മുറ്റത്തൊരു പൂന്തോട്ടം; പരിപാലനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുറ്റത്തൊരു പൂന്തോട്ടം; പരിപാലനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ത്ര ചെറിയ വീടാണെങ്കിലും മുറ്റത്തൊരു പൂന്തോട്ടം അതിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണ്. മനോഹരമായ പൂന്തോട്ടം ഒരുക്കിയെടുക്കാന്‍ നല്ല പരിപാലനവും ആവശ്യമാണ്. അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ചില തെറ്റുകള്‍ ചെടികളുടെ ആരോഗ്യം ഇല്ലാതാക്കും. പൂന്തോട്ടം പരിപാലിക്കുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്താണെന്ന് നോക്കാം.

വെള്ളം ആവശ്യത്തിന് മാത്രം

ജീവജാലങ്ങളെപ്പോലെ തന്നെ സസ്യങ്ങള്‍ക്കും വായു ആവശ്യമാണ്. അവ മണ്ണിലെ വായു അറകളിലൂടെയാണ് ശ്വസിക്കുന്നത്. എന്നാല്‍ ഈ വായു അറകളില്‍ എല്ലായ്‌പ്പോഴും വെള്ളം നിറഞ്ഞു നിന്നാല്‍ എന്താകും സംഭവിക്കുക? എയര്‍ ബാഗുകളില്‍ വെള്ളം നിറഞ്ഞ് ചെടി നശിച്ചു പോകും. അതിനാല്‍ ചെടികള്‍ നനയ്ക്കുന്ന സമയത്ത് ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

കാലാവസ്ഥയോട് യോജിച്ചവ വളര്‍ത്താം

ചെടികള്‍ നന്നായി വളരാനും മനോഹരമായ പൂക്കള്‍ നല്‍കാനും അനുയോജ്യമായ കാലാവസ്ഥ അത്യാവശ്യമാണ്. അതിനാല്‍ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലേക്ക് ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആ പ്രദേശത്തെ കാലാവസ്ഥയോട് യോജിച്ചതാണോ എന്ന് ഉറപ്പ് വരുത്തണം.

അനാവശ്യ ശിഖരങ്ങള്‍ മുറിച്ച് മാറ്റാം

ചെടികള്‍ തഴച്ചു വളരാന്‍ അതിന്റെ നശിച്ചു തുടങ്ങിയ അഗ്രഭാഗം നിശ്ചിത ഇടവേളകളില്‍ വെട്ടിമാറ്റണം. ദ്രവിച്ചു തുടങ്ങിയ ശിഖരങ്ങള്‍ ചെടിയില്‍ നിലനിര്‍ത്തിയാല്‍ അത് ചെടി വളര്‍ന്നു പുഷ്ടിപ്പെടുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

സൂര്യപ്രകാശം അത്യാവശ്യം

ചെടികള്‍ നന്നായി വളരാന്‍ സൂര്യപ്രകാശം അത്യാവശ്യമാണ്. ഓരോ ചെടിയ്ക്കും ആവശ്യമായ സൂര്യപ്രകാശത്തിന്റെ അളവ് തിരിച്ചറിഞ്ഞു സ്ഥാനം നിശ്ചയിക്കുകയാവും നല്ലത്. ചിലതിന് അമിതമായ സൂര്യപ്രകാശമേല്‍ക്കുന്നത് കരിഞ്ഞു പോകാന്‍ കാരണമാകും. എന്നാല്‍ മറ്റ് ചിലതിന് നല്ല സൂര്യപ്രകാശത്തില്‍ മാത്രമാകും വളരാന്‍ കഴിയുക. അതിനാല്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.

അകലം നിര്‍ബന്ധം

ചെടികള്‍ നടുമ്പോള്‍ ഓരോന്നും തമ്മില്‍ നിശ്ചിത അകലം പാലിക്കണം. ചില ചെടികള്‍ വേരുകള്‍ പടര്‍ന്നു പിടിക്കുന്നവയാകും. അതിനാല്‍ അത്തരം ചെടികള്‍ക്ക് ആവശ്യമായ സ്ഥലം നല്‍കി മാത്രമേ അടുത്ത ചെടിയ്ക്ക് സ്ഥലം നല്‍കാവൂ. മാത്രമല്ല ചെടികള്‍ക്കിടയില്‍ നിശ്ചിത അകലമുണ്ടെങ്കില്‍ മാത്രമേ ഒരു ചെടിയെ ബാധിക്കുന്ന രോഗങ്ങള്‍ സമീപത്തെ മറ്റ് ചെടികളിലേയ്ക്ക് പകരാതിരിക്കുകയുള്ളൂ.

വേരുകള്‍ക്കായി ബെഡ് ഒരുക്കാം

ചില ചെടികള്‍ ആഴത്തില്‍ വേരിറങ്ങുന്നവയാകാം. അവ നടുമ്പോള്‍ മണ്ണ് നന്നായി ഇളക്കി കട്ടിയില്‍ ബെഡ് ഒരുക്കി അതിന് മുകളില്‍ വേണം തൈ നടാന്‍. എങ്കില്‍ മാത്രമേ വേരുകള്‍ ഇറങ്ങാനും ചെടികള്‍ക്ക് നന്നായി വളരാനും കഴിയൂ. ഇല്ലെങ്കില്‍ മണ്ണ് ഉറയ്ക്കുകയും വേരുകള്‍ക്ക് നല്ല രീതിയില്‍ മണ്ണിലേയ്ക്ക് ഇറങ്ങാന്‍ കഴിയാതെ വരികയും ചെയ്യും.

വെള്ളം വേരുകളില്‍ നല്‍കൂ

ചെടിയുടെ മുകളിലൂടെ നനയ്ക്കുന്ന രീതി പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് ഗുണം ചെയ്യില്ല. എല്ലായ്‌പ്പോഴും ചെടിയുടെ വേരുകളിലാണ് ആവശ്യത്തിന് വെള്ളം നല്‍കേണ്ടത്. ഇലകള്‍ക്ക് മുകളില്‍ വെള്ളമൊഴിക്കുന്ന രീതി വേനല്‍ കാലത്ത് മാത്രമേ ആവശ്യമുള്ളൂ.

കീടനാശിനി ഉപയോഗം

ചെടികളില്‍ പല തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ കീടനാശിനി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. എന്നാല്‍ കാലാവസ്ഥ കൂടി പരിഗണിച്ച് വേണം കീടനാശിനി പ്രയോഗിക്കാന്‍. ശക്തമായ കാറ്റോ മഴയോ ഉള്ള ദിവസങ്ങളില്‍ കീടനാശിനി ഉപയോഗിക്കാന്‍ ശ്രമിക്കരുത്. ഇവ കാറ്റിലും മഴയിലും നഷ്ടപ്പെട്ട് പോകാം. അതുകൊണ്ട് തന്നെ ഉദ്ദേശിച്ച ഫലം ലഭിക്കാതെ വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.