രക്തസാക്ഷിത്വത്തിന്റെ ചരിത്ര വീഥികളില്‍ കത്തോലിക്കാസഭ

രക്തസാക്ഷിത്വത്തിന്റെ ചരിത്ര വീഥികളില്‍ കത്തോലിക്കാസഭ

“നിങ്ങള്‍ ഞങ്ങളെ എത്രത്തോളം അരിഞ്ഞു വീഴ്ത്തുന്നുവോ, അതിലധികുമായി ഞങ്ങള്‍ പെരുകും; കാരണം ക്രൈസ്തവരുടെ രക്തം വിത്താണ്‌” 

തെര്‍ത്തുല്യന്‍(ഒന്നാം നൂറ്റാണ്ടിരി ജിവിച്ചിരുന്ന ക്രൈസ്തവ ദാര്‍ശനികന്‍)

മുപ്പതുകളുടെ തുടക്കത്തിലായിരുന്ന സ്റ്റീഫന്‍ എന്ന ഒരു ചെറുപ്പക്കാരനെ, ആദിമസഭയുടെ നേതാവായി തെരഞ്ഞെടുത്തത്‌. യഹൂദ നേതാക്കള്‍ സ്റ്റീഫനെ പിടികൂടി യഹൂദരുടെ പരമോന്നത നീതിപീഠമായ സാന്‍ഹ്രെദിനു' മുമ്പില്‍ ഹാജരാക്കി. അവര്‍ സ്റ്റീഫനു മേല്‍ ദൈവദൂഷണം ആരോപിച്ചു. വധശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു അത്‌. അവര്‍ അവനെ യാതൊരു മടിയും കൂടാതെ വലിച്ചിഴച്ചു കൊണ്ടുവന്ന്‌ മൃഗീയമാംവിധം കല്ലെറിഞ്ഞു. കല്ലെറിയപ്പെടുമ്പോള്‍ സ്റ്റീഫന്‍ മുട്ടുകുത്തി നിന്ന്‌ പ്രാര്‍ത്ഥിച്ചു. അവന്റെ സമീപത്തെത്തിയവര്‍ നേരത്തെ ക്രൂശിക്കപ്പെട്ട നസ്രായന്റെ വിളറിയ ചുണ്ടുകളില്‍ നിന്ന്‌ ഉതിര്‍ന്നു വീണ അതേ വാക്കുകള്‍ ശ്രവിച്ചു; “പിതാവേ, അവരോടു ക്ഷമിക്കണമേ അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല” (ലൂക്ക 23:34, നട 2:60).

സ്റ്റീഫന്റെ വീരോചിതമായ മരണം കൂട്ടത്തോടെയുള്ള മതപീഡനങ്ങള്‍ക്കു തുടക്കം കുറിച്ചു. അങ്ങനെ ലത്തീന്‍ ശബ്ദാവലിയില്‍: “രക്തസാക്ഷിത്വ'മെന്ന പുതിയ പദമുണ്ടായി. അഭിമുഖീകരിക്കേണ്ടിവന്ന ക്രൂരമര്‍ദ്ദനങ്ങളെയും മരണത്തെയും സൂചിപ്പിക്കുന്ന പദമായി അത്‌ മാറി. ആദ്യ മൂന്നു നൂറ്റാണ്ടുകളില്‍ എഴുപതു ലക്ഷം ക്രിസ്തീയ വിശ്വാസികളില്‍ 20 ലക്ഷം പേരും രക്തസാക്ഷികളായി.”

റോം കത്തി; നീറോ വീണ വായിച്ചു: ക്രൈസ്തവര്‍ സഹിച്ചു

എ.ഡി. 64 ലാണ്‌ സര്‍ക്കസ്‌ മാക്സിമസിനടുത്ത്‌ റോമില്‍ അഗ്നിബാഠധയുണ്ടായത്‌. ഒമ്പതു ദിവസങ്ങള്‍ നീണ്ടുനിന്ന അതിഭയങ്കരമായ ഈ അഗ്നിബാധയ്ക്കുശേഷം നീറോ ച്രക്രവര്‍ത്തി ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നത്‌ നിയമവിരുദ്ധമായി” പ്രഖ്യാപിക്കുകയും മതപീഡനത്തിന്റെ തീവ്രത കൂട്ടുകയും ചെയ്തു. ഈ അഗ്നിബാധയില്‍ റോം നഗരത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും കത്തി നശിച്ചിരുന്നു. അഗ്നിബാധയുടെ കാരണം ക്രൈസ്തവരുടെ മേല്‍ നീറോ കെട്ടിവച്ചു. യഥാര്‍ത്ഥത്തില്‍ വ്യക്തിപരമായ ലാഭത്തിനു വേണ്ടി അദ്ദേഹം കൊള്ള ആസൂര്രണം ചെയ്യുകയായിരുന്നു.

