പരീക്ഷയ്ക്കിടെ ഹൃദയം പിണങ്ങിയിട്ടും ഫസ്റ്റ്ക്ലാസ് വിജയം; 75ാം വയസില്‍ എംഎക്കാരിയായി കമലാഭായി

പരീക്ഷയ്ക്കിടെ ഹൃദയം പിണങ്ങിയിട്ടും ഫസ്റ്റ്ക്ലാസ് വിജയം; 75ാം വയസില്‍ എംഎക്കാരിയായി കമലാഭായി

കൊട്ടാരക്കര: പ്രായത്തിനും ഹൃദയത്തിനും ആ നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിക്കാന്‍ ആയില്ല. ഹൃദയം പണി മുടക്കിയിട്ടും കമലാഭായി അമ്മ 75ാം വയസില്‍ എം.എ പരീക്ഷ പാസായി. അതും ഫസ്റ്റ്ക്ലാസ് വിജയം.

കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ഗാന്ധി നഗര്‍ കിഴക്കടത്തു വീട്ടില്‍ റിട്ട. അധ്യാപിക കമലാഭായി അമ്മയുടെ സ്വപ്നമായിരുന്നു ഒരു എം.എ മലയാളം കാരിയാവുക എന്നത്. പടിഞ്ഞാറ്റിന്‍കര ഗവ. യു.പി.സ്‌കൂളിലെ റിട്ട. പ്രഥമ അധ്യാപകന്‍ ജനാര്‍ദനന്‍ പിള്ളയുടെ ഭാര്യയാണ് അതേ സ്‌കൂളിലെ റിട്ട. അധ്യാപിക കമലാഭായി. ബി.എ.ബി.എഡ് കാരിയായ കമലാഭായിക്ക് എം.എ പഠനമെന്നത് വലിയ ആഗ്രഹമായിരുന്നു.

35ാം വയസില്‍ കേരള സര്‍വകലാശാലയിര്‍ എം.എയ്ക്ക് രജിസ്റ്റര്‍ ചെയ്തെങ്കിലും അനുവാദം ലഭിച്ചില്ല. ബി.എഡ് പഠനം കോഴിക്കോട് സര്‍വകലാശാലയില്‍ ആയതിനാല്‍ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. രണ്ടു തവണ അപേക്ഷിച്ചിട്ടും ലഭിച്ചില്ല. അക്കാരണത്താല്‍ എം.എ രജിസ്‌ട്രേഷന്‍ കേരള സര്‍വകലാശാല അനുവദിച്ചില്ല. എങ്കിലും എം.എക്കാരിയാകണമെന്ന മോഹം മനസില്‍ കിടന്നു. അധ്യാപികവൃത്തിയില്‍ നിന്നു വിരമിച്ചപ്പോള്‍ പഴയ മോഹം വീണ്ടും തളിരിടുകയായിരുന്നു.

എഴുപതു കഴിഞ്ഞവര്‍ക്ക് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും വിടുതല്‍ സര്‍ട്ടിഫിക്കറ്റും വേണ്ടെന്ന കേരള സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പരസ്യം മക്കളാണ് കമലാഭായിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അങ്ങനെ കാര്യവട്ടം കാമ്പസില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം തുടങ്ങി. കൊറോണക്കാലത്ത് ഓണ്‍ലൈന്‍ പഠനത്തിലും പങ്കെടുത്തു.

ഭര്‍ത്താവും മക്കളും പിന്തുണയുമായി ഒപ്പം നിന്നു. കഴിഞ്ഞ മാര്‍ച്ചില്‍ രണ്ടാം വര്‍ഷ പരീക്ഷ പുരോഗമിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. അത്യാഹിത വിഭാഗത്തില്‍ നിന്ന് ചക്ര കസേരയിലെത്തിയാണ് കൊട്ടാരക്കര എസ്.ജി കോളേജില്‍ മൂന്നു പരീക്ഷകള്‍ എഴുതിയത്.

കഴിഞ്ഞ ശനിയാഴ്ച മാര്‍ക്ക് ലിസ്റ്റ് കിട്ടി. 65 ശതമാനം മാര്‍ക്കോടെ വിജയം. വാര്‍ധക്യത്തിലാണ് കമലാഭായി പല ആഗ്രഹങ്ങളും പൂര്‍ത്തിയാക്കിയത്. കേരള പൊലീസിന്റെ നിര്‍ഭയ പദ്ധതിയില്‍ പരിശീലനം നേടി. സ്‌കൂട്ടര്‍, ഓട്ടോറിക്ഷ, കാര്‍ ലൈസന്‍സുകളെടുത്തു. ആഗ്രഹങ്ങള്‍ ബാക്കിവെക്കാനുള്ളതല്ലെന്നാണ് കമലാഭായിയുടെ പക്ഷം. മുതിര്‍ന്ന എം.എ.ക്കാരിയെ അനുമോദിക്കാന്‍ കേരള സര്‍വകലാശാലയിലെ വിദൂര വിദ്യാഭ്യാസ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. അധ്യാപിക അമൃത കമല്‍, അമേരിക്കയില്‍ ശാസ്ത്രജ്ഞയായ അമിഷ കമല്‍, ബെംഗളൂരുവില്‍ എന്‍ജിനീയറായ അശ്വിനിദേവ് എന്നിവരാണ് മക്കള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.