അപ്പസ്‌തോലിക തീരുമാനങ്ങളും നിയമങ്ങളുമടങ്ങിയ ഡിക്രികള്‍ തിരുസഭയില്‍ ആദ്യമായി പുറപ്പെടുവിച്ച മാര്‍പ്പാപ്പയായിരുന്നു തിരുസഭയുടെ മുപ്പത്തിയെട്ടാമത്തെ മാര്‍പ്പാപ്പയായ സിരിസിയൂസ് മാര്‍പ്പാപ്പ. ലിബേരിയസ് മാര്‍പ്പാപ്പയുടെയും ഡമാസൂസ് മാര്‍പ്പാപ്പയുടെയും കാലത്ത് റോമില്‍ ഒരു വൈദികനായി സേവനം ചെയ്തിരുന്ന വ്യക്തിയായിരുന്നു സിരിസിയൂസ് മാര്‍പ്പാപ്പ. ഡമാസൂസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയും തിരുസഭയുടെ ഇടയനുമായുള്ള സിരിസിയൂസ് മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ് എതിര്‍ മാര്‍പ്പാപ്പ സ്ഥാനാര്‍ത്ഥിയായ ഉര്‍സിനിയൂസിന്റെ ഭീക്ഷിണിയുണ്ടായിരുന്നുവെങ്കിലും ഐക്യകണേ്ഠനയുള്ളതായിരുന്നു. വലേന്‍ഷ്യന്‍ രണ്ടാമന്‍ ചക്രവര്‍ത്തി സിരിസിയൂസ് മാര്‍പ്പാപ്പയ്ക്ക് ലഭിച്ച പിന്തുണയില്‍ സന്തുഷ്ടനാവുകയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അംഗീകരിക്കുകയും ചെയ്തു. പക്ഷെ ചക്രവര്‍ത്തിക്ക് ഉര്‍സിനിയൂസ് പക്ഷെക്കാരുടെയിടയില്‍നിന്നും വളരെ ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു.
സിരിസിയൂസ് മാര്‍പ്പാപ്പ ഭരണം ഏറ്റെടുത്തയുടനെ നിയമസാധുതയുള്ളതും തിരുസഭ മുഴുവനും പ്രാബല്യത്തില്‍ വരുന്നതുമായ രാജകീയ വിളംബരങ്ങളുടെ സ്വഭാവമുള്ള അപ്പസ്‌തോലിക ഡിക്രികള്‍ പുറപ്പെടുവിച്ചു. അത്തരം ഡിക്രികള്‍ പുറപ്പെടുവിക്കുന്ന തിരുസഭയിലെതന്നെ ആദ്യത്തെ മാര്‍പ്പാപ്പയായിരുന്നു അദ്ദേഹം. അത്തരം ഡിക്രികളില്‍ ആദ്യത്തേതായിരുന്നു സഭയിലെ അച്ചടക്കം സംബന്ധിച്ചുള്ള പതിനഞ്ചു ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി റ്റാറഗോണയിലെ മെത്രാനായ ഹിമേരൂസിന് നല്‍കിയ ഡിക്രി. പ്രസ്തുത ഡിക്രി വി. പത്രോസ് റോമിന്റെ മെത്രാനായ വ്യക്തിയില്‍ സന്നിഹിതനാണ് എന്ന് ഉദ്‌ഘോഷിച്ചുകൊണ്ടായിരുന്നു. സഭയിലേക്ക് അനുതപിച്ച പാഷണ്ഡികളെ പുനഃപ്രവേശിപ്പിക്കുന്നത് സംബന്ധിച്ചതും മറ്റുമായ നിര്‍ദ്ദേശങ്ങളും തിരുപ്പട്ടത്തിനായി അപേഷിക്കുവാന്‍ അര്‍ത്ഥികള്‍ക്കുവേണ്ട യോഗ്യതകളും അവരുടെ പ്രയപരിധിയും ഡീക്കന്മാരും വൈദികരും ബ്രഹ്മചര്യവ്രതം അനുഷ്ടിക്കേണ്ടതിന്റെ ആവശ്യകതകളും മറ്റും വിവരിക്കുന്നതുമായിരുന്നു പ്രസ്തുത അപ്പസ്‌തോലിക ഡിക്രികള്‍. സിരിസിയൂസ് മാര്‍പ്പാപ്പ തന്റെ ഡിക്രികള്‍ ആഫ്രിക്കയിലെയും സ്‌പെയിനിലെയും ഗൗളിലെയും എല്ലാ പ്രാവശ്യകളിലും പ്രചരിപ്പിക്കണമെന്ന് കല്പ്പിച്ചു. ഏ.ഡി. 386-ല്‍ റോമില്‍ സമ്മേളിച്ച സിനഡാന്തര ഡിക്രവഴിയായി ആഫ്രിക്കയിലെ സഭാസമൂഹങ്ങളെ വി. പത്രോസിന്റെ സീംഹാസനത്തിന്റെ അറിവോടുകൂടിയല്ലാതെ ആരെയും മെത്രാന്മാരായി അഭിഷേകം ചെയ്യരുതെന്നു നിര്‍ദ്ദേശിച്ചു.
