുള്ള പരാമര്‍ശം.
കഴിഞ്ഞ ജൂണില്‍ ഗല്‍വാനില്‍ നടന്ന ഇന്ത്യ - ചൈന സംഘര്‍ഷത്തിനു ശേഷം യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതി അതേപടി തുടരുന്നു എന്ന സൂചനയാണ് പെന്റഗണ്‍ റിപ്പോര്‍ട്ടിലുള്ളത്. ചൈന കൂടുതല്‍ നടപടികളിലൂടെ തര്‍ക്ക സ്ഥലത്തില്‍ അവകാശം ഉറപ്പിക്കാനാണ് നോക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ ചൈന ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാര്യം അരുണാചല്‍ സര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.