സിറോ മലബാര്‍ ഇടവക പ്രഖ്യാപനത്തിന് ഒരുങ്ങി ലീഡ്‌സ്; ദേവാലയ ഉദ്ഘാടനവും ഇടവക പ്രഖ്യാപനവും 28-ന്

സിറോ മലബാര്‍ ഇടവക പ്രഖ്യാപനത്തിന് ഒരുങ്ങി ലീഡ്‌സ്; ദേവാലയ ഉദ്ഘാടനവും ഇടവക പ്രഖ്യാപനവും 28-ന്

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികന്‍

ലീഡ്‌സ്: ഇംഗ്ലണ്ടിലെ ലീഡ്‌സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റ് മേരിസ് സിറോ മലബാര്‍ മിഷനിലെ അംഗങ്ങളുടെ സ്വന്തമായൊരു ദേവാലയമെന്ന ദീര്‍ഘകാല സ്വപ്നത്തിന് 28-ന് സാക്ഷാത്കാരമാകും. ഞായറാഴ്ച 10-ന് നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദേവാലയ ഉദ്ഘാടനം നിര്‍വഹിക്കുകയും ഇടവകയായി ഉയര്‍ത്തുന്ന പ്രഖ്യാപനം നടത്തുകയും ചെയ്യും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ മോണ്‍. ജിനോ അരിക്കാട്ടും വിവിധ മിഷനുകളുടെ ഡയറക്ടര്‍മാരായുള്ള വൈദികര്‍, സന്യസ്തര്‍, മറ്റ് അല്മായ നേതാക്കള്‍ തുടങ്ങിയവരും തിരുകര്‍മ്മങ്ങളിലും ദേവാലയ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിലും സംബന്ധിക്കും. ഇടവകയായി ഉയര്‍ത്തുന്ന ദേവാലയം സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് എന്നാവും നാമകരണം ചെയ്യുക.


28-ന് ഉദ്ഘാടനം ചെയ്യുന്ന സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്

കഴിഞ്ഞ ആറ് വര്‍ഷമായി ലീഡ്‌സ് കേന്ദ്രമായുള്ള സിറോ മലബാര്‍ സമൂഹം ഉപയോഗിച്ചിരുന്ന ദേവാലയം തന്നെയാണ് ലീഡ്‌സ് രൂപതയില്‍നിന്ന് വാങ്ങി സ്വന്തമാക്കിയിരിക്കുന്നത്. ലീഡ്‌സ് രൂപത വെസ്റ്റ് യോര്‍ക്‌ഷെയറിലെയും നോര്‍ത്ത് യോര്‍ക്‌ഷെയറിലെയും ചില ഭാഗങ്ങളിലുള്ള സിറോ മലബാര്‍ കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി നല്‍കിയ ദേവാലയത്തില്‍ കഴിഞ്ഞ ആറു വര്‍ഷമായി എല്ലാ ദിവസവും സിറോ മലബാര്‍ ആരാധന ക്രമത്തിലുള്ള കുര്‍ബാനയും മറ്റു തിരുകര്‍മ്മങ്ങളും നടന്നുവരുന്നു. 2018 ഡിസംബര്‍ 9-ന് സിറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സെന്റ് മേരീസ് മിഷന്‍ പ്രഖ്യാപിച്ചതിനുശേഷമാണ് സ്വന്തമായൊരു ദേവാലയം സ്വന്തമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ഞായറാഴ്ച 10-ന് ആചാരപരമായ പ്രദക്ഷണത്തോടെ ചടങ്ങുകളും തിരുകര്‍മ്മങ്ങളും ആരംഭിക്കും. ദേവാലയ ഉദ്ഘാടനത്തിനും ഇടവക പ്രഖ്യാപനത്തിനുശേഷം എല്ലാവര്‍ക്കുമായി സ്‌നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. യോര്‍ക്ക്ഷെയറിലെ സിറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ചിരകാല അഭിലാഷമായ ദേവാലയത്തിന്റെ ഉദ്ഘാടനത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു മുളയോലില്‍ അഭ്യര്‍ത്ഥിച്ചു. ഇടവക പ്രഖ്യാപനത്തിനായി പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ദേവാലയ ഉദ്ഘാടനവും തിരുകര്‍മ്മങ്ങളും ലൈവ് ആയി സംപ്രേഷണം ചെയ്യുന്നതാണ്. ലൈവ് സംപ്രേഷണം കാണാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://youtu.be/AqCBSGtf9xg

facebook.com/vsquaretvuk

https://www.vsquaretv.com/


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.