അനുദിന വിശുദ്ധര്‍ - നവംബര്‍ 21
പരിശുദ്ധ കന്യകാ മറിയത്തെ ദേവാലയത്തില്‍ കാഴ്ചവച്ചതിന്റെ ഓര്‍മ്മ പുതുക്കല്‍ ആഘോഷിക്കുകയാണ് സഭ ഇന്ന്. ഭക്തരായ യഹൂദ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ദൈവത്തിനു കാഴ്ചവയ്ക്കുന്ന ഒരു പതിവുണ്ടായിരുന്നു.
അങ്ങനെയാണ് യോവാക്കിമും അന്നയും തങ്ങളുടെ മകള്‍ മറിയത്തെ മൂന്നു വയസുള്ളപ്പോള്‍ നസ്‌റത്തു നിന്ന് 80 മൈല്‍ അകലെയുള്ള ജറൂസലേമില്‍ കൊണ്ടുപോയി ദേവാലയത്തില്‍ കാഴ്ചവച്ചത്. അവിടെ വിശുദ്ധരായ സ്ത്രീകളുടെ ശിക്ഷണത്തില്‍ മറ്റു കന്യകകളായ കുട്ടികളുടെ കൂടെ ദൈവത്തിന്റെ ദാസിയായി അവള്‍ വളരുകയായിരുന്നു.
കിഴക്കന്‍ ദേശങ്ങളില്‍ എട്ടാം നൂറ്റാണ്ടു മുതലേ ഈ തിരുന്നാള്‍ 'ദൈവ മാതാവിന്റെ ദേവാലയ പ്രവേശനം' എന്ന പേരില്‍ ആഘോഷിച്ചിരുന്നു. അന്ന് പൊതു അവധി ദിവസമായി ആചരിക്കുകയും ചെയ്യുന്നു. 1371 ല്‍ ഗ്രീക്കുകാര്‍ മുഖേനയാണ് ഈ ആഘോഷം റോമിലെത്തുന്നത്. 1472 ല്‍ സിക്‌സറ്റസ് നാലാമന്‍ ഇത് മുഴുവന്‍ സഭയും ആചരിക്കണമെന്ന് അനുശാസിച്ചു. എന്നാല്‍ പിയൂസ് അഞ്ചാമന്‍ ഇത് നിരോധിച്ചെങ്കിലും 1585 മുതല്‍ വീണ്ടും ആഘോഷം തുടര്‍ന്നു വരുന്നു.
ഈ തിരുനാളിന് ദൈവശാസ്ത്രപരമായ ചില ഉദ്ദേശ്യങ്ങളുണ്ട്. ദൈവത്തിനു വസിക്കാനുള്ള ആലയമായിരുന്നു അവള്‍. അതുകൊണ്ട് മറിയത്തിന്റെ ശരീരം എന്നും വിശുദ്ധമായി പരിരക്ഷിക്കേണ്ടിയിരുന്നു. ഉത്ഭവ പാപമില്ലാതെ ജനിക്കുന്നു. പിന്നീട് ദേവാലയത്തില്‍ കാഴ്ചവച്ച് ദൈവദാസിയായി വളരാനനുവദിക്കുന്നു. സ്വര്‍ഗസ്ഥനായ പിതാവിന് തന്റെ മകളായും പുത്രന് അമ്മയായും പരിശുദ്ധാത്മാവിന് മണവാട്ടിയായും മാറേണ്ടവളായിരുന്നു മറിയം.
ഈ വലിയ നിയോഗത്തിനു തക്കവിധം അവള്‍ വിശുദ്ധിയാലും ദൈവിക ദാനങ്ങളാലും സമ്പന്നയാകേണ്ടിയിരുന്നു. അതിനുള്ള പശ്ചാത്തലം ഒരുക്കാനായിരുന്നു മറിയത്തിന്റെ ദേവാലയത്തിലെ കാഴ്ചവയ്പിന്റെ ലക്ഷ്യം.
രക്ഷാകര പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തം മറിയത്തിനായിരുന്നു. പുത്രന്റെ പക്കല്‍ ഇതിലേറെ സ്വാധീനം മറ്റാര്‍ക്കുമില്ല. നമുക്കു ദൈവത്തെ സമീപിക്കാനുള്ള ഏറ്റവും നല്ല മധ്യസ്ഥയാണ് മറിയം. ജീവിച്ചിരുന്ന കാലം മുഴുവന്‍ ദൈവപുത്രനു വേണ്ടി പീഡകള്‍ സഹിച്ച അവള്‍, നമുക്കു വേണ്ടിയുമാണ് സഹനങ്ങള്‍ ഏറ്റുവാങ്ങിയത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ലുവെയിനിലെ ആള്‍ബെര്‍ട്ട്
2. ലുക്ക്‌സെയിലിലെ കൊളുമ്പാനൂസ് ജൂനിയര്‍
3. സുസ്റ്റെറെന്‍ മഠാധിപയായ അമെല്‍ ബെര്‍ഗാ.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.