റോം നഗരത്തെ പതിനാല്‌ ഭരണ ജില്ലകളായി വിഭജിച്ചു. ഇതില്‍ നാലെണ്ണം അവശിഷ്ടങ്ങളുടെ കൂമ്പാരമായിരുന്നു. ആറെണ്ണം കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടവയായിരുന്നു. നാലെണ്ണം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.” ജനസാന്ദ്രതയുടെ ആധിക്യവും തിങ്ങിഞെരുങ്ങിയ കെട്ടിടങ്ങളും അഗ്നിബാധ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വര്‍ധിപ്പിച്ചു. മധ്യവര്‍ഗത്തിന്റെയും തീരെ പാവങ്ങളുടെയും ഉന്നതശ്രേണികളില്‍പെട്ട സെനറ്റര്‍മാരുടെയും (പ്രഭുക്കന്മാര്‍) വീടുകള്‍ എല്ലാം നശിച്ചുപോയിരുന്നു. ഇതുകൊണ്ട്‌ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും കോപാരകാന്തരായിരുന്നു. റോമന്‍ ചരിത്രകാരനായ കാഷ്യസ്‌ ദിയോ നീറോയ്ക്കെതിരെയുള്ള ജനരോഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. “നീറോയുടെ പേര്‍ പറയാനാവാത്തതു കൊണ്ട്‌ ജനങ്ങള്‍ ദൈവത്തെ ആണയിട്ട്‌ ശപിക്കുമായിരുന്നു”.

റോമന്‍ ചരിത്രകാരനും രാഷ്ട്രീയ സൈദ്ധാന്തികനുമായ ടാസിറ്റസ്‌ അഗ്നിബാധയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെപ്പറ്റി പറയുന്നുണ്ട്‌. നേരത്തെയുള്ള വിജയങ്ങളെയെല്ലാം ഇത്‌ നശിപ്പിച്ചു. പുരാതനമായ തീര്‍ത്ഥാലയങ്ങളും ദേവാലയങ്ങളും അടക്കം എണ്ണിയാലൊടുങ്ങാത്ത കെട്ടിടങ്ങള്‍ നശിച്ചതായി അദ്ദേഹം പറയുന്നുണ്ട്‌. അദ്ദേഹത്തിന്റെ മറ്റൊരു കൃതിയില്‍ പൊതുജനങ്ങളുടെ അഭിപ്രായത്തില്‍ നീറോ കുറ്റവാളിയായിരുന്നതായി പ്രസ്താവിച്ചിട്ടുണ്ട്‌. “എല്ലാ മാനുഷികമായ പരിശ്രമങ്ങളും ച്രകവര്‍ത്തിയുടെ ഉദാരമായ പാരിതോഷികങ്ങളും ദേവന്മാരുടെ മാദ്ധ്യസ്ഥ്യവും തന്നെ നീറോയാണ്‌ അഗ്നിയിടാന്‍ കല്‍പ്പിച്ചതെന്ന പൈശാചികമായ വിശ്വാസത്തെ നാടുകടത്തിയില്ല."*

കിംവദന്തികള്‍ ദുരീകരിക്കുന്നതിനും തനിക്കുനേരെയുള്ള സംശയത്തിന്റെ മുന മാറ്റാനുമായി നിരുപ്രദവകാരികളായ ക്രൈസ്തവരാണ്‌ വിനാശകരമായ അഗ്നിബാധയ്ക്ക്‌ കാരണമെന്ന്‌ നീറോ ആരോപിക്കുകയും റോമാ സാമ്രാജ്യത്തിൽ ഉടനീളം ഔദ്യോഗികമായി ക്രൈസ്തവര്‍ക്കെതിരെ കൂട്ടത്തോടെയുള്ള മതപീഡനം ആരംഭിക്കുകയും ചെയ്തു.

