ദുബായ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ഗൾഫ് ബിസിനസ് നേതൃരംഗത്ത് ശ്രദ്ധേയ പ്രവർത്തനം കാഴ്ചവച്ചവർക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് ആരോഗ്യരംഗത്ത് നിന്ന് ഡോ. ഷംഷീർ വയലിൽ അർഹനായി. ബിസിനസ്, നിക്ഷേപ രംഗത്തെ വിദഗ്ധരടങ്ങുന്ന അഞ്ചംഗ ജൂറിയാണ് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീറിനെ ആരോഗ്യ രംഗത്തെ ബിസിനസ് ലീഡറായി തിരഞ്ഞെടുത്തത്.
മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് മാതൃകയാകുന്ന നിരവധി പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീർ വയലിൽ നേതൃത്വം നൽകിയിരുന്നു. കോവിഡ് പരിശോധന, ചികിത്സ, വാക്സിനേഷൻ എന്നിവയ്ക്കായി യുഎഇ, ഒമാൻ സർക്കാറുകൾക്കൊപ്പം പ്രവർത്തിച്ചു. യുഎഇയിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമായി വന്നപ്പോൾ ഇന്ത്യയിൽ നിന്ന് മെഡിക്കൽ സംഘത്തെ എത്തിച്ചു. മികച്ച കോവിഡ് ചികിത്സയും പരിചരണവും ഉറപ്പാക്കാൻ സർക്കാർ ഏജൻസികളുമായി കൈകോർത്ത് അബുദാബിയിലെ മഫ്രക് ആശുപത്രിയുടെ പ്രവർത്തന ചുമതലയും വിപിഎസ് സംഘം ഏറ്റെടുത്തിരുന്നു. ഇത്തരം നിർണ്ണായക ഇടപെടലുകൾക്കാണ് ഡോ. ഷംഷീറിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
സൗദി ജർമ്മൻ ഹെൽത്ത്, ഫക്കീ കെയർ ഗ്രൂപ്പ്, തുംബൈ ഗ്രൂപ്പ്, ലൈറ്റ് ഹൗസ് അറേബ്യ എന്നീ ഗ്രൂപ്പുകളുടെ മേധാവികളായിരുന്നു പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പെട്ടികയിലുണ്ടായിരുന്നത്. ദുബായിൽ നടന്ന ചടങ്ങിൽ ആസ്‌ട്രേലിയൻ കോണ്സുൽ ജനറൽ ഇയാൻ ഹാളിഡേ പുരസ്കാരം സമ്മാനിച്ചു. ഡോ. ഷംഷീറിന് വേണ്ടി വിപിഎസ് ഹെൽത്ത്കെയർ ഗവർണ്മെന്റ് റിലേഷൻസ് & സ്‌പെഷ്യൽ പ്രോജക്റ്റ്സ് ഡയറക്ടർ അഹമ്മദ് ബിൻ സുലൈമാൻ പുരസ്‌കാരം ഏറ്റുവാങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.