സച്ചിന്‍ പൈലറ്റിന്റെ സമ്മര്‍ദ്ദ തന്ത്രം ഫലിച്ചു: രാജസ്ഥാനില്‍ മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു; പുനസംഘടന ഉടന്‍

സച്ചിന്‍ പൈലറ്റിന്റെ സമ്മര്‍ദ്ദ തന്ത്രം ഫലിച്ചു: രാജസ്ഥാനില്‍ മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു; പുനസംഘടന ഉടന്‍

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെലോട്ട് മന്ത്രിസഭയിലെ മൂന്ന് മുതിര്‍ന്ന മന്ത്രിമാര്‍ രാജിവെച്ചു. മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് മന്ത്രിമാര്‍ രാജിവെച്ചത്. സച്ചിന്‍ പൈലറ്റിന്റെ തുടര്‍ച്ചയായ സമ്മര്‍ദത്തിനൊടുവിലാണ് മന്ത്രിസഭാ പുനസംഘടനയ്ക്ക് ഗെലോട്ട് തയ്യാറായത്. മന്ത്രിസ്ഥാനം രാജിവെക്കുന്നുവെന്നറിയിച്ച് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. റവന്യൂ മന്ത്രി ഹരീഷ് ചൗധരി, ആരോഗ്യ മന്ത്രി ഡോ. രഘു ശര്‍മ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊസ്താര എന്നിവരാണ് സ്ഥാനം ഒഴിഞ്ഞതെന്ന് രാജസ്ഥാന്റെ ചുമതലുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ അറിയിച്ചു.

രാജിവെച്ച മൂന്ന് മന്ത്രിമാര്‍ക്കും പാര്‍ട്ടി ചുമതലകള്‍ ഇതിനോടകം നല്‍കി. ഗോവിന്ദ് ദൊസ്താര നിലവില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ്. രഘു ശര്‍മയ്ക്ക് ഗുജറാത്തിന്റെ ചുമതലയും ഹരീഷ് ചൗധരിക്ക് പഞ്ചാബിന്റെ ചുമതലയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സച്ചിന്‍ സന്ദര്‍ശിച്ചിരുന്നു. ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം നിരസിച്ച ഹൈക്കമാന്‍ഡ് സച്ചിന്‍ പൈലറ്റ് അനുഭാവികളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ പുനസംഘടന നടത്താമെന്ന് സമ്മതിക്കുകയായിരുന്നു.

2023 തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നായിരുന്നു സോണിയയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സച്ചിന്‍ പറഞ്ഞത്. മന്ത്രിസഭാ പുനസംഘടനയില്‍ ഒരു നേതാവിന് ഒരു പദവി എന്ന തത്വം പാലിക്കാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.