ഭീകരമായ ഈ അഗ്നിബാധ നീറോയുടെ പ്രവൃത്തിയാണെന്ന്‌ ജനം വിശ്വസിക്കാന്‍ വേറെയും കാരണമുണ്ടായിരുന്നു. റോമാനഗരത്തിന്റെ മധ്യത്തില്‍ തനിക്ക്‌ അതിവിശാലമായ കൊട്ടാരം (പില്‍ക്കാലത്ത്‌ ദോമൂസ്‌ അരീന, അതായത്‌ സുവര്‍ണ്ണകൊട്ടാരം) നിര്‍മ്മിക്കണമെന്ന നീറോയുടെ ആഗ്രഹത്തെപ്പറ്റി ജനത്തിന്‌ ബോധ്യമുണ്ടായിരുന്നു. ഈ സംഭവത്തില്‍ നിന്നാണ്‌ “റോം കത്തിയെരിയുമ്പോള്‍, നീറോ വീണ വായിച്ചു” എന്ന വാക്യപ്രയോഗം ഉണ്ടാകുന്നത്‌. അമിത പ്രതാപത്തില്‍ ഭ്രമിക്കുന്ന മനോരോഗിയായിരുന്നു നീറോ. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്ന നീറോ സ്വന്തം അമ്മയെ അടിച്ചു കൊല്ലുകയായിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ അടിവയറ്റില്‍ ശക്തിയായി തൊഴിച്ചു വധിച്ചു. ഇതുമൂലം ജനങ്ങള്‍ നീറോയെ വല്ലാതെ ഭയപ്പെട്ടിരുന്നു. ക്രൈസ്തവര്‍ക്ക്‌ എതിരെയുള്ള നീറോയുടെ കുറ്റാരോപണം പൊതുജനം വിശ്വസിച്ചിരുന്നില്ല. എന്നാല്‍ പൊതുജനാഭിപ്രായത്തിനു യാതൊരു വിലയുമുണ്ടായിരുന്നില്ല. മാത്രമല്ല, ക്രിസ്തീയ വിശ്വാസികള്‍ക്ക്‌ എതിരെയുള്ള പീഡനങ്ങളെ ആരെങ്കിലും എതിര്‍ത്താല്‍ അവരും പീഡിപ്പിക്കപ്പെടുമെന്നതായിരുന്നു സ്ഥിതി. നീറോയുടെ മതപീഡനനാളുകളില്‍ 3500 നിരപരാധികളായ ക്രൈസ്തവരെ മതപീഡനത്തിനിരയാക്കി വധിച്ചുവെന്ന്‌ പ്രസിദ്ധ ചരിത്രകാരനായ ഡബ്ലിയു.എച്ച്‌.സി. ഫ്രെന്‍ഡ്‌"പറഞ്ഞിട്ടുണ്ട്‌. മൂന്നാമത്തെ മാര്‍പ്പാപ്പയായിരുന്ന വിശുദ്ധ ക്ലെമന്റ്‌ നീറോയുടെ സര്‍ക്കസ്‌, എന്നു പേരുള്ള വത്തിക്കാന്‍ കുന്നുകളിലുണ്ടായിരുന്ന ഗോദായിലേക്ക്‌ ആളുകളെ കൊണ്ടുപോകുന്നതിനെക്കുറിച്ച്‌ അനുസ്മരിച്ചിട്ടുണ്ട്‌. ഇന്ന്‌ അവിടെയാണ്‌ വിശുദ്ധ പത്രോസിന്റെ പേരിലുള്ള ബസിലിക്ക നിലകൊള്ളുന്നത്‌.ക്രൈസ്തവരുടെ ദേഹത്ത്‌ മൃഗത്തോലുകള്‍ തുന്നിപ്പിടിപ്പിച്ച ശേഷം, തോട്ടങ്ങളിലേക്ക്‌ പറഞ്ഞയക്കും.തുടര്‍ന്ന്‌ പട്ടിണിയ്ക്കിട്ട കൂറ്റന്‍ നായ്ക്കളെ തോട്ടങ്ങളിലേക്ക്‌ തുറന്നുവിടും. തോട്ടങ്ങളില്‍ അകപ്പെട്ടു പോയ ക്രിസ്ത്യാനികളെ അവ കൊന്നുതിന്നും. നീറോ തോട്ടത്തില്‍ ഉലാത്തുമ്പോള്‍ വെളിച്ചം കിട്ടാനായി ക്രൈസ്തവരെ കീലും അരക്കും പുരട്ടി കത്തിച്ചു നിര്‍ത്തുന്നതും, തെരുവുകളില്‍ ഇങ്ങനെയുള്ളവരെ വിളക്കുകള്‍ക്കു പകരം കത്തിക്കുന്നതും നീറോയുടെ മറ്റൊരു മൃഗീയ വിനോദമായിരുന്നു. ഇക്കാലത്ത്‌ 500 മുതല്‍ 1200 വരെ ക്രിസ്ത്യാനികളെ ഇപ്രകാരം അഗ്നിക്കിരയാക്കിയിട്ടുണ്ട്‌.

ക്രൈസ്തവരുടെ ദൈവത്തിന്റെ മുഖ്ൃശ്രതുവായി സ്വയം പ്രഖ്യാപിച്ച നീറോ അപ്പസ്തോല പ്രമുഖന്മാരായ പത്രോസിനെയും വിശുദ്ധ പൌലോസിനെയും വധിച്ചു. റോമില്‍നിന്ന്‌ രക്ഷപ്പെടാന്‍ പലവഴികളുമുണ്ടായിട്ടും വിശുദ്ധ പത്രോസ്‌ അതിനു തുനിഞ്ഞില്ല. ഒപ്പമുള്ളവരെ ശക്തിപ്പെടുത്താനും തന്റെ പാത പിന്തുടരാനുമായി അദ്ദേഹം ക്രൂശിക്കപ്പെട്ട്‌ മരിച്ചു. തന്റെ ഗുരുവായ യേശുവിനെപോലെ മരിക്കാന്‍ യോഗ്യതയില്ലാത്തതിനാല്‍ തന്നെ തലകീഴാക്കി കുരിശില്‍ തറച്ചാല്‍ മതിയെന്ന്‌ പത്രോസ്‌ ശ്ലീഹാ ആവശ്യപ്പെട്ടിരുന്നു. ഇതോടെ, “നിന്നോടുകൂടെ മരിക്കേണ്ടി വന്നാല്‍ പോലും ഞാന്‍ നിന്നെ നിഷേധിക്കുകയില്ല” (മത്താ. 26:35) എന്ന്‌ യേശുവിന്റെ മുമ്പാകെ നടത്തിയ പ്രതിജ്ഞ പത്രോസ്‌ സഫലമാക്കി. റോമാ പൌരനായതുകൊണ്ട്‌ വിശുദ്ധ പൌലോസിനെ തലവെട്ടിയാണ്‌ വധിച്ചത്‌.” അങ്ങനെ “എനിക്ക്‌ ജീവിതം ക്രിസ്തുവും മരണം നേട്ട്‌"വുമാണെന്ന (ഫിലി. 1:21) തന്റെ വാക്കുകളോട്‌ വിശുദ്ധ പൌലോസ്‌ വിശ്വസ്തത പുലര്‍ത്തി.