തന്റെ മുന്‍ഗാമികളെപ്പോലെതന്നെ പാഷണ്ഡതകളെ നേരിടുന്നതില്‍ സിരിസിയൂസ് മാര്‍പ്പാപ്പയും വളരെ ഉത്സുകനായിരുന്നു. പക്ഷെ അനുതപിച്ച് തിരുസഭയിലേക്ക് തിരികെ വരുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നവരോട് സൗമ്യവും മൃദുവുമായ സമീപനമായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. ക്രിസ്തുവിന്റെ ദൈവികതയെയും മാനുഷികതയെയും നിരാകരിക്കുകയും മാലാഖമാര്‍ ദൈവത്തില്‍ നിന്ന് ഉത്ഭവിക്കുന്നുവെന്നു മാത്രമേയുള്ളുവെന്നും പഠിപ്പിച്ച പ്രിസില്ലിയനിസം എന്ന പാഷ്ണ്ഡത സഭയെ പിടിച്ചുകുലിക്കിയ കാലമായിരുന്ന സിരിസിയൂസ് മാര്‍പ്പാപ്പയുടെ ഭരണകാലം. ആത്മാവ് ശരീരത്തോട് ചേര്‍ന്നിരിക്കുന്നത് പാപത്തിന്റെ ശിക്ഷയായിട്ടാണെന്നും അതിനാല്‍ വിവാഹം അതില്‍ തന്നെ തിന്മയാണെന്നും പ്രസ്തുത പാഷണ്ഡത പഠിപ്പിച്ചു. പ്രിസില്ലിയനിസത്തിന് എതിരായിരുന്നുവെങ്കിലും വി. മാര്‍ട്ടിനോടും വി. അബ്രോംസിനോടും ചേര്‍ന്ന് ഏ.ഡി. 386-ല്‍ പ്രിസില്ലിയനെ മരണശിക്ഷയ്ക്ക് വിധിച്ച നടപടിയെ ശക്തമായി അപലപിച്ചു. മാത്രമല്ല, പ്രസ്തുത വിധി പുറപ്പെടുവിച്ച മെത്രാന്മരെ ശാസിക്കുകയും അവരുമായുള്ള സംസര്‍ഗത്തിന് ഭംഗം വരുത്തുകയും ചെയ്തു. പ്രിസില്ലിയനാണ് സഭാപ്രബോധനങ്ങള്‍ നിന്ന് വ്യതിചലിച്ചതിന്റെ പേരില്‍ തിരുസഭയില്‍ ആദ്യമായി മരണദണ്ഡനം നല്‍കിയത്.
ഏ.ഡി. 390-ല്‍ സമ്മേളിച്ച കൗണ്‍സിലില്‍ സിരിസിയൂസ് മാര്‍പ്പാപ്പ ബ്രഹ്മചര്യവ്രതത്തിന്റെ പ്രാധാന്യത്തെയും യോഗ്യതയെയും നിഷേധിച്ച ജൊവിനിയനെ കുറ്റകാരനാണെന്നു കണ്ടെത്തി സഭാഭ്രഷ്ടനാക്കി. മാത്രമല്ല പുതിയ നിയമത്തില്‍ പരാമര്‍ശിക്കപ്പെട്ട ക്രിസ്തുവിന്റെ സഹോദരന്മാരും സഹോദരിമാരും ക്രിസ്തുവിന്റെ മാതാവായ മറിയത്തിന്റെയും ജോസഫിന്റെയു മക്കളാണ് എന്ന് പഠിപ്പിക്കുകയും പരിശുദ്ധ മറിയത്തിന്റെ നിത്യകന്യകാത്വത്തെ നിഷേധിക്കുകയും ചെയ്ത ബാല്‍ക്കന്‍ മെത്രാനായ ബൊനൊസൂസിനെയും അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കി. മിലാനിലെ മെത്രാനായ വി. അബ്രോംസിന്റെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് ഏ.ഡി. 397-ല്‍ അന്ത്യോക്യയിലെ സഭയില്‍ ഉടലെടുത്ത ഭിന്നിപ്പ് പരിഹരിക്കുവാനയി ഇടപെടുകയും കേസറിയായില്‍ സമ്മേളിച്ച കൗണ്‍സിലിനോട് ഫ്‌ളാവിയനെ എവഗ്രിയൂസിനു പകരം അന്ത്യോക്യയായുടെ മെത്രാനായി അംഗീകരിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അന്ത്യേക്യയായിലെ സഭാ സമൂഹത്തില്‍ ഉടലെടുത്ത ഭിന്നിപ്പ് രമ്യമായി പരിഹരിച്ചു.
സിരിസിയൂസ് മാര്‍പ്പാപ്പ ഏ.ഡി. 399 നവംബര്‍ 26-ാം തീയതി കാലം ചെയ്യുകയും പ്രിസില്ലയുടെ സിമിത്തേരിയില്‍ അടക്കം ചെയ്യുകയും ചെയ്തു. ആദ്യനൂറ്റാണ്ടുകളില്‍ സിരിസിയൂസ് മാര്‍പ്പാപ്പയെ വിശുദ്ധനായി ആദരിച്ചിരുന്നുവെങ്കിലും വി. ജെറോമും മാര്‍പ്പാപ്പയുമായി നിലനിന്നിരുന്ന ശത്രുത കാരണം 1584-ല്‍ രൂപപ്പെടുത്തിയ രക്തസാക്ഷികളുടെയും വിശുദ്ധരുടെയും പട്ടികയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. എന്നിരുന്നാലും സിരിസിയൂസ് മാര്‍പ്പാപ്പയെ 1748-ല്‍ ബെനെടിക്ട് പതിനഞ്ചാം മാര്‍പ്പാപ്പ വിണ്ടും വിശുദ്ധരുടെയും രക്തസാക്ഷികളുടെയും പട്ടികയില്‍ ചേര്‍ത്തു.
St. Siricius succeeded Damasus in December 384 against the wishes of Ursinus, who still claimed to have a right to be pope. Siricius was the first pope to issue decretals, papal letters formulating decisions on Church governance. He also expressed his disapproval of the execution of Priscillian, a Spanish bishop who was accused of practicing magic, and broke communion with the bishops who were responsible for having him put to death. Siricius died on November 26, 399.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26