കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മിസ് കേരള ജേതാക്കളായ മോഡലുകള്‍ക്കു ശീതളപാനീയത്തില്‍ ലഹരി നല്‍കിയെന്ന സൂചന നല്‍കി പൊലീസ്. എന്നാല്‍, ഇവരുടെ രക്തസാംപിള്‍ ശേഖരിക്കാതിരുന്നത് അന്വേഷണത്തിനു തിരിച്ചടിയാകും. മോഡലുകള്‍ അറിയാതെ ലഹരി കഴിപ്പിച്ചെന്നായിരുന്നു അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യ സന്ദേശം. ഇത് സ്ഥിരീകരിക്കാന്‍ നിശാപാര്‍ട്ടി നടന്ന ഫോര്‍ട്ടു കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ വീണ്ടെടുക്കണം.
മിസ് കേരള അന്‍സി കബീറിനെ ഹോട്ടലുടമ റോയിക്കു മുന്‍ പരിചയമുണ്ട്. അന്‍സിയുടെ അമ്മയും റോയിയും നഗരത്തിലെ ഒരേ കോളജിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയിലെ അംഗങ്ങളാണ്. മിസ് കേരള സൗന്ദര്യപ്പട്ടം ലഭിച്ചപ്പോള്‍ അന്‍സിയെ ക്ഷണിച്ചു വരുത്തി റോയിയുടെ നേതൃത്വത്തില്‍ അനുമോദിച്ചിരുന്നു. ഈ മുന്‍ പരിചയമാണ് അന്‍സിയും സുഹൃത്തുക്കളും റോയിയുടെ ഹോട്ടലിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വഴിയൊരുക്കിയത്.
ഹോട്ടലിലെ രാസലഹരി പാര്‍ട്ടികള്‍ക്കു നേതൃത്വം നല്‍കിയിരുന്ന സൈജു തങ്കച്ചന്റെ സാന്നിധ്യമാണു യുവതികള്‍ക്കു വിനയായതെന്നാണ് അനുമാനം. ഡാന്‍സ് പാര്‍ട്ടിക്കു ശേഷം രഹസ്യമായി നടക്കുന്ന ലഹരി പാര്‍ട്ടിയിലേക്കു സൈജു ഇവരെ ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനു ശേഷമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖും അബ്ദുല്‍ റഹ്മാനും കൂടിയ അളവില്‍ മദ്യം വിളമ്പി സല്‍ക്കരിക്കാന്‍ തുടങ്ങിയതെന്നു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കൂട്ടത്തില്‍ യുവതികള്‍ക്കും ശീതളപാനീയത്തില്‍ അമിത അളവില്‍ ലഹരി ചേര്‍ത്തു നല്‍കിയെന്ന രഹസ്യ വിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.