നീറോ ചെയ്ത അതിക്രമങ്ങള്‍ റോമന്‍ സാമ്രാജ്യത്തിൽപ്പെട്ട എല്ലാവരെയും ക്ഷുഭിതരാക്കി. 68 ജൂണ്‍ 9ന് സെനറ്റ്‌ നീറോയെ “പൊതു ശത്രു” വായി പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം നീറോയെ അറസ്റ്റ്‌ ചെയ്യാന്‍ സെനറ്റ്‌ ഭടന്മാരെ അയച്ചു. ഭടന്മാര്‍ എത്തുന്നതിനു മുമ്പേ, നീറോയുടെ പ്രൈവറ്റ്‌ സ്രെകട്ടറിയായ എപ്പെഫ്രൊദിത്തോസിന്റെ സഹായത്തോടെ നീറോ ആത്മഹത്യ ചെയ്തു."

നീറോയ്ക്കു ശേഷമുള്ള ച്രകവര്‍ത്തിമാരും ക്രൈസ്തവരെ നീചമായി വധിക്കുകയും മതപീഡനം തുടരുകയും ചെയ്തു.

ചില വിവരണങ്ങള്‍

സഭയിലെ ക്രൈസ്തവ രക്തസാക്ഷികളുടെ നിരവധി വിവരണങ്ങളുണ്ടെങ്കിലും അവയില്‍മൂന്നെണ്ണം ഏറെ പ്രത്യേകതയുള്ളതാണ്‌. ആദിമ്ക്രിസ്തീയ സമൂഹങ്ങളില്‍ തന്നെ പ്രചോദനം കൊണ്ടും പ്രശംസകൊണ്ടും ഈ വിവരണങ്ങള്‍ക്ക്‌ ഉയര്‍ന്ന സ്ഥാനമുണ്ട്‌.

എ.ഡി. 177 -ല്‍ ലുഗ്ദുനുമിലെ (ലിയോണ്‍സ്‌) ഗവര്‍ണര്‍ റോമന്‍ ച്ര്രവര്‍ത്തിയായ മാര്‍ക്കസ്‌ ഓറേലിയുസിന്റെ കല്‍പ്പനയനുസരിച്ച്‌ ഒരു വിളംബരം പുറപ്പെടുവിച്ചു. ക്രൈസ്തവര്‍ അവരുടെ വിശ്വാസത്തെ തള്ളിപ്പറയുകയും റോമാക്കാരുടെ ദൈവങ്ങളെ ആരാധിക്കുകയും വേണമെന്നായിരുന്നു ഈ കല്‍പ്പന. ഈ കല്‍പ്പന നിഷേധിക്കുന്നവരെ മൈതാനത്തുവച്ച്‌ വധിക്കും. റോമാ പൌരന്‍മാരാണ്‌ ഈ കല്‍പ്പന ലംഘിക്കുന്നതെങ്കില്‍ അവരുടെ തലവെട്ടി വധശിക്ഷ നടപ്പാക്കും.

റോമന്‍ പട്ടാളക്കാര്‍ രാജകല്‍പ്പന നടപ്പാക്കാന്‍ ആരംഭിച്ചു. ക്രൈസ്തവ മാതാപിതാക്കളാകട്ടെ തങ്ങളുടെ മക്കളേ ധീരതയോടെ മരണം വരിക്കാന്‍ പ്രോത്സാഹിപ്പിച്ചു. മരണത്തെ മുഖാമുഖം കാണേണ്ടി വരുമ്പോള്‍ എന്തു ചെയ്യണമെന്നും മക്കള്‍ക്ക്‌ അവര്‍ നിര്‍ദ്ദേശം നല്‍കി. ചിലര്‍ മതമര്‍ദ്ദനത്തെ ഭയന്ന്‌ നഗരങ്ങളില്‍ നിന്ന്‌ പലായനം ചെയ്തു. നിരവധി പേര്‍ പ്രാര്‍ത്ഥനാനിരതരായി ആ നിമിഷങ്ങള്‍ക്കായി കാത്തിരുന്നു. ആദ്യത്തെ ദിവസം വധശിക്ഷക്കായി വിധിക്കപ്പെട്ട നിരപരാധികളായ 48 ക്രൈസ്തവരെ പിടികൂടി മുന്നോട്ടു കൊണ്ടുവന്നു. ജനക്കൂട്ടങ്ങള്‍ക്ക്‌ മധ്യേവച്ച്‌ അവരെ വ്യാജമായി വിചാരണ ചെയ്ത്‌ ദേശവിരുദ്ധരായി പ്രഖ്യാപിച്ചു. നിരവധി ജനങ്ങളെ സാക്ഷിയാക്കി പരസ്യമായി വധശിക്ഷ നടപ്പാക്കിയത്‌ ജനങ്ങളില്‍ ഭീതി ജനിപ്പിക്കാനായിരുന്നു. ക്രൈസ്തവര്‍ക്കെതിരെയുള്ള ഗവര്‍ണറുടെ ആരോപണങ്ങള്‍അചിന്ത്യവും മനുഷ്യത്വരഹിതവുമായിരുന്നു. ക്രൈസ്തവര്‍ മനുഷ്യരെ തിന്നുമെന്നും, മാതാപിതാക്കളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നുവെന്നും"* മക്കളെ മാതാപിതാക്കള്‍ തന്നെ കൊന്ന്‌ സദ്യയൊരുക്കുന്നുവെന്നുമെല്ലാം കുറ്റങ്ങളുടെ പട്ടികയിലുണ്ടായിരുന്നു. മനുഷ്യത്വരഹിതമായ ഈ ആരോപണങ്ങളും ഭയാനകമായ നുണകളായിരുന്നുവെങ്കിലും അവ വായിച്ചു കേള്‍ക്കുമ്പോള്‍ ജനക്കൂട്ടം ക്രൈസ്തവര്‍ വധിക്കപ്പെടേണ്ടവരാണെന്ന്‌ ആര്‍ത്തുവിളിക്കുമായിരുന്നു. ആദ്യമായി ഗോദയിലേക്ക്‌ വലിച്ചിഴച്ചു കൊണ്ട്‌ വന്നത്‌ സാങ്തൂസ്‌ എന്ന ഡീക്കനെ എല്ലുകളൊടിയുന്നതുവരെ അവര്‍ അടിച്ചു. കുറ്റവാളിയാണെന്ന്‌ ഏറ്റുപറയാന്‍ അവര്‍ നിര്‍ബന്ധിച്ചുവെങ്കിലും “ഞാനൊരു ക്രിസ്ത്യാനി* എന്ന ഒറ്റ വാകൃത്തില്‍ അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം ദൃഡഃചിത്തനായി അദ്ദേഹം മറുപടി നല്‍കി. അദ്ദേഹം ആവര്‍ത്തിച്ച്‌ ഇങ്ങനെ പറയുമ്പോഴെല്ലാം റോമന്‍ അധികൃതരും പടയാളികളുമെല്ലാം കൂടുതല്‍ കോപാക്രാന്തരായി.

