വിശുദ്ധ എഡ്മണ്ട് രാജാവ്: കൗമാരത്തില്‍ രാജഭരണം; യൗവ്വനത്തില്‍ രക്തസാക്ഷിത്വം

വിശുദ്ധ എഡ്മണ്ട് രാജാവ്: കൗമാരത്തില്‍ രാജഭരണം; യൗവ്വനത്തില്‍ രക്തസാക്ഷിത്വം

അനുദിന വിശുദ്ധര്‍ - നവംബര്‍ 20

സ്‌റ്റേണ്‍ ഇംഗ്ലണ്ടിലെ രാജാവായ ഓഫ തന്റെ വാര്‍ദ്ധക്യം പ്രായ്ശ്ചിത്തത്തില്‍ ചെലവഴിക്കാന്‍ രാജ്യ ഭരണം പതിനഞ്ച് വയസ് മാത്രം പ്രായമുള്ള മകന്‍ എഡ്മണ്ടിനെ ഏല്‍പ്പിച്ചു. എല്‍മോറിലെ ബിഷപ്പ് ഹൂബര്‍ട്ടു 855 ലെ ക്രിസ്മസ് ദിവസം യുവ രാജാവിനെ കിരീടമണിയിച്ചു. തന്റെ എളിമയും സുകൃത ജീവിതവും വഴി എഡ്മണ്ട് മറ്റെല്ലാ രാജകുമാരന്‍മാര്‍ക്കും മാതൃകയായിരുന്നു.

തന്റെ പ്രജകളുടെ സമാധാനത്തിലും സന്തോഷത്തിലുമായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും. അതിനാല്‍ പക്ഷപാത രഹിതവും നീതി യുക്തവും മത നിയമങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതുമായ ഒരു ഭരണമായിരുന്നു എഡ്മണ്ട് രാജാവിന്റേത്. തന്റെ ജനങ്ങളുടെ പ്രത്യേകിച്ച്, പാവപ്പെട്ടവരുടെ സ്‌നേഹിതനും വിധവകളുടേയും അനാഥരുടേയും സംരക്ഷകനും ദുര്‍ബ്ബലരുടെ സഹായവും ആയിരുന്നു അദ്ദേഹം.

പ്രാര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളും സ്വയം ഹൃദ്വിസ്ഥമാക്കുന്നതിനായി അദ്ദേഹം നോര്‍ഫോക് എന്നറിയപ്പെടുന്ന ഗ്രാമത്തില്‍ താന്‍ പണികഴിപ്പിച്ച രാജകീയ ഗോപുരത്തില്‍ ഏതാണ്ട് ഒരു വര്‍ഷക്കാലം പദവിയില്‍ നിന്നും അധികാരത്തില്‍ നിന്നും ഒഴിഞ്ഞുമാറി ജീവിച്ചു.

രാജവാഴ്ചയുടെ പതിനഞ്ചാം വര്‍ഷം ഡെന്മാര്‍ക്കുകാര്‍ രാജ്യം ആക്രമിച്ച് നിരവധി ക്രിസ്ത്യന്‍ വൈദികരേയും സന്യാസികളെയും വധിച്ചു. എഡ്മണ്ടിന് യുദ്ധത്തോട് താല്‍പര്യമില്ലായിരുന്നെങ്കിലും പെട്ടന്ന് ഒരു സൈനിക വ്യൂഹത്തെ അണിനിരത്തി ശത്രുക്കളെ പരാജയപ്പെടുത്തി.

താമസിയാതെ വലിയ സന്നാഹങ്ങളുമായി വീണ്ടും വന്ന അവരെ അഭിമുഖീകരിക്കാന്‍ എഡ്മണ്ടിന് കഴിയാതെ വന്നപ്പോള്‍ സൈന്യത്തെ പിരിച്ചു വിടുകയും രാജാവ് സുഫ്‌ഫോക്കിലേക്ക് ഒളിവില്‍ പോവുകയും ചെയ്തു. എങ്കിലും ശത്രു സൈന്യം അദ്ദേഹത്തെ കണ്ടെത്തി ഡാനിഷ് നേതാവ് ഹിങ്കുവാറിന്റെ മുന്നിലെത്തിച്ചു.

ഹിങ്കുവാര്‍ നിര്‍ദേശിച്ച മതവിരുദ്ധവും ജനദ്രോഹപരവുമായ വ്യവസ്ഥകള്‍ എഡ്മണ്ട് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ക്രൂരനായ ഹിങ്കുവാര്‍ അദ്ദേഹത്തെ ചാട്ടാവാറുകള്‍ കൊണ്ട് അടിക്കുകയും ഒരു മരത്തില്‍ ചേര്‍ത്തു കെട്ടി അസ്ത്രങ്ങള്‍ അയയ്ക്കുകയും ചെയ്തു.

ഇതെല്ലാം ക്രിസ്തുവിനെ പ്രതി ക്ഷമയോടും ശാന്തതയോടും സഹിച്ച എഡ്മണ്ട് രാജാവിന്റെ ശിരസ് ഛേദിക്കാന്‍ അവസാനം ഹിങ്കുവാര്‍ ആജ്ഞാപിച്ചു. അങ്ങനെ 870 നവംബര്‍ 20 ന് മുപ്പതാം വയസില്‍ എഡ്മണ്ട് രാജാവ് രക്തസാക്ഷിത്വം വരിച്ചു.

വിശുദ്ധന്റെ ശിരസ്് ഒരു മരക്കമ്പില്‍ കുത്തി ശത്രുക്കള്‍ കൊണ്ടുപോയെങ്കിലും പിന്നീട് ഒരു കുറ്റികാട്ടില്‍ എറിഞ്ഞു കളഞ്ഞു. പക്ഷെ ഇത് ഒരു പ്രകാശ സ്തൂപത്തിന് നടുവില്‍ അത്ഭുതകരമായ രീതിയില്‍ കണ്ടെത്തുകയും ഹോക്‌സോണില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധന്റെ മറ്റ് ശരീര ഭാഗങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയും ചെയ്തു.

ഈ വിശുദ്ധ ഭൗതീകാവശിഷ്ടങ്ങള്‍ ഉടന്‍ തന്നെ കിംഗ്സ്റ്റാണ്‍ അല്ലെങ്കില്‍ ബെഡ്‌റിക്‌സ്വര്‍ത്ത് എന്ന സ്ഥലത്തേക്ക് മാറ്റി. അന്നു മുതല്‍ ആ സ്ഥലം എഡ്മണ്ട്‌സ്ബറി എന്ന പേരില്‍ അറിയപ്പെടുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ആഫ്രിക്കായിലെ അമ്പേലിയൂസ്

2. ലാവോണില്‍ മരിച്ച ഔത്തുബോദൂസ്

3. മിലാനില്‍ ആര്‍ച്ചു ബിഷപ്പായിരുന്ന ബെനീഞ്ഞു

4. ത്രെയിസില്‍ വധിക്കപ്പെട്ട ബാസ്സൂസ്, ഡയണീഷ്യസ്, ആഗാപ്പിത്തൂസ്

5. ഏഷ്യാ മൈനറിലെ യൂസ്റ്റെസ്, തെസ്‌പെപ്‌സിയൂസ്, അനത്തോളിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26