ചെന്നൈ: വീരമൃത്യുവരിച്ച ഭർത്താവിന് കൊടുത്ത് വാക്കുപാലിച്ച് ജ്യോതി കരസേനയിൽ. തീവ്രവാദിയാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുമ്പോൾ സൈനികൻ ദീപക് നൈൻവാൾ ഭാര്യ ജ്യോതിയോട് ആവശ്യപ്പെട്ടത് രാജ്യത്തിനുവേണ്ടി പോരാടാൻ സൈന്യത്തിൽ ചേരണമെന്നായിരുന്നു.
മൂന്നുവർഷത്തിനപ്പുറം ഭർത്താവിന്റെ ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ നിറവിലാണ് ജ്യോതി (33). കഠിനാധ്വാനത്തിനൊടുവിൽ ജ്യോതി കരസേനയിൽ ലഫ്റ്റനന്റ് ആയി കമ്മിഷൻഡ് ഓഫിസർ പദവിയിൽ എത്തി.
പരിമിതികളോട് പൊരുതിയാണ് നാലാം ശ്രമത്തിൽ പരീക്ഷയും കായികക്ഷമതയും തെളിയിച്ച് ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ (ഒ.ടി.എ.) പ്രവേശനം നേടിയത്.
കശ്മീരിലെ കുൽഗാമിൽ തീവ്രവാദികളുമായി 2018 ഏപ്രിൽ 11-ന് നടന്ന ഏറ്റമുട്ടലിലാണ് ദീപക് നൈൻവാളിന് വെടിയേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ദീപക് 40 ദിവസത്തോളം ചികിത്സയിലായിരുന്നു. മരണത്തെ മുഖാമുഖം കണ്ട ആ ദിവസങ്ങളിലായിരുന്നു താൻ മരിച്ചാൽ സൈന്യത്തിൽ ചേരണമെന്ന് ജ്യോതിയോട് ആവശ്യപ്പെട്ടത്. ദീപക്കിന്റെ മരണശേഷം പകച്ചുനിന്ന ജ്യോതിക്ക് അമ്മ ധൈര്യം പകർന്നു. അങ്ങനെ സർവീസ് സെലക്ഷൻ ബോർഡിന്റെ പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുപ്പുകൾ തുടങ്ങി. വീട്ടമ്മയായ തനിക്കുമുന്നിൽ പ്രതിസന്ധികൾ ഏറെയായിരുന്നുവെന്ന് ജ്യോതി പറയുന്നു.
വീടിനുള്ളിൽ ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്നതിനാൽ ഇംഗ്ലീഷിലുള്ള ആശയവിനിമയം വലിയ കടമ്പയായിരുന്നു. ഭർത്താവിന്റെ സഹപ്രവർത്തകരായ പലരും പഠനത്തിന് സഹായിച്ചു. ആദ്യ മൂന്നുശ്രമങ്ങളും പരാജയപ്പെട്ടുവെങ്കിലും ജ്യോതി പിൻമാറിയില്ല. നാലാം ശ്രമത്തിൽ വിജയം വരിച്ചു.
ജനുവരിയിൽ ചെന്നൈയിലെ ഒ.ടി.എ.യിൽ പരിശീലനത്തിനെത്തി. മക്കളെ വീട്ടുകാരെ ഏൽപ്പിച്ചിട്ടായിരുന്നു ജ്യോതിയെത്തിയത്. 11 മാസം നീണ്ട പരിശീലനത്തിനൊടുവിൽ പാസിങ് ഔട്ട് ചടങ്ങിൽ ജ്യോതി മാത്രമല്ല, മക്കൾ ലാവണ്യയും (11) റെയ്നാഷും (7) സൈനിക വേഷമണിഞ്ഞാണ് എത്തിയത്. ‘അടിവച്ചടിവച്ചു മുന്നേറൂ, ഈ ജീവിതം ജന്മനാടിനു സ്വന്തം’ എന്നർഥമുള്ള ‘കദം കദം ബഢായേ ജാ…’ എന്ന ഗാനം സൈനികർക്കൊപ്പം ലാവണ്യ ഉറക്കെപ്പാടി. അമ്മയുടെ പാത പിന്തുടർന്ന് സൈന്യത്തിൽ ചേരുമെന്നാണ് മക്കൾ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.