സഹപ്രവര്‍ത്തകയ്ക്ക് ലൈംഗിക സന്ദേശമയച്ചതു വിനയായി; ഓസിസ് ടെസ്റ്റ് ടീം നായക സ്ഥാനമൊഴിഞ്ഞ് ടിം പെയ്ന്‍

സഹപ്രവര്‍ത്തകയ്ക്ക് ലൈംഗിക സന്ദേശമയച്ചതു വിനയായി; ഓസിസ് ടെസ്റ്റ് ടീം നായക സ്ഥാനമൊഴിഞ്ഞ് ടിം പെയ്ന്‍

മെല്‍ബണ്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് ടിം പെയ്ന്‍ ഓസിസ് ടെസ്റ്റ് ടീം നായക സ്ഥാനം രാജിവെച്ചു. ആഷസ് പരമ്പരയ്ക്ക് തൊട്ടുമുമ്പായാണ് ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്റെ പിന്മാറ്റം. 2017ല്‍ ക്രിക്കറ്റ് ടാസ്മാനിയ ജീവനക്കാരിക്ക് ലൈംഗികച്ചുവയുള്ള സംഭാഷണവും ചിത്രവും അയച്ചുവെന്ന ആരോപണമാണ് 36 കാരനായ ഇദ്ദേഹത്തിനു വിനയായത്.

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയ്ക്ക് ഇനി മൂന്നാഴ്ചയേ ബാക്കിയുള്ളൂ. അതിനിടെയുള്ള രാജിയും വിവാദ ചര്‍ച്ചകളും ടീമിനു തന്നെ ആഘാതമാകുമെന്നാണു നിരീക്ഷണം.ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് അയച്ച സന്ദേശത്തിലാണ് താന്‍ ഉടനടി ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുന്നതായി ആദ്യം ടിം പെയ്ന്‍ അറിയിച്ചത്.പന്തു ചുരണ്ടല്‍ വിവാദം മൂലം മാനസികമായി തകര്‍ന്ന ഓസീസ് സംഘത്തെ മുന്നില്‍ നിന്ന് നയിച്ച നായകനാണ് പെയ്ന്‍. ഉപനായകനായ പേസര്‍ പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത് എന്നിവരില്‍ ഒരാള്‍ പുതിയ നായകനാകുമെന്നാണു സൂചന.

'അന്ന് ഞാന്‍ അയച്ച സന്ദേശങ്ങള്‍ പുറത്തായത് കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്. ഒരുതരത്തില്‍ പറഞ്ഞാല്‍, 2017 ല്‍ ഞാന്‍ അയച്ച സന്ദേശങ്ങള്‍ ഒരു ഓസ്‌ട്രേലിയന്‍ നായകനു ചേര്‍ന്നതല്ലെന്ന് മനസ്സിലാക്കുന്നു. എന്റെ ഭാര്യയ്ക്കും കുടുംബത്തിനും ആ സഹപ്രവര്‍ത്തകയ്ക്കും ഞാന്‍ നിമിത്തമുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നു. ഓസിസ് ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളോടും ആരാധകരോടും മാപ്പു ചോദിക്കുന്നു' പെയ്ന്‍ പറഞ്ഞു.രാജിക്കാര്യം പ്രഖ്യാപിക്കാന്‍ പെയ്ന്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത് കണ്ണീര്‍ തൂകിയാണ്. നായകസ്ഥാനം ഒഴിയുമെങ്കിലും ടീമിന്റെ ഭാഗമായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കിയ പന്തു ചുരണ്ടല്‍ വിവാദത്തിന്റെ തുടര്‍ച്ചയായാണ് 2018 ല്‍ ടിം പെയ്‌നെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ നായകനായി നിയമിച്ചത്. അന്ന് ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ ഓസ്‌ട്രേലിയന്‍ ടീമിന്റെ നായകന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ നേതൃത്വത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയതായി തെളിഞ്ഞിരുന്നു.

സ്വന്തം കുടുംബത്തിന്റെയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെയും നന്മയെക്കരുതിയാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള പെയ്‌നിന്റെ തീരുമാനമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ റിച്ചാര്‍ഡ് ഫ്ര്യൂഡെന്‍സ്റ്റീന്‍ പറഞ്ഞു. പെയ്‌നിന്റെ രാജി ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചതായും പുതിയ ക്യാപ്റ്റന്റെ കാര്യത്തില്‍ സിലക്ടര്‍മാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നായകസ്ഥാനം ഞാന്‍ രാജി വയ്ക്കുകയാണ്. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണിത്. പക്ഷേ, എനിക്കും കുടുംബത്തിനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനും ഇത് അത്യാവശ്യമാണ് - പെയ്ന്‍ പറഞ്ഞു.'ഏതാണ്ട് നാലു വര്‍ഷം മുമ്പാണ് എന്റെ സഹപ്രവര്‍ത്തകയ്ക്ക് മേല്‍പ്പറഞ്ഞ സന്ദേശങ്ങള്‍ ഞാന്‍ അയച്ചത്. അന്ന് തന്നെ ആ വിഷയത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിശദമായ അന്വേഷണം നടത്തി. ആ അന്വേഷണത്തോട് ഞാന്‍ പൂര്‍ണമായും സഹകരിച്ചതുമാണ്. ഓസിസ് ബോര്‍ഡിനു പുറമെ ടാസ്മാനിയ എച്ച്ആര്‍ വിഭാഗം നടത്തിയ അന്വേഷണത്തിലും ഞാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു'.

'അന്ന് എന്നെ കുറ്റവിമുക്തനാക്കിയിട്ടും സംഭവിച്ച കാര്യങ്ങളില്‍ ഞാന്‍ ഖേദം പ്രകടിപ്പിച്ചതാണ്. ഇപ്പോഴും എനിക്കതില്‍ ഖേദമുണ്ട്. അന്ന് ഭാര്യയും മറ്റ് കുടുംബാംഗങ്ങളും എല്ലാം ക്ഷമിച്ച് എന്നോടൊപ്പം ഉറച്ചുനിന്നു. ആ സംഭവം അവിടെ അവസാനിക്കട്ടെ. പൂര്‍ണമായും ക്രിക്കറ്റില്‍ ശ്രദ്ധിക്കാനാണ് എക്കാലവും ഞാന്‍ ശ്രമിച്ചത്.' പെയ്ന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.