തങ്ങളുടെ മര്‍ദ്ദനങ്ങള്‍ക്ക്‌ അദ്ദേഹം വഴങ്ങില്ലെന്നു കണ്ടതോടെ പിച്ചളപാത്രം ചൂടാക്കി ശരീരത്തിലെ മൃദുലമായ ഭാഗങ്ങളിലെല്ലാം വച്ച്‌ പൊള്ളിച്ചു. ആ ശരീരം കത്തിക്കരിഞ്ഞ്‌ ഒരു മാംസപിണ്ഡം പോലെയായി. ശരീരമാകെ കീറിപ്പറിഞ്ഞിട്ടും, പൊള്ളലേറ്റിട്ടും എല്ലുകള്‍ തകര്‍ന്നിട്ടും ഇടറിയ സ്വരത്തില്‍ അദ്ദേഹം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു “ഞാനൊരു ക്രിസ്ത്യാനിയാണ്‌” കോപം കൊണ്ട്‌ ഭ്രാന്ത്‌ പിടിച്ച റോമന്‍ പടയാളികള്‍ അദ്ദേഹം തങ്ങളുടെ ആരോപണങ്ങള്‍ക്ക്‌ വഴങ്ങുമെന്നു കരുതി അതേ അവസ്ഥയില്‍ ഒന്നോ രണ്ടോ ദിവസം തടവിലിടാന്‍ തീരുമാനിച്ചു. തകര്‍ന്നു പോയ എല്ലുകളും പൊള്ളിയ ശരീരവുമെല്ലാം മുലമുള്ള വേദന മൂലം തന്നെ കൊന്നുതരണേയെന്ന്‌ അദ്ദേഹം അപേക്ഷിക്കുമെന്ന്‌ അവര്‍ കരുതി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ്‌ അഗ്നികൊണ്ട്‌ ചുവപ്പിച്ച പിച്ചള പാത്രങ്ങള്‍ അതേ മുറിവില്‍ വച്ചപ്പോള്‍ അവര്‍ പ്രതീക്ഷിച്ചത്‌ അയാള്‍ക്കെതിരെ വിജയിക്കാമെന്നായിരുന്നു. ആ മുറിവുകളില്‍ ഒന്ന്‌ മൃദുവായി തൊട്ടാല്‍ പോലും ജീവന്‍ പോകുമെന്ന അവസ്ഥയായതുകൊണ്ട്‌ അദ്ദേഹം പെട്ടെന്ന്‌മരണപ്പെടുമെന്നും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ അതുകണ്ട്‌ ആകെ തകരുമെന്നും അവര്‍ കണക്കുകൂട്ടി. എന്നാല്‍ “ഞാനൊരു ക്രിസ്ത്യാനിയാണ്‌” എന്ന സാങ്തുസിന്റെ പ്രഖ്യാപനത്തെ തുടക്കം മുതലേ തടയാന്‍ അവര്‍ മുതിര്‍ന്നില്ല. ഏറ്റവും ഒടുവിലായി ഇതേവരെയുള്ള അതിക്രൂരമായ മര്‍ദ്ദനവും മൂലം സാങ്തുസ്‌ വഴങ്ങില്ലെന്നു മനസ്സിലായ റോമന്‍ അധികൃതര്‍ അദ്ദേഹത്തെ തീയില്‍ പഴുപ്പിച്ച ഒരു ഇരുമ്പ്‌ കസേരയില്‍ ഇരുത്തി. സ്വന്തം ശരീരം കത്തിയെരിഞ്ഞ പുക ശ്വസിച്ച്‌ സാങ്തുസ്‌ മരിച്ചു.

