സഞ്ജിത്തിനെ വധിക്കാന്‍ രണ്ട് മാസത്തിലേറെ നീണ്ട ആസൂത്രണം; കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്

സഞ്ജിത്തിനെ വധിക്കാന്‍ രണ്ട് മാസത്തിലേറെ നീണ്ട ആസൂത്രണം; കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്

പാലക്കാട്: കിണാശേരി മമ്പറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പെടെ നടത്തേണ്ടതിനാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് സഞ്ജിത്തിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. സ്വദേശമായ എലപ്പുള്ളി എടുപ്പുകുളം മേഖലയില്‍ സഞ്ജിത്ത് അതീവ സുരക്ഷിതനെന്ന് മനസിലാക്കി കൊലയ്ക്കായി ഭാര്യയുടെ വീടിന് സമീപം തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടുമാസത്തിലേറെ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൃത്യം നടപ്പാക്കിയത്. രണ്ടാഴ്ചയിലധികം സഞ്ജിത്തിനെ നിരന്തരം നിരീക്ഷിച്ചിരുന്നുവെന്നും പ്രതി മൊഴി നല്‍കി.

മമ്പറത്ത് കാര്‍ നിറുത്തിയ സ്ഥലവും ബൈക്കില്‍ വന്ന സഞ്ജിത്തിനെ ആദ്യം വെട്ടിയ സ്ഥലവും പ്രതി കാണിച്ചുകൊടുത്തു. സഞ്ജിത്ത് കുതറിമാറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കാറില്‍ നിന്നും ഇറങ്ങി പിന്‍തുടര്‍ന്ന് വെട്ടുകയായിരുന്നു. സംഭവസമയം റോഡിന് ഇരുവശത്തും വാഹനങ്ങളും ആളുകളും ഉണ്ടായിരുന്നെങ്കിലും ഭീകരതകണ്ട് ആരും അടുത്തുവന്നില്ലെന്നും പ്രതി വിശദീകരിച്ചു.

പ്രതികളായ നാലുപേര്‍ കാറില്‍ കയറിയ തത്തമംഗലത്തെത്തിച്ചും തെളിവെടുത്തു. നാല് വടിവാളുകള്‍ കണ്ടെടുത്ത കണ്ണനൂരിലുമെത്തിച്ചു. കൊലപാതകം കഴിഞ്ഞ് ദേശീയപാത വഴി രക്ഷപ്പെടുന്നതിനിടെ ഇവിടെ ആയുധങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി. മുഖംമൂടി ധരിപ്പിച്ചാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. അക്രമികള്‍ വന്ന കാര്‍ ഓടിച്ചിരുന്ന ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായും പൊലീസ് പറയുന്നു. രണ്ടുപേര്‍കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും. സംഘത്തിലെ മറ്റു രണ്ടുപേരെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.