കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറിനും റണ്ണറപ്പ് അഞ്ജന ഷാജന്‍നും അവരുടെ രണ്ട് സുഹൃത്തുക്കള്‍ക്കും സമയപരിധി കഴിഞ്ഞും നമ്പര്‍ 18 ഹോട്ടലില്‍ മദ്യസത്കാരം നടത്തിയതില്‍ ഹോട്ടലുടമ റോയ് ജോസഫ് വയലാട്ടിന് ദുരുദ്ദേശ്യമുണ്ടായിരുന്നെന്ന് പൊലീസ്. ഇന്നലെ എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഗുരുതരമായ ആരോപണം.
ഇവര്‍ക്ക് ഹോട്ടലിന്റെ ഒന്ന്, രണ്ട് നിലകളിലോ ഡി.ജെ.ഹാളിലോ പാര്‍ക്കിംഗ് ഏരിയയിലോ വച്ച് മയക്കുമരുന്ന് കൈമാറിയിട്ടുണ്ടാകാമെന്നും പൊലീസ് പറഞ്ഞു. ബിയറില്‍ ലഹരി കലര്‍ത്തിയോ എന്നും സംശയമുണ്ട്. ഈ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കാണ് നശിപ്പിച്ചത്.
മോഡലുകളെ ലഹരിയില്‍ മയക്കി ഹോട്ടലില്‍ താമസിപ്പിക്കുകയായിരുന്നു റോയിയുടെ ഉദ്ദേശ്യമെന്നാണ് പൊലീസ് കരുതുന്നത്. നിര്‍ബന്ധത്തിന് വഴങ്ങാതെ ഹോട്ടല്‍ വിട്ടിറങ്ങിയ മോഡലുകള്‍ക്കും സുഹൃത്തുക്കള്‍ക്കും പിന്നാലെ വ്യാപാരിയും കാക്കനാട് സ്വദേശിയുമായ സൈജുവിനെ പറഞ്ഞുവിട്ടു.
ഇവരെ തിരികെ എത്തിക്കാനായിരുന്നു ഇത്. ഇയാള്‍ കുണ്ടന്നൂരില്‍ വച്ച് യുവതികളോട് ആവശ്യപ്പെട്ടതും ഹോട്ടലിലേക്ക് മടങ്ങണമെന്നാണ്. ഇവിടെ നിന്ന് അമിതവേഗത്തില്‍ മുന്നോട്ട് പോകുമ്പോഴാണ് പാലാരിവട്ടത്ത് അപകടത്തില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചത്.
അറസ്റ്റിലായ റോയിയുടെ ഡ്രൈവര്‍ മെല്‍വിനും വിഷ്ണുകുമാറും ചേര്‍ന്നാണ് ഹോട്ടലിലെ ഡാന്‍സ് ഹാളില്‍ നിന്ന് മാറ്റിയ ഹാര്‍ഡ് ഡിസ്‌ക് വേമ്പനാട്ടുകായലില്‍ എറഞ്ഞതെന്നും കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോയിയുടെ മൊഴി ഇന്നലെ മജിസ്ട്രേട്ട് എത്തി രേഖപ്പെടുത്തി. ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും ഇപ്പോള്‍ നില തൃപ്തികരമാണെന്നും ആര്‍.എം.ഒ ഡോ. ഗണേഷ് മോഹന്‍ പറഞ്ഞു.
ഇതിനിടെ കേസന്വേഷണം ഇന്നലെ എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. എ.സി.പി ബിജി ജോര്‍ജിനാണ് ചുമതല. സൗത്ത് എ.സി.പി നിസാമുദ്ദീന്റെ നേതൃത്വത്തില്‍ സി.ഐ കെ. അനന്തലാലാണ് കേസ് അന്വേഷിച്ചിരുന്നത്. പാലാരിവട്ടം പൊലീസിന്റെ കണ്ടെത്തലുകള്‍ തെളിയിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ള വെല്ലുവിളി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.