ചരിധ്രകാരനായ യുസേബിയുൂസ്‌ എഴുതുന്നു: “അവരുടെ മര്‍ദ്ദകര്‍ക്ക്‌ തൃപ്തി വന്നിരുന്നില്ലെങ്കിലും രാക്ഷസ പിശാചുക്കളുടെ പ്രതിരോധം മറികടക്കാന്‍ അവര്‍ കൂടുതല്‍ വെറി പിടിച്ചവരായി മാറി. അവര്‍ക്ക്‌ ഇഷ്ടമുള്ളതെല്ലാം ചെയ്തിട്ടും തുടക്കം മുതലേ പറഞ്ഞ വാക്കുകളുടെ ആവര്‍ത്തനം മാത്രമാണ് സാങ്തുസില്‍ നിന്ന്‌ കേട്ടത്‌”

സാങ്തുസിന്‌ താന്‍ ഒരു ധനികനെന്നോ പണ്ഡിതനെന്നോ വിശുദ്ധനെന്നോ അറിയപ്പെടാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. “ഒരു ക്രൈസ്തവനാണെന്ന്‌” മാത്രം അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചു. സങ്കല്പിക്കാനാവാത്ത വിധത്തിലുള്ള മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം സാങ്തുസ്‌ ജീവത്യാഗം ചെയ്തു.

അടുത്തതായി നാം കാണുന്നത്‌ ലിയോണ്‍സിലെ മെത്രാനായ 90 വയസ്സുള്ള ബിഷപ്പ്‌ പൊന്തിയൂസിനെയാണ്‌. നിരവധി രോഗങ്ങള്‍ അലട്ടിയിരുന്നതുമൂലം ശാരീരികമായി ഏറെ പരിക്ഷീണിതനായിരുന്നു ബിഷപ്പ്‌. രോഗബാധിതനായ അദ്ദേഹത്തിന്‌ കലശലായ ശ്വാസതടസ്സമുണ്ടായിരുന്നു. ഇതെല്ലാമായിരുന്നിട്ടും ക്രിസ്തുവിന്‌ സാക്ഷ്യം വഹിക്കാന്‍ വേണ്ടി അദ്ദേഹവും പീഡിപ്പിക്കപ്പെടുന്നവരില്‍ ഒരാളായി മാറി. ന്യായാധിപന്മാരുടെ പീഠത്തിനു മുമ്പിലേക്ക്‌ നഗരത്തിലെ മജിസ്‌ട്രേട്ടുമാരുടെ അകമ്പടിയോടെ അദ്ദേഹത്തെ എത്തിച്ചു. ജനക്കൂട്ടം സഭ്യമല്ലാത്ത നിരവധി വാക്കുകള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. യേശുവിനെതിരെ എന്നപോലെ നിരവധി ആരോപണങ്ങള്‍ ബിഷപ്പിനുമേല്‍ ചുമത്തപ്പെട്ടു. ആരാണ്‌ ക്രിസ്ത്യാനികളുടെ ദൈവമെന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന്‌ ബിഷപ്പ്‌ ഇങ്ങനെ മറുപടി പറഞ്ഞു: “നിങ്ങള്‍ യോഗ്യതയുള്ളവനെങ്കില്‍ നിങ്ങള്‍ക്കും അറിയാന്‍ കഴിയും".(യുസേബിയൂസ്‌ സഭാചരിത്രം ബുക്ക്‌ 5)

അതിനുശേഷം ഭടന്മാര്‍ ബിഷപ്പിനെ ഗോദായിലേക്ക്‌ വലിച്ചിഴച്ചു. പ്രായത്തിന്റെ പരിഗണനനല്‍കാതെ ഭടന്മാര്‍ അദ്ദേഹത്തെ അടിച്ചു. ഏറെനേരം അടിയും മര്‍ദ്ദനങ്ങളും തുടര്‍ന്നു. അതോടെ എല്ലുകളുടെ സ്ഥാനാതെറ്റി തുടങ്ങി. തോളിലും ശരീരത്തിന്റെ സന്ധിബന്ധങ്ങളിലെല്ലാം ഭടന്മാര്‍ തൊഴിച്ചു കൊണ്ടേയിരുന്നു. കാഴ്ചക്കാരാകട്ടെ കൈയ്യില്‍ കിട്ടിയതെല്ലാം ബിഷപ്പിനെതിരെ വലിച്ചെറിഞ്ഞു. ബിഷപ്പിനെ ഉപ്രദവിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ തങ്ങള്‍ കൂടുതല്‍ പാപികളും അവിശ്വസ്തരുമാകുമെന്ന്‌ അവര്‍ കരുതി. ഇങ്ങനെ ചെയ്യുന്നതിലൂടെ തങ്ങളുടെ ദേവന്മാരെ പ്രീതിപ്പെടുത്താമെന്ന്‌ അവര്‍ ചിന്തിച്ചു. അടിയേറ്റു തകര്‍ന്ന പൊന്തിയൂസിനെ അവര്‍ തടവിലാക്കി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സാങ്തൂസിനു പിന്നാലെ ബിഷപ്പ്‌ പൊന്തിയൂസും സ്വര്‍ഗ്ഗത്തിലേക്ക്‌ യാര്രയായി. സാങ്തൂസിനും പൊന്തിയുസിനും പിന്നാലെ ബ്ലാന്‍ഡിന എന്ന യുവതിയാണ്‌ പീഡനമേൽക്കേണ്ടി വന്നത്‌. ബ്ലാന്‍ഡിനയുടെ സഹനം ഏത്‌ ക്രൈസ്തവനും പ്രചോദനത്തിന്റെ ഉറവിടമാണ്‌. സഹിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്കും അവളുടെ സഹനങ്ങള്‍ എക്കാലത്തും ഉത്തേജനം നല്‍കുന്നു.

