അഴിച്ചുപണി: രാജസ്ഥാനില്‍ 15 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പൈലറ്റ് ക്യാമ്പിന് ആശ്വാസം

അഴിച്ചുപണി: രാജസ്ഥാനില്‍ 15 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പൈലറ്റ് ക്യാമ്പിന്  ആശ്വാസം

ജയ്പൂര്‍: രാജസ്ഥാനില്‍ മന്ത്രിസഭാ അഴിച്ചു പണിയുടെ ഭാഗമായി 15 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പുതിയ മന്ത്രി സഭയില്‍ നാല് ദളിത് മന്ത്രിമാര്‍ ഉണ്ടാകും. 11 ക്യാബിനറ്റ് മന്ത്രിമാരും നാല് സഹ മന്ത്രിമാരുമാണ് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ  ചെയ്യുന്നത്.

സച്ചിന്‍ പൈലറ്റ് പക്ഷക്കാരായ മൂന്നു പേര്‍ ക്യാബിനറ്റ് പദവിയിലുണ്ടാകും. രണ്ട് പേര്‍ സഹമന്ത്രിമാരാകും. പുനസംഘടനയുടെ മുന്നോടിയായി എല്ലാ മന്ത്രിമാരും ഇന്നലെ രാജി വെച്ചിരുന്നു. നിലവിലെ മന്ത്രിമാരില്‍ ഒരു വിഭാഗം തുടരുമ്പോള്‍ പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്പിയില്‍ നിന്നെത്തിയ എംഎല്‍എമാരില്‍ ചിലരെയും പുതിയതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതാണ് പ്രധാന വ്യത്യാസം.

സംഘടന ചുമതലയുള്ള മൂന്ന് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാന്‍ഡിന് രാജി നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിനും ഒപ്പമുള്ളവര്‍ക്കും മന്ത്രിസ്ഥാനം നഷ്ടമായത്.

ഒരു വര്‍ഷത്തോളമായി മന്ത്രിസഭ പുനസംഘടന ആവശ്യപ്പെടുന്ന സച്ചിന്റ പൈലറ്റിന് അശ്വാസകരമാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്നുള്ള മന്ത്രിസഭാ പുനസംഘടന. തന്നോടൊപ്പം പാര്‍ട്ടി വിടാന്‍ തയ്യാറായവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ വാങ്ങി നല്‍കാന്‍ ഇതുവഴി സച്ചിന് സാധിച്ചു.

സച്ചിന്‍ പൈലറ്റ് പക്ഷക്കാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ വിമുഖത കാണിച്ചിരുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ സോണിയ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സച്ചിന്‍ പൈലറ്റിന്റെ ആവശ്യം പരിഗണിക്കണമെന്ന് ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡ് ഗെലോട്ടിന് നിര്‍ദേശം നല്‍കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.