ആലുവ സി.ഐയ്‌ക്കെതിരെ പരാതികള്‍ നിരവധി: എന്നിട്ടും സസ്പെന്‍ഷന്‍ ഇല്ല; വീണ്ടും സ്ഥലം മാറ്റം

ആലുവ സി.ഐയ്‌ക്കെതിരെ പരാതികള്‍ നിരവധി: എന്നിട്ടും സസ്പെന്‍ഷന്‍ ഇല്ല; വീണ്ടും സ്ഥലം മാറ്റം

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥിനി ജീവനൊടുക്കാനിടയായ സംഭവത്തില്‍ ആരോപണ വിധേയനായ സി ഐ സുധീറിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്.
വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.

എന്നാല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മരിച്ച മോഫിയ പര്‍വീണിന്റെ ബന്ധുക്കളും സമരക്കാരും ആവശ്യപ്പെട്ടു.
മോഫിയ പര്‍വീണിന്റെ ആത്മഹത്യാകുറിപ്പില്‍ തന്നോട് മോശമായി പെരുമാറിയ സി ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വളരെ മോശമായാണ് സിഐ പെരുമാറിയതെന്നും പൊലീസ് സ്റ്റേഷനില്‍ നേരിട്ട അവഹേളനവും ആത്മഹത്യക്ക് കാരണമായെന്ന് മോഫിയയുടെ പിതാവ് പറഞ്ഞിരുന്നു.

മോഫിയയുടെ ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടും സി ഐ സുധീറിനെതിരെ നടപടി വരാത്തതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസും മുസ്ലീം ലീഗും അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ ആലുവ സി ഐ ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സി ഐയെ സസ്പെന്‍ഡ് ചെയ്യാതെ സമരം പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

നേരത്തെയും ജോലിയില്‍ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുധീര്‍. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. കേരളത്തെ പിടിച്ചുലച്ച ഉത്ര വധക്കേസിലാണ് അന്നത്തെ അഞ്ചല്‍ എസ്‌എച്ച്‌ഒ ആയിരുന്ന സുധീറിനെതിരെ ആദ്യം പരാതി ഉയര്‍ന്നത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിനെ രക്ഷിക്കാന്‍ സുധീര്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് അന്നത്തെ റൂറല്‍ എസ് പി ഹരിശങ്കര്‍ കണ്ടെത്തി. എന്നാൽ അന്ന് നടപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

അതേസമയം സി ഐയുടെ മുൻപിൽ പരാതിയുമായി വന്ന ആലുവ സ്വദേശിയായ സ്ത്രീയോട് ഇദ്ദേഹം മോശമായ വാക്കുകൾ ഉപയോഗിച്ച് ആക്ഷേപിച്ചിരുന്നു. സംഭവത്തിൽ സ്ത്രീയും സിഐക്കെതിരെ പരാതിയുമായി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.