വിയന്നയില്‍ നിന്നും ലിയോണ്‍സില്‍ നിന്നുമുള്ള ഒരു കത്തില്‍ ബ്ലാന്‍ഡിനയെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: “അവളുടെ മര്‍ദ്ദകരില്‍ ഓരോരുത്തരായി പ്രഭാതം മുതല്‍ പ്രദോഷം വരെ പലവിധത്തില്‍ അവളെ പീഡിപ്പിച്ചുവെങ്കിലും അതെല്ലാം ചെറുത്തു നില്‍ക്കാനുള്ള ശക്തി അവളില്‍ നിറഞ്ഞിരുന്നു. പീഡകര്‍ പോലും ഏറ്റു പറഞ്ഞു, ഇനി അവളെ പീഡിപ്പിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും അവശേഷിച്ചിട്ടില്ലെന്ന്‌. മര്‍ദ്ദകര്‍ പോലും തളര്‍ന്ന്‌ അവശരായിട്ടും അവളുടെ ജീവന്‍ പോകാത്തതില്‍ അവര്‍ അത്ഭുതപ്പെട്ടു. അവളുടെ ശരീരമെല്ലാം കീറിപ്പറിഞ്ഞിരുന്നു. മരണകരമായേക്കാവുന്ന നിരവധി പീഡനങ്ങള്‍ ഏറ്റിട്ടും ആ അനുഗൃഹീതയായ സ്ത്രീ കുലീനയായ ഒരു കായികാഭ്യാസിയെപ്പോലെ ഏറ്റുപറച്ചിലില്‍ പോലും അവളുടെ ശക്തി വീണ്ടെടുത്തു. “ഞാനൊരു ക്രിസ്ത്യാനിയാണ്‌. ഞങ്ങളിലാരും തന്നെ തിന്മ ചെയ്തിട്ടില്ല". അവളുടെ ഈ വിശ്വാസ പ്രഖ്യാപനം അവളില്‍ ഏല്‍പ്പിക്കപ്പെട്ട ദണ്ഡനങ്ങളെല്ലാം തന്നെ വേദനരഹിതമാക്കി അവള്‍ക്ക്‌ നവോന്മേഷം ലഭിക്കുന്നതായി മാറി.

ബ്ലാന്‍ഡിനയെ പീഡിപ്പിച്ച പടയാളികള്‍തന്നെ വിവരിച്ചതുപ്രകാരം അവള്‍ക്കു കിട്ടിയ അടിയുടെ കാല്‍ഭാഗം മതിയായിരുന്നു അവള്‍ മരിക്കാന്‍. അവള്‍ക്ക്‌ ലഭിച്ച ദണ്ഡനങ്ങളില്‍ പതറാതെ നില്‍ക്കുന്നതുകണ്ട്‌ ഭടന്മാരും കാഴ്ചക്കാരും വിസ്മയിച്ചുപോയി. ഒടുവില്‍ അവളെ ഒരു തൂണില്‍ ബന്ധിച്ചതിനുശേഷം വിശന്നുവലഞ്ഞ മൃഗങ്ങളെ അവളെ ധ്വംസിക്കാന്‍ അഴിച്ചു വിട്ടു. എന്നാല്‍ വിവരണങ്ങളില്‍ പറയുന്നത്‌ വിശന്നു വലഞ്ഞ മൃഗങ്ങളൊന്നും തന്നെ അവളെ സ്പര്‍ശിച്ചതേയില്ലെന്നാണ്‌. പിന്നീട്‌ അവളെ അഴിച്ച്‌ തടവറയില്‍ അടച്ചു. അന്ത്യദിനത്തിലെ ദണ്ഡനങ്ങള്‍ക്കു വേണ്ടിയായിരുന്നു ഇത്‌.

ഏറ്റവും അവസാനത്തെ ദിവസം ബ്ലാന്‍ഡിനക്കൊപ്പം 15 വയസ്സുള്ള പൊന്തിക്കസ്സ്‌ എന്നബാലനുമുണ്ടായിരുന്നു. തടവറയിലായിരുന്നപ്പോഴും ക്രൈസ്തവരെ പീഡിപ്പിക്കുന്നതു കാണാന്‍ എല്ലാദിവസവും അവരെ ഗോദയിലെത്തിച്ചിരുന്നു. റോമന്‍ ദേവന്മാരെ ആരാധിക്കാന്‍ പറഞ്ഞുവെങ്കിലും അവര്‍ ഒരിക്കലും വഴങ്ങിയില്ല. ഇതാകട്ടെ ജനങ്ങളെ വിറളിപിടിപ്പിച്ചു. അവരുടെ ചോരയ്ക്കുവേണ്ടി ജനം കുവിയാര്‍ത്തു. വന്യമൃഗങ്ങളുടെയും തീ ദണ്ഡുകളുടെയും പീഡനങ്ങള്‍ക്കുശേഷം അവളെ ഒരു കൂട്ടയിലടച്ച്‌ ഒരു കാളക്കൂറ്റന്റെ മുമ്പിലേക്ക്‌ എറിഞ്ഞു. കാളക്കൂറ്റന്‍ ഓരോ തവണയും അവളെ എടുത്തെറിഞ്ഞപ്പോഴും ആ വേദനകളൊന്നും അവള്‍ക്ക്‌ അനുഭവേദ്യമായില്ല. അവള്‍ കണ്ടത്‌ കുരിശില്‍ നിന്നുള്ള കരങ്ങള്‍ അവളെ ആലിംഗനം ചെയ്യുന്നതു മാത്രം.

