മുംബൈ ഇന്ത്യന്‍സിനെ പോലെ കരുത്തരായ ടീമിനെ തോല്‍പിക്കാന്‍ സാധിച്ച ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്തയ്ക്ക് എതിരെയുളള മത്സരത്തില്‍ ചില താരങ്ങളുടെ വ്യക്തിപരമായ നല്ല പ്രകടനം കാണാന്‍ സാധിച്ചുവെന്നുളളതല്ലാതെ ഒരു ടീമെന്ന നിലയില്‍ അവർക്ക് ഒരിക്കലും ഒത്തിണക്കത്തോടെ കളിക്കാന്‍ സാധിച്ചില്ലെന്നുളളതാണ് യാഥാർത്ഥ്യം. ടീമിന്‍റെ ആത്മവിശ്വാസം ഒരിടത്തും പ്രകടമായില്ല. അതേസമയം കൊല്‍ക്കത്തയിലേക്ക് വരുമ്പോള്‍, ഇത് ജയിക്കേണ്ടമത്സരമാണ്, ധൈര്യത്തോടെ കളിക്കണമെന്നുളള രീതിയില്‍ ടീമിനെ ഒരുക്കാന്‍ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന് സാധിച്ചുവെന്ന് പറയാം. ക്യാപ്റ്റന്‍സിയില്‍ വന്ന മാറ്റമുള്‍പ്പടെ പലതും അവർക്ക് ഗുണപരമായി വന്നുവെന്ന് വിലയിരുത്താം. ഈ ടൂർണമെന്‍റിന്‍റെ പാതിയില്‍ വച്ചാണ് ഇയോന്‍ മോർഗന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരുന്നത്. തുടക്കത്തില്‍ തിരിച്ചടി നേരിട്ടിട്ടും ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ ബാറ്റ് വീശാന്‍ ശുഭ്മാന്‍ ഗില്ലിനും രാഹുല്‍ ത്രിപാഠിക്കും കഴിഞ്ഞു. ഒരു ചുവടുപോലും പിന്നോട്ടുപോകാനില്ലെന്ന ടീമിന്‍റെ മൊത്തത്തിലുളള ആത്മവിശ്വാസം തന്നെയാണ് അവർക്ക് വിജയം നേടികൊടുത്തത്. ഇതിനിടെ അല്‍പം പുറകോട്ട് പോയ സമയത്ത് ആന്ദ്രറസ്സലെത്തുകയും തനിക്ക് ചെയ്യാനുളളത് ധൈര്യത്തോടെ അദ്ദേഹം ചെയ്യുകയും ചെയ്തപ്പോള്‍ ആ ഒരു ഊർജ്ജം ഇയോന്‍ മോർഗനും ലഭിച്ചു. 180 ന് മുകളിലേക്ക് സ്കോർ പോയപ്പോള്‍ തന്നെ തീർച്ചയായും അവർക്ക് വിജയ സാധ്യതയുണ്ടായിരുന്നു.
തുടക്കത്തില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച രാജസ്ഥാന്‍ റോയല്‍സ് പക്ഷെ പിന്നീട് ഒരു വെപ്രാളത്തില്‍ ബാറ്റുവീശുന്നത് പോലെ തോന്നിച്ചു. ബാറ്റിംഗ് തുടങ്ങിയത് മുതല്‍ നിയന്ത്രണം ലഭിക്കാത്തതുപോലെയായിരുന്നു പ്രകടനം. ആദ്യ ഓവറില്‍ 18 റണ്‍സ് നേടി. അവസാനപന്തില്‍ റോബില്‍ ഉത്തപ്പ ഔട്ടായതില്‍ തുടങ്ങി അധികം വൈകാതെ ഈ ടൂർണമെന്‍റിലെ ഏറ്റവും വിലകൂടിയ താരം പാറ്റ് കമ്മിന്‍സ് അവരുടെ മധ്യനിരയെ തകർത്തുകളഞ്ഞ പ്രകടനമാണ് നടത്തിയത്. സഞ്ജു സാംസണ്‍ കൂടി പുറത്തായതോടെ ആരുടെ മാജിക്കും ടീമിനെ ജയിപ്പിക്കില്ലെന്ന ബോധ്യത്തില്‍ അനിവാര്യമായ തോല്‍വി വൈകിപ്പിക്കുകയെന്നുളളത് മാത്രമായി രാജസ്ഥാന്‍റെ മുന്നിലുളളത്. രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളില്‍ ആദ്യത്തേത് ടീമെന്ന നിലയില്‍ രാജസ്ഥാന് ഒന്നിച്ച് ഒരുപോലെയുളള പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലയെന്നുളളതാണ്. ബൗളിംഗ് ജോഫ്രാ ആർച്ചറെന്ന ഒറ്റത്താരത്തില്‍ മാത്രം വിശ്വസിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ മുകളില്‍ വലിയ ചുമതലകള്‍ ഏല്‍പിച്ചു കൊണ്ടാണ് രാജസ്ഥാന്‍ മുന്നോട്ട് പോയത്. നാല് ഓവറില്‍ 19 റണ്‍സ് മാത്രമാണ് അദ്ദേഹം കൊല്‍ക്കത്തയ്ക്കെതിരെ വഴങ്ങിയതെന്ന് കാണുമ്പോള്‍ തന്നെ സഹ-ബൗളേഴ്സിന്‍റെ പ്രകടനം എത്രത്തോളം പരിതാപകരമാണെന്ന് മനസിലാക്കാം.
തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ താരങ്ങളുടെ വ്യക്തിപരമായ പ്രകടനങ്ങള്‍ മാത്രമാണ് രാജസ്ഥാനില്‍ മികച്ച് നില്‍ക്കുന്നത്. സഞ്ജു സാംസണായാലും ബെന്‍ സ്റ്റോക്സായാലും രാഹുല്‍ ത്രിപാഠിയായാലും ചില പ്രകടനങ്ങള്‍ മികച്ചുനിന്നു. അതൊഴിച്ച് നിർത്തിയാല്‍ ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ എന്നുളള രീതിയില്‍ ചുമതലയേറ്റെടുക്കാന്‍ ടീമിലാരുമുണ്ടായില്ല. ഇനി, കൊല്‍ക്കത്തയിലേക്ക് വരുമ്പോള്‍ അവരുടെ ബൗളിംഗ് നിര വളരെ ശക്തമാണ് എന്നുളളതല്ല. പക്ഷെ നിർണായക സമയങ്ങളില്‍ ടീമിന് ആവശ്യമായ പ്രകടനം പാറ്റ് കമ്മിന്‍സില്‍ നിന്നുണ്ടാകുന്നു. അതുകൊണ്ടുതന്നെ ആദ്യനാലില്‍ ഇടം നേടാനുളള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു.അടുത്തമത്സരം സണ്‍റൈസേഴ്സ് ഹൈദരാബാദ് തോറ്റാല്‍ കൊല്‍ക്കത്ത് പിന്നീടൊന്നും ആലോചിക്കേണ്ടിവരില്ല. ക്വാളിഫെയറിലും എലിമിനേറ്ററിലും നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ തക്ക ഊർജ്ജം ടീമിനുണ്ടെന്ന് പറയാതെ വയ്യ.
KKR 191/7 (20)RR 131/9 (20)
സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.