മുല്ലപ്പെരിയാറിലെ ജലനിരപ്പ്: ഇടക്കാല ഉത്തരവ് തുടരും; നവംബര്‍ 30ന് ജലനിരപ്പ് 142 അടിയായി ഉയര്‍ത്തും

 മുല്ലപ്പെരിയാറിലെ ജലനിരപ്പ്: ഇടക്കാല ഉത്തരവ് തുടരും; നവംബര്‍ 30ന് ജലനിരപ്പ് 142 അടിയായി ഉയര്‍ത്തും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം നിലനിര്‍ത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി. ഇതോടെ നവംബര്‍ 30ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് സാധിക്കും. കേസില്‍ അടിയന്തര ഉത്തരവിന്റെ ആവശ്യമില്ലെന്ന് കേരളവും സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 28ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം നിലനിറുത്തണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ മേല്‍നോട്ട സമിതി സ്ഥിതിഗതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്.

കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം നവംബര്‍ 30ലെ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാണ്. ഇന്ന് മുല്ലപെരിയാര്‍ ഹര്‍ജികള്‍ പരിഗണയ്ക്കുന്നതിനിടയില്‍ ഏതെങ്കിലും വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യമുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയോട് കോടതി ആരാഞ്ഞിരുന്നു. ഹര്‍ജികള്‍ അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട ഗുപ്ത മറ്റ് അടിയന്തര ഉത്തരവുകളൊന്നും ആവശ്യമില്ലെന്ന നിലപാട്‌ കോടതിയെ അറിയിക്കുയായിരുന്നു.

നിലവില്‍ വിശദമായി പരിഗണിക്കുന്ന മറ്റ് രണ്ട് കേസുകളുടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ ശേഷം മുല്ലപെരിയാര്‍ ഹര്‍ജികള്‍ കേള്‍ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡിസംബര്‍ 10-നാണ് ഹര്‍ജികള്‍ ഇനി പരിഗണിക്കുന്നത്. മറ്റ് രണ്ട് കേസുകളുടെ വാദം കേള്‍ക്കല്‍ അതിന് മുമ്പ് പൂര്‍ത്തിയായാല്‍ അപ്പോള്‍ മുല്ലപെരിയാര്‍ കേസ് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

ചോര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ തമിഴ്നാട് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടല്ല ഇരു സംസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടതെന്ന് പെരിയാര്‍ പ്രൊട്ടക്ഷന്‍ മൂവ്‌മെന്റിന്ു വേണ്ടി ഹാജരായ അഭിഭാഷകന്‍ വി.കെ ബിജു കോടതിയില്‍ ആവശ്യപ്പെടുക ഉണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.