അതേസമയം ഗോദായുടെ മറുവശത്ത്‌ ബ്ലാന്‍ഡിനയെപ്പോലെ പൊന്തിക്കസും മര്‍ദ്ദനങ്ങള്‍ക്കിരയായി.ക്രിസ്തുവിനെവപ്പറ്റി വിളിച്ചു പറഞ്ഞുകൊണ്ട്‌ അവന്റെ ജ്യേഷ്ഠസഹോദരിയായ ബ്ലാന്‍ഡിന അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ഒടുവില്‍ പൊകന്തിക്കസും എല്ലാ വേദനകളും സഹിച്ചുകൊണ്ട്‌ ക്രിസ്തീയ ആനന്ദത്തില്‍ പങ്കുചേരാന്‍ അനന്തത പൂകി.

തങ്ങളുടെ വിശ്വാസത്തിനു വേണ്ടി വീരോചിതമായി ജീവന്‍ വെടിഞ്ഞ ഈ രക്തസാക്ഷികളെ കണ്ടുകൊണ്ടാണ്‌ തെര്‍ത്തുല്യന്‍ സംക്ഷിപ്തമെന്നോണം ഇങ്ങനെ പറയുന്നു: “രക്താക്ഷികളുടെ രക്തമാണ്‌ സഭയുടെ വിത്ത്‌.”

അലൻ പ്രിൻസ് - ഷാർജ


അടിക്കുറിപ്പുകള്‍

1. സാന്‍ഹ്റെദിന്‍ -റോമന്‍ അധിനിവേശകാലത്ത്‌ യഹൂദരുടെ ഉന്നത നീതിപീഠമായിരുന്നു ഇത്‌. കൗൺസിൽ എന്നര്‍ദ്ധ “സിന്റെഡിയോണ്‍' എന്ന പദത്തില്‍ നിന്നാണ്‌ ഈ പദമുണ്ടായത്‌. മുഖ്യ പുരോഹിതന്‍ ഒഴികെ 70 അംഗങ്ങളുണ്ടായിരുന്നു ഇതില്‍ (സംഖ്യ 11:16)

2. https://newadvent.org/cathen/09736b.html

3. https://www3.dbu.edu/mitchell/ancient_christian_martydom.html

4. “രക്തസാക്ഷിത്വ പാരമ്പര്യം ക്രൈസ്തവ ബോധത്തിലേക്ക്‌ ആഴത്തില്‍ പ്രവേശിച്ചു” കെന്നത്ത്‌ സ്‌ക്കോട്ടിന്റെ A history of Christianity Volume Beginnings to 1500

5. ഡിഡാക്കെ പാരമ്പരയില്‍ നിന്ന്‌ സഭയുടെ ചരിത്രം

6 .Dio Roman History LXII 18.2.3

7. ചരിത്ര വ്യാഖ്യാനം XV 41

8. ചരിത്ര വ്യാഖ്യാനം XV 44

9. WHS Frend(1984) ക്രിസ്തുമത്തിന്റെ ഉദയം

10. ഒരിജനും യൂസേബിയൂസ്‌ ഉദ്ധരിച്ചിരിക്കുന്നു

  • നീറോയുടെ കാലത്ത്‌ റോമില്‍ വച്ച്‌ രക്തസാക്ഷിത്വം വരിച്ചതായി പറയുന്നു. തെര്‍ത്തുല്യന്‍ തന്റെഗ്രന്ഥത്തില്‍ വി. പൌലോസ്‌ റോമില്‍ വച്ച്‌ ശിരച്ചേദം ചെയ്തുവെന്ന്‌ എഴുതിയിരിക്കുന്നു. യൂസേബിയൂസുംജെറോമും ഈ പാരമ്പര്യം വിമുഖതയില്ലാതെ അംഗീരിച്ചിട്ടുണ്ട്‌.

11. പോയിന്റ്‌ 44. നീറോയുടെ ജീവിതം . സുവോത്തനിയൂസ്‌ - സീസര്‍മാരുടെ ജീവിതം

12. ഇന്നത്തെ ഫ്രാന്‍സിലെ ലിയോണ്‍സ്‌

13. ചാള്‍സ്‌ ഫ്രീമാന്‍ ഈജിപ്റ്റു ഗ്രീസ്സും റോമും - പുരാതന മെഡിറ്റേറിയന്‍ സംസ്ക്കാരങ്ങള്‍ P 579

14. ഈഡിപ്പല്‍ ബന്ധങ്ങള്‍ - മാതാപിതാക്കള്‍ മക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പ്രവണത

15. മക്കളെ വധിച്ച്‌ അവരുടെ മാംസം കൊണ്ട്‌ വിരുന്നൊരുക്കുന്ന മാതാപിതാക്കളെ സൂചിപ്പിക്കുന്നത്‌. വിയന്നയില്‍ നിന്നും ലിയോണില്‍ നിന്നും ലഭിച്ച സഭാരേഖകളില്‍ നിന്ന്‌ http://www.earlychristianwritings.com/text/viennalyons.html

17. യൂസേബിയുസ്‌ - സഭാ ചരിത്രം പരിഭാഷ: ജി. എ. വില്യംസണ്‍ (1895 - 1960) book 5…


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.