തിരുപ്പതി : ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ രായലചെരുവു അണക്കെട്ടില്‍ നാലിടങ്ങളില്‍ വിള്ളൽ. വിള്ളല്‍ അടച്ചെങ്കിലും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 18 വില്ലേജുകളിലെ ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി.
അണക്കെട്ടില്‍ നിന്ന് ജലം ഒഴുക്കിവിടുന്ന മേഖലകളിലെ ആളുകളോടാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി. വീടുകളിലെ അവശ്യ വസ്തുക്കളും രേഖകളും കൈവശം വെച്ച് മാറണമെന്നാണ് റവന്യൂ വകുപ്പിന്റെ നിര്‍ദേശം.
വിള്ളല്‍ അടച്ചെങ്കിലും പഴക്കം ചെന്ന അണക്കെട്ടായതിനാല്‍ തന്നെ സുരക്ഷിതത്വം കണക്കിലെടുത്താണ് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതെന്ന് ചിറ്റൂര്‍ ജില്ലാ കളക്ടര്‍ ഹരിനാരായണന്‍ അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
500 വര്‍ഷം പഴക്കമുള്ളതാണ് റായലചെരുവു റിസര്‍വോയര്‍. തിരുപ്പതിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ രാമചന്ദ്ര മണ്ഡലിലാണ് റിസര്‍വോയര്‍. ഞായറാഴ്ച രാവിലെയാണ് റിസര്‍വോയറില്‍ നിന്നും ജലം ലീക്ക് ചെയ്ത് പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെടുന്നത്.
അതേസമയം ദുരന്തമുണ്ടായാല്‍ നേരിടുന്നതിനായി മൂന്ന് വ്യോമസേനാ ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയെയും സജ്ജമാക്കിയിട്ടുണ്ട്. തിരുമലയില്‍ നിന്ന് ശക്തമായ നീരൊഴുക്കുള്ളതിനാല്‍ സ്വര്‍ണമുഖീനദി കരകവിഞ്ഞതാണ് അണക്കെട്ടുകള്‍ നിറയാന്‍ കാരണമായത്.
റിസര്‍വോയറില്‍ 0.9 ടിഎംസി വെള്ളമാണ് ഇപ്പോഴുള്ളതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. 0.6 ടിഎംസി ജലമാണ് റിസര്‍വോയറിന്റെ അനുവദനീയമായ കപ്പാസിറ്റി. കനത്ത മഴയെത്തുടര്‍ന്നാണ് അണക്കെട്ടില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നത്. തിരുപ്പതിക്ക് സമീപം സ്വകാര്യ എഞ്ചീനിയറിങ് കോളജ്, സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലാണ് ഒഴിപ്പിച്ച ഗ്രാമവാസികള്‍ക്കായി അധികൃതര്‍ താല്‍ക്കാലിക ക്യാമ്പുകൾ സജ്ജമാക്കിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.