കൊച്ചി: പിങ്ക് പൊലീസ് കുട്ടിയെ പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്ക് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. വഴിയില്‍ കണ്ട കുട്ടിയോട് എന്തിനാണ് പൊലീസ് മൊബൈല്‍ ഫോണിനെ കുറിച്ച് ചോദിച്ചത്. ഈ പൊലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസില്‍ തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സംഭവം ചെറുതായി കാണാന്‍ ആവില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ വീണ്ടും വാദം കേള്‍ക്കും.
മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പരസ്യ വിചാരണയ്ക്കിരയാക്കിയ ജയചന്ദ്രന്റെ മകള്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.
മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥയുടെ ഹാന്റ്ബാഗില്‍ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. എന്നാല്‍ പൊലീസിന്റെ പീഡനം കാരണം ഞങ്ങള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായി. കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ പൊലീസും സര്‍ക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണവിധേയായ രജിതയുടെ താല്‍പര്യ പ്രകാരം സ്ഥലം മാറ്റം നല്‍കുകയാണ് ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ചെയ്യാത്ത തെറ്റിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട തങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പെണ്‍കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. ആറ്റിങ്ങലില്‍ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസില്‍ നിന്ന് പരസ്യ വിചാരണ നേരിടേണ്ടി വന്നത്. തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡില്‍ വെച്ച് ആളുകള്‍ നോക്കി നില്‍ക്കെ ചോദ്യം ചെയ്തത്.
പൊലീസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. പിന്നീട് അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പിയും രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.