പാരിസ് :'ദരിദ്രരെ ശുശ്രൂഷിക്കുന്നത് അവരുടെ അമ്മമാരും സഹോദരിമാരുമായി മാറിക്കൊണ്ടാകണം; ദരിദ്രര്‍ക്കു മുന്നില്‍ അമ്മായിയമ്മമാരാകരുത്'-ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് വിന്‍സെന്റ് ഡി പോള്‍ സന്യാസിനീ സമൂഹത്തെ അഭിസംബോധന ചെയ്യവേ ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സേവിക്കുന്നതിനുള്ള വിളിയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ വിന്‍സെന്റ് ഡി പോളിന്റെ മാതൃക പ്രചോദകമാകണമെന്നും മാര്‍പാപ്പ പറഞ്ഞു. 'ദൈവം തന്റെ പ്രിയപ്പെട്ട ദരിദ്രരെ നിങ്ങള്‍ക്കായി ഭരമേല്പിച്ചിരിക്കുന്നു.'
സെന്റ് വിന്‍സെന്റ് ഡി പോള്‍, സെന്റ് ലൂയിസ് ഡി മറിലാക്ക് എന്നിവര്‍ ചേര്‍ന്ന് 1633-ല്‍ സ്ഥാപിച്ച സന്യാസിനീ സമൂഹത്തിന്റെ പാരിസില്‍ നടന്ന ജനറല്‍ അസംബ്ലിയുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വീഡിയോ പ്രഭാഷണം. ഈ സമൂഹത്തിലെ അംഗമായിരുന്ന സെന്റ് കാതറിന്‍ ലബോറയ്ക്ക് 1830 ല്‍ പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ട പാരിസിലെ മദര്‍ ഹൗസ് ആണ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. മര്‍ക്കോസിന്റെ സുവിശേഷ പ്രകാരം ബധിരനും മൂകനുമായ മനുഷ്യനെ സുഖപ്പെടുത്താന്‍ യേശു ഉപയോഗിച്ച 'തുറക്കപ്പെടട്ടെ' എന്നര്‍ത്ഥമുള്ള അറാമായ പദമായ 'എഫാത്ത' യായിരുന്നു പൊതുസമ്മേളനത്തിന്റെ മുദ്രാവാക്യം.
95 രാജ്യങ്ങളിലായി ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് വിന്‍സെന്റ് ഡി പോള്‍ സന്യാസിനീ സമൂഹത്തിലെ 13,519 അംഗങ്ങള്‍ ക്രിസ്തു നാമത്തില്‍ അഗതികളെ ശുശ്രൂഷിച്ചുവരുന്നു.സ്ഥാപന കാലം മുതല്‍ തന്നെ, ദരിദ്രരുടെ ബന്ധനങ്ങള്‍ തുറക്കാനും അവരെ സേവിക്കാനും ഉല്‍സുകരായിരുന്നു ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് വിന്‍സെന്റ് ഡി പോള്‍ എന്ന് മാര്‍പാപ്പ അനുസ്മരിച്ചു.' ലോകമെമ്പാടുമുള്ള വലിയ സ്ഥാപനങ്ങളിലും ആശുപത്രികളിലും അനാഥാലയങ്ങളിലും സ്‌കൂളുകളിലും പാവപ്പെട്ടവരെ സഹായിക്കാന്‍ മാത്രമല്ല നിങ്ങള്‍ ശ്രമിച്ചത്; അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കടന്നുചെന്ന് അവരെ കാണാനും മനസ്സിരുത്തുന്നുണ്ട്. മാനുഷിക വളര്‍ച്ചയുടെയും ജീവിത ഉന്നമനത്തിന്റെയും ആത്മീയ പരിചരണത്തിന്റെയും യാത്രകളില്‍ അവരോടൊപ്പം പങ്കുചേരുന്നു.'
ദരിദ്രരുടെ മുന്നില്‍ അമ്മമാരാകുന്നതു വഴി നിങ്ങളുടെ സ്‌നേഹത്തിലൂടെ അവരുടെ എല്ലാ ആവശ്യങ്ങളിലേക്കും കടന്നു ചെന്ന് അവരെ ദൈവസ്‌നേഹത്തിലേക്ക് പുനര്‍ജനിപ്പിക്കാനാകുന്നു നിങ്ങള്‍ക്ക് ; ജീവിതത്തിന്റെ സൗന്ദര്യത്തിലേക്ക് അവരെ വീണ്ടും പ്രവേശിപ്പിക്കാനും കഴിയുന്നു. സഹോദരിമാരെന്ന നിലയില്‍ തങ്ങളുടെ അവസ്ഥകളില്‍ അവരെ പിന്തുണയ്ക്കുന്നു. ജീവിത വഴികളില്‍ അന്തസ്സ് വീണ്ടെടുക്കാന്‍ അവരെ അനുഗമിക്കുകയും ചെയ്യുന്നു. ഈ വിധത്തില്‍, നിങ്ങള്‍ അതുല്യ ഉപവി പ്രസരിപ്പിക്കുന്നു. ക്രിസ്തുവിലൂടെ ദൈവം സാക്ഷ്യപ്പെടുത്തിയ മഹത്തായ സ്‌നേഹത്തിന്റെ ആധികാരിക പ്രതിച്ഛായയായി നിങ്ങള്‍ മാറണമെന്നു സെന്റ് വിന്‍സെന്റ് ഡി പോള്‍ പറഞ്ഞതിന്റെ അര്‍ത്ഥമതാണ്.
നിരവധി വൈരുദ്ധ്യങ്ങളും പലതരത്തിലുള്ള പാര്‍ശ്വവല്‍ക്കരണവും അടയാളപ്പെടുത്തുന്ന വര്‍ത്തമാനകാലത്ത് ഉപവിയുടെ പുത്രിമാര്‍ക്ക് ചരിത്രപരമായ പങ്ക് വഹിക്കാനുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു.'അക്രമത്തിനും വിവേചനത്തിനും ഇരയാകുന്ന നിരവധി സഹോദരീസഹോദരന്മാരെ സേവിക്കുന്നവരാണു നിങ്ങള്‍. അതോടൊപ്പം, മുതിര്‍ന്നവരുടെ ദുരുപയോഗത്തിന്റെ ആദ്യ ഇരകളാകുന്ന കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനു പ്രത്യേക സമര്‍പ്പണം നടത്തുന്ന സ്ത്രീകള്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്. പുഞ്ചിരിയോടെ, കരുതലോടെ, കൊച്ചുകുട്ടികളെ സേവിക്കുന്ന സമര്‍പ്പണത്താല്‍, ചുറ്റുമുള്ള ജീവിതത്തെ സംരക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയാണു നിങ്ങള്‍.
എല്ലാവര്‍ക്കും മാന്യമായ ജീവിതത്തിനുതകുന്ന മൗലികാവകാശങ്ങള്‍ ഉറപ്പുനല്‍കാനും നമ്മുടെ പൊതുഭവനമായ ഭൂമി സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനം പ്രധാനമാണ്. വിശ്വാസവും ക്രിസ്തീയ മൂല്യങ്ങളും പുതിയ തലമുറയ്ക്ക് കൈമാറാനുമാകണം.സഭയിലും ലോകത്തും വലിയൊരു ആത്മീയ ശക്തിയാണു നിങ്ങളുടെ സമൂഹം. പരസ്പരം പരിപാലിക്കാനും പഠിപ്പിക്കാനുമുള്ള കടമ പുതു തലമുറയ്ക്കു ബോധ്യമാക്കിക്കൊടുക്കാനും സമര്‍പ്പിതരെ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26